കൊച്ചി: മത നിന്ദ നടത്തിയെന്ന പരാതിയില്‍ ഹൈദരാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ പ്രിയ വാര്യര്‍ക്ക് കേരള പൊലീസിന്റെ സല്യൂട്ട് !

തൃശൂരില്‍ നടക്കുന്ന സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിന്റെ സംസ്ഥാന ക്വിസ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ പരിപാടിയുടെ പ്രചരണത്തിനായാണ് ‘അഡാര്‍ നായികയെ’ കേരള പൊലീസ് രംഗത്തിറക്കിയിരിക്കുന്നത്.

ഒരു കിടിലന്‍ ആശംസയും സ്വാഗതവും സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകള്‍ക്ക് നേരുന്ന പ്രിയയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.

ഒരു അഡാര്‍ ലവ് ചിത്രത്തിലെ വൈറലായ ഗാനരംഗം മതവികാരം വ്രണപ്പെടുത്തുന്നു എന്നു കാണിച്ച് ഒരു കൂട്ടം യുവാക്കള്‍ പ്രിയയ്ക്കും ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ നല്‍കിയ പരാതിയില്‍ ഹൈദരാബാദ് പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. പ്രവാചകന്‍ മുഹമ്മദ് നബിയേയും അദ്ദേഹത്തിന്റെ ഭാര്യയേയും അപമാനിക്കുന്നതാണ് ഗാനരംഗമെന്നാണ് പരാതിയില്‍ പറയുന്നത്.

ഇതിനു പിന്നാലെ ഗാനരംഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് റാസ അക്കാദമിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് പരാതി നല്‍കിയിരുന്നു.രാജ്യത്തെ കൂടുതല്‍ വിവാദങ്ങളില്‍പെടുത്താതിരിക്കാന്‍ ഗാനരംഗം വെട്ടിക്കളയാന്‍ സെന്‍സര്‍ ബോര്‍ഡിനും സംവിധായകനും അടിയന്തരമായി നിര്‍ദേശം നല്‍കണമെന്ന് റെഹ്മാനി ഗ്രൂപ്പ് പ്രസിഡന്റ് അസിഫ് സര്‍ദാറാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലും ഒരു സംഘടന പ്രിയക്കെതിരെ മറ്റൊരു കേസും കൊടുത്തിട്ടുണ്ട്. ഈ കേസുകള്‍ക്കെതിരെ പ്രിയ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വാദത്തിനായി മാറ്റിവെച്ചിരിക്കുകയാണ്.

അതേസമയം, കേരളത്തിന് പുറത്ത് പ്രിയയ്ക്കും സംവിധായകനുമെതിരെ കേസുകള്‍ നടക്കുമ്പോഴും കേരളത്തില്‍ ഇതു സംബന്ധമായി ഒറ്റ കേസുപോലും രജിസറ്റര്‍ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അഡാര്‍ ലവിലെ ഗാനരംഗത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി തന്നെ രംഗത്തെത്തുകയുണ്ടായി. ഗാനത്തിനെതിരെയുള്ള ആക്രമണം സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

അസഹിഷ്ണുത ഏതു ഭാഗത്തു നിന്നായാലും അംഗീകരിക്കാന്‍ പറ്റില്ലെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും, മുസ്‌ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

മുഖ്യമന്ത്രിയുടെ ഈ നിലപാടിന് പിന്നാലെയാണ് സംസ്ഥാന പൊലീസും പ്രിയയുടെ സിനിമയിലെ വിവാദ രംഗങ്ങള്‍ ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ അടക്കം കൂട്ടിച്ചേര്‍ത്ത് സ്റ്റുഡന്റ് പൊലീസിനായി പുതിയ പ്രചരണ തന്ത്രം പയറ്റുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here