ന്യൂഡൽഹി: ഗൽവാൻ താഴ്‌വരയിൽ ആറ് ടി-90 ടാങ്കുകൾ ഇന്ത്യൻ സൈന്യം വിന്യസിച്ചു. ഒപ്പം മേഖലയിൽ ടാങ്ക് വേധ മിസൈൽ പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചു. ആയുധ സന്നാഹത്തോടെ ചൈനീസ് സൈന്യം നദീതടത്തിൽ നിലയുറപ്പിച്ചത് കണക്കിലെടുത്ത് കരസേന ടി 90 ഭീഷ്മ ടാങ്കുകൾ വിന്യസിച്ചത്.കിഴക്കൻ ലഡാക്കിലെ 1597 കിലോമീറ്റർ നീളമുള്ള നിയന്ത്രണ രേഖയിലുടനീളം യുദ്ധവാഹനങ്ങളും പീരങ്കികളും വിന്യസിച്ചിട്ടുണ്ട്. യഥാർത്ഥ നിയന്ത്രണരേഖയിലെ പർവ്വത പാതയായ സ്‌പാൻഗുർ ചുരത്തിലൂടെയുള്ള ചൈനയുടെ ഏത് തരത്തിലുള്ള ആക്രമണ പദ്ധതികളേയും ചെറുക്കുന്നതിന്‌ ചുഷുൾ സെക്ടറിൽ രണ്ട് ടാങ്ക് സൈനിക വ്യൂഹത്തേയും വിന്യസിച്ചു.

ഇരുരാജ്യങ്ങളുടെയും ഉന്നത മിലിട്ടറി കമാൻഡർമാർ തമ്മിൽ ഇന്ന് ലഡാക്കിലെ ചുഷുളിൽ ചർച്ച നടത്തും. സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് നടക്കുന്നതെങ്കിലും ചൈനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിൽ നിന്ന് ഏത് നീക്കവും നേരിടാൻ ഇന്ത്യൻ സൈന്യവും സർവ്വ സജ്ജമാണ്. പാക്ക്, ചൈന വെല്ലുവിളികളെ നേരിടാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൂപ്പർസോണിക് ആകാശ് മിസൈലുകൾ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല -വ്യോമ മിസൈലാണ് ആകാശ്.

സൂപ്പർസോണിക് ആകാശ് മിസൈലിന്റെ പരിധി ഏകദേശം 30 കിലോമീറ്ററാണ്. എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മൾട്ടി ഡയറക്‌ഷണൽ സിസ്റ്റമാണ് ആകാശ് മിസൈലിനുള്ളത്. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ചതാണ് ആകാശ്. ഏകദേശം 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്.2.5 മാക് (ശബ്ദത്തിന്റെ ഇരട്ടി വേഗം) ആണ് ആകാശിന്റെ വേഗം. ചൈനയുടെ ആക്രമണമുണ്ടായാൽ നേരിടുന്നതിനായി സൈന്യത്തിന് നൽകിയിട്ടുള്ള ആകാശ് മിസൈലുകൾ തരംതാണതെന്നാണ് നേരത്തെ സി.എ.ജി ചൂണ്ടിക്കാട്ടിയിരുന്നു. മിസൈലിൽ മൂന്നിലൊന്നും പരീക്ഷണത്തിൽ പരാജയപ്പെട്ടവയാണെന്നും അവ ഉപയോഗശൂന്യമോ പരീക്ഷിക്കാത്തതോ യുദ്ധകാലത്ത് ആശ്രയിക്കാനാവാത്തതോ ആണെന്നും സി.എ.ജി റിപ്പോർട്ട് ആരോപിച്ചിരുന്നു.ആകാശ് എം.കെ1, ആകാശ് എം.കെ2 എന്നീ വേരിയന്റുകൾ സേനകൾ ഉപയോഗിക്കുന്നുണ്ട്. 2015 ജൂലൈ 10നാണ് ആകാശ് മിസൈൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 2015 മേയ് 5ന് ഇന്ത്യൻ ആർമിയുടെയും ഭാഗമായി. അടിയന്തര സാഹചര്യങ്ങളിൽ പോർവിമാനം, ഹെലികോപ്റ്റർ, ഡ്രോൺ എന്നിവയിൽ നിന്നും പ്രയോഗിക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ.

LEAVE A REPLY

Please enter your comment!
Please enter your name here