കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന ഓഗസ്റ്റ് എട്ടിനുമുമ്പ്, കേസിലെ നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ തീവ്രശ്രമം. സുഹൃത്തുക്കളായ രണ്ടു വിഐപികളാണ് ഇക്കാര്യത്തില്‍ സംശയനിഴലില്‍. രണ്ടുപേരും അടുത്തിടെ വിദേശസന്ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്ത് ഫോണ്‍ നശിപ്പിച്ചോ എന്നാണ് അന്വേഷിക്കുന്നത്. അതേസമയം ദിലീപിനെതിരേയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണവും മന്ദഗതിയിലായി. എഫ്‌ഐആര്‍ അടക്കമുള്ള രേഖകള്‍ പൊലീസ് നല്‍കാത്തതിനാലാണ് ഇക്കാര്യത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വഴിമുട്ടിയത്. ണ്ടാഴ്ചമുന്‍പാണു എന്‍ഫോഴ്‌സ്‌മെന്റ് രേഖകള്‍ ആവശ്യപ്പെട്ടത്. രേഖകള്‍ കിട്ടാത്തതിനാല്‍ അന്വേഷണം തുടങ്ങിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. അനധികൃത സാമ്പത്തിക ഇടപാടും സ്വത്തു സമ്പാദനവുമാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുക.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബാല്‍ ഫോണ്‍ വിദേശത്തേക്കു കടത്തിയെന്ന വിവരം പോലീസ് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഫാണ്‍ നശിപ്പിച്ചുകളഞ്ഞെന്നാണു മുഖ്യപ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മൊഴി നല്‍കിയത്. ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതിക്കു മുന്നില്‍ വരുന്നതിനുമുമ്പ് പുതിയ തെളിവുകളെന്തെങ്കിലും ലഭിക്കുമോ എന്നാണു പൊലീസ് നോക്കുന്നത്. ഫോണ്‍ കണ്ടെടുക്കുന്നതുവരെ ദിലീപിനെ റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യമാണു പ്രോസിക്യൂഷന്‍ കോടതിയിലും ഉന്നയിച്ചത്. ഫോണ്‍ കൈമാറിയെന്ന പള്‍സര്‍ സുനിയുടെ മൊഴിപ്രകാരം മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്‌തെങ്കിലും ഫോണ്‍ നശിപ്പിച്ചു കളഞ്ഞുവെന്നാണു പ്രതീഷ് പറഞ്ഞത്. പ്രതീഷിന്റെ ജൂനിയറെയും ചോദ്യം ചെയ്തിരുന്നു.
അതേസമയം നടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ലഭിച്ച വിവരങ്ങള്‍ കേസന്വേഷണത്തെ കാര്യമായി സഹായിക്കുന്നതല്ലെന്ന് സൂചന. അതുകൊണ്ടുതന്നെ വീണ്ടും അവരില്‍ നിന്നു മൊഴിയെടുത്തേക്കും. അതേസമയം, സ്ത്രീ എന്ന നിലയിലുള്ള പരിഗണന കാവ്യയും അര്‍ഹിക്കുന്നുവെന്നും ദിലീപ് പ്രതിയായതിന്റെ പേരില്‍ അവരെ വല്ലാതെ ബുദ്ധിമുട്ടിക്കരുതെന്നുമാണ് സര്‍ക്കാര്‍ തലപ്പത്തെ പൊതുവികാരം. കാവ്യയുടെ ഇപ്പോഴത്തെ ശാരീരികാവസ്ഥയും പോലീസ് പരിഗണിച്ചു. കാവ്യ നാലുമാസം ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ഈ സാഹചര്യത്തില്‍ കാവ്യയെ കൂടുതല്‍ ബുദ്ധിമുട്ടിക്കരുത് എന്ന വികാരമാണുള്ളത്. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയും അതിനോടു യോജിക്കുന്നുണ്ടത്രേ.
പ്രധാനപ്രതി പള്‍സര്‍ സുനി കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ പലവട്ടം പോയതും അയാള്‍ നടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡ് അവിടെ ഏല്‍പ്പിച്ചിരിക്കാം എന്ന സംശയവുമാണ് കാവ്യയിലേക്ക് അന്വേഷണം നീളാന്‍ കാരണം. എന്നാല്‍ ഒരു സ്ത്രീയെ അപമാനിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താന്‍ പങ്കാളിയാവുകയാണ് എന്ന അറിവോടെയല്ല കാവ്യ ഇടപെട്ടത് എന്ന നിഗമനത്തിലേക്കാണ് പോലീസ് നീങ്ങുന്നതെന്നും അറിയുന്നു. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല. ഭര്‍ത്താവ് പറഞ്ഞയച്ച ആള്‍ ഏല്‍പ്പിച്ച മെമ്മറി കാര്‍ഡ് വാങ്ങിവയ്ക്കുമ്പോള്‍ നടിക്കെതിരായ ആക്രമണത്തേക്കുറിച്ച് കാവ്യയ്ക്ക് അറിവുണ്ടായിരുന്നോ എന്ന് കൃത്യമായി പരിശോധിക്കാനും വസ്തുത ഉറപ്പു വരുത്താനുമുള്ള ശ്രമത്തിലാണ് പോലീസ്.
ഇതിനിടെ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് പരസ്യ പ്രസ്താവന നടത്തിയ പി സി ജോര്‍ജ് എംഎല്‍എയെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. ഗൂഢാലോചന നടന്നുവെന്ന് പറയാന്‍ ഇടയാക്കിയ സാഹചര്യങ്ങളാകും പ്രധാനമായും ചോദിക്കുക. ദിലീപിനു വേണ്ടി പബ്ലിക് റിലേഷന്‍സ് ക്യാംപെയ്ന്‍ നടത്താന്‍ കരാര്‍ നല്‍കിയവര്‍ സംസ്ഥാനത്തെ ചില പ്രമുഖ വ്യക്തികളെക്കൊണ്ട് ദിലീപിന് അനുകൂലമായി പരസ്യ പ്രതികരണം നടത്തിക്കാന്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവരില്‍ ചിലരുടെ പ്രസ്താവനകളും പരിശോധിക്കുന്നുവെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here