കൊച്ചി:കുട്ടികള്‍ക്കായി ഒരു കൊച്ചുമിടുക്കന്‍ തയാറാക്കിയ രസകരമായ വിഭവങ്ങളുടെ പാചകരഹസ്യങ്ങള്‍ യുട്യൂബിലെത്തിച്ച ആറുവയസ്സുകാരന്‍ നിഹാല്‍രാജ് ഇപ്പോഴൊരു താരമാണ്. നിഹാലിന്‍റെ കിച്ചാട്യൂബ് എന്ന യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത ഒരു വിഡിയോ സോഷ്യല്‍ മീഡിയ കമ്പനിയായ ഫെയ്സ്ബുക്കാണു സ്വന്തമാക്കിയിരിക്കുന്നത്. വെറുതെയൊന്നുമല്ല, 2000 ഡോളര്‍ നല്‍കിയാണു നിഹാലിന്‍റെ കുട്ടി അടുക്കള വിഡിയോ ഫെയ്സ്ബുക് വാങ്ങിയത്. കുട്ടികള്‍ക്കു ചെയ്യാന്‍ പാകത്തിനുള്ള പാചക പരീക്ഷണങ്ങളാണു കിച്ചാട്യൂബ് എന്ന യുട്യൂബ് ചാനലിലുള്ളത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ആരംഭം.

കളിപ്പാട്ടങ്ങളും മറ്റും അണ്‍ബോക്സ് ചെയ്യുന്ന ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ പറഞ്ഞുനല്‍കുന്ന ഏവന്‍ട്യൂബ് എന്ന യുട്യൂബ് ചാനലിന്‍റെ സ്ഥിരം കാഴ്ചക്കാരനായിരുന്നു നിഹാല്‍. യുഎസ് സ്വദേശിയായ 12 വയസ്സുകാരനാണ് ഇതിന്‍റെ പിന്നില്‍. ഇത്തരമൊരു ചാനല്‍ തുടങ്ങണമെന്ന ചിന്ത നിഹാലിന്‍റെ കുഞ്ഞുതലയില്‍ മിന്നിയത് അങ്ങനെ. പക്ഷെ പലകാരണങ്ങളാലും അതു നടന്നില്ല. അമ്മ റൂബി രാജഗോപാലിനൊപ്പം അടുക്കളയില്‍ സഹായിച്ചാണു നിഹാല്‍ രുചിയുടെ കുഞ്ഞുവിശേഷങ്ങള്‍ പഠിച്ചെടുക്കുന്നത്. നിഹാല്‍ തയാറാക്കിയ ഒരു വിഭവത്തിന്‍റെ വിഡിയോ, പിതാവ് രാജഗോപാല്‍ വി.കൃഷ്ണന്‍ തന്‍റെ ഫെയ്സ്ബുക് പേജില്‍ അപ്ലോഡ് ചെയ്തു. ഇത് ഒട്ടേറെപ്പേര്‍ കാണുകയും ചെയ്തു. യുട്യൂബില്‍ കിച്ചാട്യൂബ് എന്ന ചാനല്‍ ആരംഭിക്കാന്‍ പ്രചോദനം അതായിരുന്നു.

അമ്മ പറഞ്ഞു നല്‍കുന്ന വിഭവങ്ങളില്‍ നിഹാലിന്‍റെ പൊടിക്കൈകള്‍ കൂടിയാകുമ്പോള്‍ കിച്ചാട്യൂബിനുള്ള വിഭവമായി. മാസത്തില്‍ ഓരോ വിഡിയോ വീതം അപ്ലോഡ് ചെയ്തു. ഫെയ്സ്ബുക്കിലൂടെയും മറ്റും ഇവ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ നവംബറില്‍ നിഹാല്‍ അപ്ലോഡ് ചെയ്ത മിക്കി മൗസ് മാംഗോ ഐസ്ക്രീം എന്ന വിഡിയോയാണ് ഇപ്പോള്‍ ഫെയ്സ്ബുക് സ്വന്തമാക്കിയിരിക്കുന്നത്.യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ സന്ദേശം അപ്രതീക്ഷിതമായാണു നിഹാലിന്‍റെ പിതാവ് രാജഗോപാല്‍ വി.കൃഷ്ണനെ തേടിയെത്തിയത്. വിഡിയോയുടെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരക്കിയായിരുന്നു സന്ദേശം. പിന്നാലെ ഫെയ്സ്ബുക്കില്‍ നിന്നും സന്ദേശമെത്തി. വിഡിയോയുടെ കോപ്പിറൈറ്റ് സ്വന്തമാക്കുന്നതായി വ്യക്തമാക്കി. ഫെയ്സ്ബുക്കിന്‍റെ ‘സ്പേസ് ഫോര്‍ എവരിവണ്‍’ എന്ന പുതിയ ക്യാംപയിനു വേണ്ടി വിഡിയോ ഉപയോഗിക്കുമെന്നാണു സന്ദേശം. വിഡിയോയുടെ കോപ്പിറൈറ്റിനു 1000 ഡോളറും നിഹാലിന്‍റെ ടാലന്‍റ് റൈറ്റായി 1000 ഡോളറുമാണു കമ്പനി നല്‍കുന്നത്.

കുട്ടികളെ അടുക്കളയില്‍ നിന്നു മാറ്റിനിര്‍ത്തുന്ന കാലത്താണു രുചിരഹസ്യങ്ങള്‍ വിളമ്പി നിഹാല്‍ നേട്ടം സ്വന്തമാക്കുന്നത്. ഫെയ്സ്ബുക്കില്‍ നിന്നു വരുമാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയെന്ന നേട്ടവും നിഹാലിനുണ്ട്. സെന്‍ട്രല്‍ അഡ്വര്‍ടൈസിങ് എന്ന പരസ്യക്കമ്പനിയില്‍ മാനേജരായ രാജഗോപാല്‍ വി.കൃഷ്ണനാണു നിഹാല്‍രാജ് എന്ന കിച്ചന്‍റെ വിഡിയോ മൊബൈലില്‍ പകര്‍ത്തി യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്നത്. പാചക വിദഗ്ധ കൂടിയായ അമ്മ റൂബിയുടെയും ഡിഗ്രി വിദ്യാര്‍ഥിയായ സഹോദരി നിതയുടെയും സഹായവും ഒപ്പമുണ്ട്. കൂട്ടുകാര്‍ യുട്യൂബില്‍ വിഡിയോ കാണുമ്പോള്‍ അതിലൂടെ പണമുണ്ടാക്കിയ ക്രെഡിറ്റുമായാണു പുതിയ അധ്യയന വര്‍ഷത്തില്‍ നിഹാല്‍ തൃപ്പൂണിത്തുറ ചോയ്സ് സ്കൂളില്‍ ഒന്നാം ക്ലാസിലേക്കെത്തുക.  

LEAVE A REPLY

Please enter your comment!
Please enter your name here