ന്യൂജേഴ്സി: ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്ന് ആതുര സേവന മേഖലയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന നേഴ്സുമാർക്കായി നൈറ്റിങ്ങേൽ അവാർഡ് പ്രഖ്യാപിച്ചു.
ഫൊക്കാന പ്രെസിഡെന്റ് ശ്രീ മാധവൻ നായർ സെക്രട്ടറി ടോമി കൊക്കാട് എന്നിവർ സംയുക്തമായി നൽകിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ പ്രതികൂല ജീവിത സാഹചര്യങ്ങളിൽ നിരവധി നേഴ്സുമാരാണ് ജോലിചെയ്യുന്നത്. ഇവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവർക്കു കൈത്താങ്ങായി നിൽക്കാനും തങ്ങളാൽ കഴിയുന്നത് ചെയ്യുക എന്ന ധർമ്മ ബോധമാണ് ഈ തീരുമാനത്തിന് കാരണമെന്നു പ്രസിഡന്റ് മാധവൻ നായർ പറഞ്ഞു.
കേരളത്തിൽ 2019 ൽ നടക്കുന്ന കേരള കൺവെൻഷനിൽ ആയിരിക്കും അവാർഡ് ദാനം നടത്തുക . അർഹരായ നേഴ്സുമാരെ തിരഞ്ഞെടുക്കുന്നതിനായി ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തിയതായും അവർ അറിയിച്ചു.
മറിയാമ്മ പിള്ള ഈകമ്മറ്റിയുടെ ചെയർ പേഴ്സൺ ആയിരിക്കും. വിമെൻ ചെയർ പേഴ്സൺ ആയ ലിസി അലക്സ് കോഓർഡിനേറ്റർ ആയിരിക്കും. മേരി ഫിലിപ്, എൽസി വിതയത്തിൽ എന്നിവർ കമ്മറ്റി അംഗങ്ങളായിരിക്കും. കേരളാ കൺവെൻഷൻ ഫിനാലെ സമ്മേളനത്തിൽ ആയിരിക്കും അവാർഡ് വിതരണം ചെയ്യുക.