റണ്‍വേ റീകാര്‍പറ്റിങ് പൂര്‍ത്തിയാക്കി ഇന്നു മുതല്‍ പൂര്‍ണമായും വിമാനങ്ങള്‍ക്കായി തുറക്കുന്നതോടെ കരിപ്പൂരില്‍ പുതിയ വിമാന സര്‍വിസുകളുമായി വിമാന കമ്പനികള്‍. ആഭ്യന്തര-അന്താരാഷ്ട്ര മേഖലയിലേക്കാണ് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. ഇന്നു മുതല്‍ ചെന്നൈയിലേക്ക് ഇന്‍ഡിഗോ എയര്‍ സര്‍വിസ് നടത്തും. ഉച്ചയ്ക്ക് 12.45ന് ചെന്നൈയില്‍ നന്ന് പുറപ്പെട്ട് 1.45ന് കരിപ്പൂരിലെത്തും. തുടര്‍ന്ന് 2.15ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് 3.15ന് ചെന്നൈയിലെത്തും വിധമാണ് വിമാന സര്‍വിസ്.
ഇന്‍ഡിഗോക്ക് പിറകെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വെയ്സ്, സ്പെയ്സ് ജെറ്റ്, എയര്‍ കാര്‍ണിവല്‍ തുടങ്ങിയ വിമാനങ്ങളാണ് നിലവില്‍ അനുമതിതേടി കരിപ്പൂരില്‍ നിന്ന് സര്‍വിസ് ആരംഭിക്കാനിരിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നു മുതല്‍ 24 മണിക്കൂറായതിനാല്‍ സര്‍വിസുകള്‍ പകലിലേക്ക് ക്രമീകരിക്കുകയും ചെയ്യാം. റണ്‍വേയിലും വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന ഏപ്രണിലും പ്രശ്നങ്ങളുണ്ടാവില്ല.
വേനല്‍ ഷെഡ്യൂളില്‍ പുതിയ സര്‍വിസുകള്‍ ഉള്‍പ്പെടുത്തിയാണ് വിമാന കമ്പനികള്‍ ചാര്‍ട്ട് തയാറാക്കിയിരിക്കുന്നത്. വേനല്‍ ഷെഡ്യൂള്‍ ഏപ്രിലില്‍ നിലവില്‍ വരും.