സുമാത്ര: വീടിന്‍റെ മേല്‍ക്കൂരയില്‍ ഉല്‍ക്ക പതിച്ചതിനെ തുടര്‍ന്ന് ഒറ്റരാത്രികൊണ്ട് യുവാവ് കോടീശ്വരനായി. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം. ശവപ്പെട്ടി നിര്‍മ്മാണ സ്ഥാപനം നടത്തുന്ന 33 കാരനായ ജോസുവ ഹുത്തഗാലുംഗാണ് നേരം ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായത്. രാത്രിയില്‍ വീടിന് മുകളില്‍ പതിച്ച ഉല്‍ക്കശിലയാണ് ജോസുവയെ കോടീശ്വരനാക്കിയത്.

കഴിഞ്ഞ ഓഗസ്റ്റില്‍ വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്നു ജോസുവ. അപ്പോഴാണ്​ 2.1 കിലോഗ്രാം ഭാരം വരുന്ന ഉല്‍ക്ക ആകാശത്തുനിന്ന് പാഞ്ഞെത്തിയത്​, അദ്ദേഹത്തിന്‍റെ വീടിന് മുന്‍വശത്തുള്ള വരാന്തയുടെ മേല്‍ക്കൂര തകര്‍ത്തു ആ ശില. “വലിയ ശബ്ദമായിരുന്നു. വീടി​െൻറ ചില ഭാഗങ്ങൾ കുലുങ്ങി”- അദ്ദേഹം പറയുന്നു.

”എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. പിന്നീടാണ് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നതായി മനസിലായത്. ടെറസിന് മുകളില്‍ കയറി പരിശോധിച്ചപ്പോഴാണ് ഉല്‍ക്ക ശില കിടക്കുന്നതുകണ്ടത്​. പെട്ടെന്ന് അത് എടുക്കാന്‍ ശ്രമിച്ചെങ്കിലും, ചുട്ടുപൊള്ളുന്ന ചൂടായിരുന്നു അതിന്”- ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പിന്നീട്​ ജോസുവ ഉല്‍ക്കാശിലയുടെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പങ്കിട്ടു, എന്നാല്‍ അതിനുശേഷമാണ് അദ്ദേഹത്തെ ശരിക്കും ഞെട്ടിക്കുന്ന കാര്യങ്ങള്‍ നടന്നത്. ഒറ്റരാത്രികൊണ്ടു ജോസുവ കോടീശ്വരനായി മാറുന്നതാണ് പിന്നീട് കാണുന്നത്. ഏകദേശം 13 കോടിയോളം രൂപക്കാണ്​ ആ ഉല്‍ക്ക അദ്ദേഹം വിറ്റതെന്നാണ്​ പുറത്തു വരുന്ന വിവരങ്ങൾ.

ജോസുവയുടെ മേല്‍ക്കൂരയില്‍ പതിച്ച ഉല്‍ക്കാശില 450 കോടിയിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ഉല്‍ക്കശിലകള്‍ ശേഖരിക്കുന്ന അമേരിക്കയിലെ ജേര്‍ഡ് കോളിന്‍സ് എന്നയാള്‍ക്കാണ് ജോസുവ ഇത് വിറ്റത്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സെൻറര്‍ ഫോര്‍ മെറ്റോറൈറ്റ് സ്റ്റഡീസിലെ സഹപ്രവര്‍ത്തകന്‍ ജയ് പിയാറ്റെക്കിന് കോളിന്‍സ് ഇത് വീണ്ടും വിറ്റതായി റിപ്പോര്‍ട്ടുണ്ട്.

ഉല്‍ക്കശിലയ്ക്ക് കിട്ടിയ തുക കൃത്യമായി ജോസുവ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും 30 വര്‍ഷം ശവപ്പെട്ടി നിര്‍മ്മിച്ചാൽ ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതലാണെന്ന്​ പറഞ്ഞിട്ടുണ്ട്​. ഇപ്പോള്‍ കിട്ടിയ പണം ഉപയോഗിച്ച്‌ തന്‍റെ ഗ്രാമത്തില്‍ ഒരു ആരാധനാലയം പണിയാനാണ് ജോസുവ ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here