ഫ്രാൻസിസ് തടത്തിൽ 

ന്യൂയോര്‍ക്ക്:  ന്യൂയോർക്ക് സ്റ്റേറ്റിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ സെനറ്റർ കെവിൻ തോമസിന് ത്രസിപ്പിക്കുന്ന വിജയത്തിലേക്ക്. പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് വളരെ അത്ഭുതകരമായാണ്  ലോങ്ങ് ഐലൻഡിൽ നിന്നുള്ള സിറ്റിംഗ് സെനറ്ററും അമേരിക്കൻ  മലയാളികൾക്ക് അഭിമാനവുമായ  തോമസ് സെനറ്റർ സ്ഥാനം വീണ്ടും നിലനിർത്തിയത്. ഇനി ശബ്ദമില്ലാത്തവരുടെ ശബ്ദമായി കെവിൻ തോമസിന്റെ ശബ്ദം ന്യൂയോർക്ക് സെനറ്റിൽ മുഴങ്ങിക്കേൾക്കും.  2580 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെവിൻ തോമസ് അവിസ്‌മരണീയ വിജയം കരസ്ഥമാക്കിയത്.
 
ശബ്ദമില്ലാത്തവരുടെ ശബ്ദമായി സെനറ്റിൽ  തുടരാൻ തനിക്ക് ഇക്കുറി ജയിച്ചേ മതിയാകൂ എന്നായിരുന്നു തെരെഞ്ഞെടുപ്പിനു ഒരാഴ്ച മുൻപ് കേരള ടൈംസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ തെരെഞ്ഞെടുപ്പ് പ്രചാരണ ധന സമാഹര പരിപാടിയിൽ പങ്കെടുത്ത കെവിൻ തോമസ് പ്രഖ്യാപിച്ചത്. നൂറുകണക്കിന് മലയാളികളായിരുന്നു കെവിൻ തോമസിന്റെ സ്വാപ്നങ്ങൾക്കു കരുത്തേകാൻ അന്ന് സംഭാവനകൾ നൽകിയത്. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ മൂലം വെർച്ച്വൽ ആയി നടത്തിയ മീറ്റിംഗിൽ പങ്കെടുത്ത കെവിൻ വിജയിച്ചാൽ അമേരിക്കയിലെ മലയാളികൾക്ക് വേണ്ടി പലതും ചെയ്യാൻ ആഗ്രഹമുണ്ടന്നും രാജ്യം മുഴുവനുമുള്ള മലയാളി കൂട്ടായ്‍മകളുമായി നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചിരുന്നു.” നാം ഒരു ഡിന്നർ ടേബിളിനു ചുറ്റും ഇരുന്ന് നടത്തേണ്ടിയിരുന്ന മീറ്റിംഗ് ആണിത്. ഇനിയും ഒരിക്കൽക്കൂടി നമ്മൾ കാണേണ്ടി വരും . അത് ഇങ്ങനെയായിരിക്കില്ല. നേരിട്ട് തന്റെ വിജയാഘോഷത്തിൽ വച്ച് നിങ്ങളെ കാണും.  ഇതെന്റെ വാക്കാണ്.”- അത്രമേൽ ആൽമ്മ വിശ്വാസത്തോടെയായിരുന്നു അന്ന് കെവിൻ തോമസ് തെരെഞ്ഞെടുപ്പിനു മുൻപ് മലയാളികളോട് പറഞ്ഞത്. 
 
 നവംബർ മൂന്നിന് ആദ്യ റൗണ്ട്  കൗണ്ടിംഗ് അവസാനിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിയെക്കാൾ 8000 വോട്ടിനു  പിന്നിലായിരുന്ന കെവിന് തോമസ്. എന്നാൽ പിന്നീട്  ഏതാണ്ട് 28,000 പ്പരം പോസ്റ്റൽ ബാലറ്റുകൾ  കൂടി  എത്തിയതോടെ റിപ്പുബ്ലിക്കൻ ക്യാമ്പ് ആശങ്കയിലായി.എതിരാളിയും GOP ( റിപ്പബ്ലിക്കൻ )സ്ഥാനാർത്ഥിയുമായ ഡെന്നിസ് ഡണ്ണിന്റെ  വിജയം ഉറപ്പെന്ന് കരുതിയ റിപ്പബ്ലിക്കൻ ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ടാണ് ആയിരക്കണക്കിന് പോസ്റ്റൽ ബാലറ്റുകൾ കെവിന് തുണയായി എത്തിയത്. ഇന്ന് ആറായിരം ബാലറ്റുകൾ കൂടി എണ്ണാൻ ബാക്കിയുള്ളപ്പോൾ തന്നെ കെവിൻ 1500 പരം വോട്ടുകൾക്ക് മുന്നിട്ടു നിൽക്കുകയായിരുന്നു. അവസാന റൗണ്ട് കൗണ്ടിംഗ് പൂർത്തിയായപ്പോൾ കെവിൻ തോമസ് 2580 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയം സ്വന്തമാക്കിക്കഴിഞ്ഞു. പോസ്റ്റൽ ബാലറ്റുകൾ എണ്ണും മുൻപ് ഏറെ പിന്നിലായിരുന്നുവെങ്കിലും ഇതേ മാർജിനിൽ തന്നെ താൻ വിജയിക്കുമെന്ന് കെവിൻ പ്രത്യാശ പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗത്തിന് നേതൃത്വം കൊടുത്തിരുന്ന നേതാക്കന്മാർ പറഞ്ഞു. 
 
കെവിൻ തോമസിന്റെ അപ്രതീക്ഷിത വിജയം റിപ്പബ്ലിക്കൻ ക്യാമ്പിനെക്കാൾ കൂടുതൽ അസ്വസ്ഥരാക്കിയത്  ന്യൂയോർക്ക് സിറ്റിയിലെ പോലീസ് ബെനവലന്റ് അസോസിയേഷൻ (എൻ,ബി,എ ) ആയിരുന്നു.  കെവിൻ തോമസിന്റെ രാജകീയമായ തിരിച്ചു വരവ്  കെവിന്റെ പരാജയം സുനിശ്ചതമെന്നു ഉറപ്പിച്ച അവർക്ക്  ഒരു വൻ  തിരിച്ചടിയായി മാറിയിരിക്കുകയാണ്. കെവിൻ തോമസിനെ പരാജയപ്പെടുത്താൻ പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ  എൻ. ബി.എ ഒരു മില്യൺ ഡോളറിന്റെ പരസ്യമാണ് ദൃശ്യമാധ്യമങ്ങളിലൂടെ നൽകിയത്. 
 
ന്യു യോർക്ക് സ്റ്റേറ്റിലും സിറ്റിയിലും കൊണ്ടു  വന്ന പല നിയമങ്ങളും പ്രത്യേകിച്ച് പോലീസ് സേനയ്‌ക്ക് അതൃപ്തിയുളവാക്കിയിരുന്നു. അതുകൊണ്ടാണ് ന്യൂയോർക്ക് സിറ്റിയിലെ 23 പോലീസ് അസോസിയേഷനുകളുടെ സംയുക്ത സംഘടനയായ എൻ.ബി.എ കെവിനെതിരായി പരസ്യ പ്രചാരണങ്ങൾ വരെ നടത്തിയത്. ബെയിൽ റീഫോം ബിൽ ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ ജസ്റ്റിസ് നിയമനിര്‍മ്മാണണങ്ങൾക്ക് പിന്തുണ നൽകിയതിനാലാണ് പോലീസ് അസോസിയേഷനുകൾ കെവിൻ ഉൾപ്പെടെയുള്ള നിരവധി  ഡെമോക്രാറ്റിക്‌  സ്ഥാനാർത്ഥികൾക്കെതിരെ വ്യാപകമായി പരസ്യ പ്രചാരണം നടത്തിയത്. മാത്രമല്ല, കെവിൻ തോമസിനെ മാത്രം ലക്ഷ്യമിട്ടു പോലീസ് ബെനവലന്റ് അസോസിയേഷനു പുറമെ പല  വലതു പക്ഷ സംഘടനകളും അതിശക്തമായ പ്രചാരണവും  നടത്തിയിരുന്നു. ന്യൂയോർക്ക് സ്റ്റേറ്റിലെ ഡെമോക്രറ്റിക്ക് സെനറ്റർമാർക്ക്  ഇക്കുറി വോട്ടുകളിൽ തിരിച്ചടിയുണ്ടായാൽ അത് അവർക്കുള്ള  പാഠമാണെന്ന് അവർ മനസിലാക്കുമെന്ന്  കഴിഞ്ഞ സെപ്റ്റംബറിൽ  എൻ.ബി.എ പ്രസിഡണ്ട് പാട്രിക്ക് ലിഞ്ച്  പരസ്യ പ്രസ്താവന നടത്തിയിരുന്നു.  എന്തായാലും അത് ഫലിച്ചില്ലെന്നു മാത്രമല്ല അതിനായി മുടക്കിയ കാശും പോയ അവസ്ഥയിലാണ് പോലീസ് അസ്സോസിയേഷൻകാർ. 
 
 ന്യൂയോർക്ക് നാസോ കൗണ്ടിയിലെ ആറാമത്തെ ഡിസ്ട്രിക്ട് സെനറ്റിൽ  37  വർഷമായി( 18 തവണ) തുടർച്ചയായി കയ്യടക്കി വച്ചിരുന്ന റിപ്പബ്ലിക്കൻ പാർട്ടിയിലെ കെംപ് ഹാനനെതിരെ 2018ൽ സ്ഥാനാർത്ഥിയാകുമ്പോൾ പാർട്ടിയുടെ  കാര്യമായ പിന്തുണയൊന്നും കെവിൻ തോമസിനുണ്ടായിരുന്നില്ല. കാരണം തോൽക്കുന്ന സീറ്റിൽ എന്തിനു പണം മുടക്കണമെന്നായിരുന്നു അവർ ചിന്തിച്ചത്. എന്നാൽ  കെംപ് ഹാനന്റെ കുത്തക സീറ്റിൽ അട്ടിമറി വിജയം കരസ്ഥമാക്കിയ കെവിൻ അന്ന് ന്യൂയോർക്കിലെ റിപ്പബ്ലിക്ക് പാർട്ടി നേതാക്കന്മാരെ ഞെട്ടിച്ചു കളഞ്ഞു.
 
 കഴിഞ്ഞ രണ്ടു വര്ഷക്കാലം ശബ്ദാമില്ലാത്തവരുടെ ശബ്ദമായി മാറിയ കെവിൻ തോമസിനെതിരെ പോലീസ് അസോസിയേഷനുകളോ മറ്റു വലതു സംഘടനകളോ നടത്തിയ പ്രചാരണങ്ങൾക്ക് യാതൊരു ഫലവും കണ്ടില്ലെന്നു തെളിയിക്കുന്നതാണ് കെവിൻ തോമസിൻറെ ഇത്തവണത്തെ തിളക്കമാർന്ന വിജയം.ഇക്കുറി സ്ഥാനാർത്ഥിയെ മാറ്റി മില്യൻ കണക്കിന് ഡോളർ ഒഴുക്കിയായിരുന്നു കെവിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി പ്രചാരണം ആരംഭിച്ചത്. ആദ്യമൊക്കെ ഫണ്ടിങ്ങിൽ ഏറെ [പിന്നിലായിരുന്നുവെങ്കിലും കെവിൻ തോമസിന്റെ വിജയം ഡെമോക്രറ്റിക്ക് പാർട്ടിക്കും ഒരു അഭിമാന പ്രശ്നമായിരുന്നു. ഒരു മില്യണിൽ പരം ഡോളർ പാർട്ടി നൽകിയതിന് പുറമെ മലയാളി അസോസിയേഷനുകളിൽ നിന്ന്  ഉൾപ്പെടെ അര മില്യൺ ഡോളർ വേറെയും സംഭാവന ലഭിച്ചു. 
 
കഴിഞ്ഞ തവണ ത്തെ  കെവിന്റെ അപ്രതീക്ഷിത വിജയം കാലങ്ങളായി ആ സീറ്റ് കൈയടക്കി വച്ചിരുന്ന റിപ്പബ്ലിക്കന്മാരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചുകളഞ്ഞതെങ്കിൽ  ഇക്കുറി അവർക്ക് ലഭിച്ച ഷോക്ക് താങ്ങാൻ പറ്റാവുന്നതിലേറെയാണ്. ഇതിനു കാരണം മറ്റൊന്നുമല്ല, വികസനം എന്ന  മന്ത്രം- അതാണ്  ലോങ്ങ് ഐലന്റുകാർ കെവിൻ തോമസിനെ ഇക്കുറിയും നെഞ്ചിലേറ്റാൻ കാരണമായത്.
 
60 ശതമാനം വെള്ളക്കാരുള്ള നസ്സോ കൗണ്ടിയിൽ മലയാളികളുടെ ജനസംഖ്യ വെറും ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ബാക്കി വരുന്ന 39 ശതമാനം ആളുകളിൽ ബ്ലാക്ക്, ഹിസ്പാനിക്ക്, മറ്റ്  ഏഷ്യൻ വിഭാഗങ്ങളുമാണ്  അങ്ങനെയുള്ള ഒരു പ്രദേശത്ത് 1989 മുതൽ 2018 വരെ തുടർച്ചയായി സെനറ്റർ ആയിരുന്ന കെംപ് ഹാനനെയും ഇക്കുറി പണം വാരിയെറിഞ്ഞു രംഗത്തുവന്ന ഡെന്നീസ് ഡണ്ണിനെയും തറപറ്റിച്ചു  അവസമരണീയമായ വിജയം കെവിൻ  തുടർകഥയാക്കിയത് ശബ്‌ദമില്ലാത്തവരുടെ ശബ്ദമായി താൻ നിലകൊണ്ടതുകൊണ്ടാണെന്ന്  കേരള ടൈംസ് ഒരുക്കിയ ഫണ്ട് റൈസിംഗ് ഇവെന്റിനെ  അഭിസംബോധന ചെയ്തുകൊണ്ട് കെവിൻ തോമസ് വ്യക്തമാക്കിയതിൽ കേരള ടൈംസും അഭിമാനം കൊള്ളുന്നതായി എം.ഡി. പോൾ കറുകപ്പള്ളിൽ പറഞ്ഞു. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ധനസമാഹാരം ഇതിലും വലിയ ഒരു ഇവന്റ് ആകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ കെവിൻ തോമസിന്റെ നൂതന ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും കേരള ടൈംസിന്റെ പിന്തുണ എന്നുമുണ്ടാകുമെന്നും ഫൊക്കാനയുടെ മുൻ പ്രസിഡണ്ട് കൂടിയായ  പോൾ കറുകപ്പള്ളിൽ പറഞ്ഞു.
 
 
ന്യു യോർക്ക് ലെജിസ്ളേച്ചറിലേക്കു വിജയിക്കുന്ന ആദ്യ  ഇന്ത്യാക്കാരനായിരുന്നു കെവിൻ തോമസ്. ഇപ്രാവശ്യം ഇന്ത്യൻ വംശജരായ ജെന്നിഫർ രാജ്‌കുമാർ, സൊഹ്‌റാൻ മാംദാനി എന്നിവർ സ്റേറ് അസംബ്ലിയിലേക്കു ക്വീൻസിൽ നിന്ന് വിജയിച്ചു. ധാരാളം ദക്ഷിണേഷ്യക്കാരുള്ള ഡിസ്ട്രിക്ടുകളിലാണ് ഇരുവരും വിജയിച്ചതെങ്കിൽ ലോംഗ് ഐലണ്ടിലെ  അധികം ഇന്ത്യാക്കാരില്ലാത്ത ആറാം ഡിസ്ട്രിക്ടിൽ നിന്നാണ് കെവിൻ  ജയിച്ചതെന്നതും അഭിമാനകരമായി.
 
സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ് കെവിന്‍.റാന്നി സ്വദേശി തോമസ് കാനമൂട്ടിലിന്റെ പുത്രനായ കെവിന്‍ ദൂബൈയിലാണ് ജനിച്ചത്. തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം റേച്ചല്‍ തോമസ് ആണു അമ്മ. ഒരു സഹോദരിയുണ്ട്.
 
ഭാര്യ റിന്‍സി തോമസ് ഫാര്‍മസിസ്റ്റാണ്. വെണ്‍മണി തറയില്‍ ജോണ്‍സണ്‍ ഗീവര്‍ഗീസിന്റേയും സൂസമ്മയുടേയും പുത്രി.
 
കേരള ടൈംസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കെവിൻ തോമസിന്റെ തെരെഞ്ഞെടുപ്പ് ധനസമാഹാര പരിപാടിയിൽ കെവിൻ പറഞ്ഞ കാര്യങ്ങൾ വായിക്കുവാൻ ഈ ലിങ്ക് അമർത്തുക: 
 
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here