sidnyസിഡ്നി : രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നും അഭയാര്‍ഥികള്‍ക്കുമുന്നില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചിടണമെന്നും ഓസ്‌ട്രേലിയന്‍ മുന്‍പ്രധാനമന്ത്രി ടോണി ആബട്ട്. ഓരോ രാജ്യത്തിനും അഭയാര്‍ഥിപ്രവാഹം ആപത്കരമായ ഭീഷണിയാകുമെന്നും ലോകനേതാക്കളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. രണ്ടാമത് മാര്‍ഗരറ്റ് താച്ചര്‍ അനുസ്മരണത്തോടനുബന്ധിച്ച് ലണ്ടനില്‍ നടത്തിയ വിരുന്നിനിടെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മറ്റു രാജ്യങ്ങളില്‍നിന്നും പ്രധാനമായും മധ്യേഷ്യയില്‍നിന്നും അഭയാര്‍ഥികള്‍ കൂട്ടമായി എത്തുകയാണ്. ഐഎസിനെതിരേയുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ മധ്യേഷ്യയില്‍നിന്ന് പതിനായിരങ്ങളാണ് മറ്റു രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്, അഭയാര്‍ഥികളായി എത്തുന്നത്. ബോട്ടുകളില്‍ എത്തുന്നവരെ പിന്തിരിപ്പിച്ചും യാതൊരു അവകാശവുമില്ലാതെയെത്തുന്നവര്‍ക്കു മുന്നില്‍ അതിര്‍ത്തികള്‍ അടച്ചിട്ടും അഭയാര്‍ഥികളെ പിന്തിരിപ്പിക്കണമെന്ന് ആബട്ട് പ്രദേശിക നേതാക്കളോട് ആവശ്യപ്പെട്ടു. ഇതിനായി ബലപ്രയോഗം ആവശ്യമായി വരുമെന്നും വലിയ പ്രവാഹമായി വരുന്ന അഭയാര്‍ഥികളെ നിയന്ത്രിക്കാന്‍ ഇതേയുള്ളൂ മാര്‍ഗമെന്നും ആബട്ട് പറഞ്ഞു. പ്രധാനമന്ത്രിപദം നഷ്ടമായതിനുശേഷം ആബട്ട് നടത്തുന്ന സുപ്രധാന പ്രഭാഷണമാണിത്.

എന്നാല്‍ പ്രഭാഷണത്തിനിടെ ആബട്ട് നടത്തിയ ചില പരാമര്‍ശങ്ങള്‍ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. പ്രഭാഷണത്തില്‍ ബൈബിളില്‍നിന്നുള്ള ഭാഗം ഉദ്ധരിച്ച് അതിന്റെ വ്യാഖ്യാനം വളച്ചൊടിച്ചതില്‍ കത്തോലിക്കാ സഭയും ആബട്ടിനെ വിമര്‍ശിച്ചു. നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന ബൈബിള്‍ നിയമം യൂറോപ്പിനെ അപകടകരമായ തെറ്റിലേക്ക് നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ദൈവഭക്തിയുള്ള ഒരു കത്തോലിക്കന്‍, വൈദികനാകാനുള്ള പരിശീലനം ലഭിച്ചയാള്‍ എന്നീ വിശേഷണങ്ങള്‍ കൈമുതലായുള്ളയാളില്‍നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് കത്തോലിക്കാ സഭാ നേതൃത്വം പറഞ്ഞു. ആബട്ടിന്റെ പരാമര്‍ശത്തിനെതിരേ സഭാ നേതൃത്വവും രാഷ്ട്രീയ നേതാക്കളും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. കൊച്ചുകുട്ടികള്‍ കടലില്‍ മുങ്ങിത്താഴുന്നതിലും വേലിക്കെട്ടിനുള്ളില്‍ ഭയചകിതരായ വിശ്വാസികള്‍ വിഷമിക്കുന്നതിലും ധാര്‍മികത കണ്ടെത്താനാവില്ലെന്ന് സിഡ്‌നി ആര്‍ച്ച് ബിഷപ് അന്തോണി ഫിഷര്‍ അഭിപ്രായപ്പെട്ടിരുന്നു. വളരെ സുപ്രധാനമായൊരു പ്രതിസന്ധിയെ ബൈബിള്‍ ഉദ്ധരിച്ച് കഠിനഹൃദയത്തോടെ സമീപിച്ചതില്‍ തനിക്ക് അത്ഭുതമാണ് തോന്നിയതെന്ന് റിട്ട. ബിഷപ്പ് പാറ്റ് പവര്‍ അഭിപ്രായപ്പെട്ടു. ടോണി ആബട്ടിന്റെ പ്രഭാഷണത്തിലെ വിവാദ പരാമര്‍ശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പ്രധാനമന്ത്രി ടേണ്‍ബുള്‍ തയാറായില്ല. പൊതുജീവിതത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആബട്ട് രണ്ടുവര്‍ഷം പ്രധാനമന്ത്രിപദത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചതിന് നമ്മള്‍ കടപ്പെട്ടിരിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഏഴുലക്ഷം അഭയാര്‍ഥികളാണ് കടല്‍മാര്‍ഗം യൂറോപ്പിലെത്തിയത്. ഇവരില്‍ നല്ലൊരു ശതമാനവും യുദ്ധബാധിത പ്രദേശങ്ങളില്‍നിന്നുള്ളവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here