സ്വന്തം ലേഖിക 

ന്യൂജേഴ്‌സി: അറസ്റ്റിലായ പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയച്ച ന്യൂ ജഴ്‌സിയിലെ പോലീസ് ഉദ്യോഗസ്ഥന്‍ വെട്ടിലായി. ലൈംഗികച്ചുവയുള്ള വാക്കുകളാണ് 29കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഡാമിയന്‍ ബ്രോസ്ചാര്‍ട്ട് 18കാരിയായ പെണ്‍കുട്ടിക്ക് അയച്ചത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതായിരുന്നു പെണ്‍കുട്ടി. അഞ്ച് വര്‍ഷമായി പോലീസ് സേനയില്‍ ജോലി ചെയ്യുന്ന ഡാമിയന്‍ പെണ്‍കുട്ടിയെ പോലീസ് നടപടിക്രമങ്ങള്‍ക്ക് ശേഷം വിട്ടയക്കുകയും തുടര്‍ന്ന് അവരെ പിന്തുടരുകയുമായിരുന്നുവെന്ന് മോൺമൗത്ത്‌ കൗണ്ടി പ്രോസിക്യൂട്ടര്‍ ക്രിസ്റ്റഫര്‍ ഗ്രാമിഷ്യോനി പറഞ്ഞു.

തന്റെ പോലീസ് ബോഡിക്യാമും മൊബൈല്‍ വീഡിയോ റെക്കോര്‍ഡറും പ്രവര്‍ത്തനരഹിതമാക്കിയ ശേഷമാണ് യുവതിയോട് ടെലഫോണ്‍ നമ്പര്‍ ചോദിച്ചത്. തുടര്‍ന്ന് ഡ്യൂട്ടിയില്‍ തുടരവേ മൊബൈല്‍ സന്ദേശം അയക്കുകയായിരുന്നു. യുവതി സുന്ദരിയാണെന്നും ആ സൗന്ദര്യം അവള്‍ക്ക് തിരികെ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു സന്ദേശം.

ലൈംഗികത പ്രകടമാകുന്ന സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്ന ഡാമിയൻ ബ്രോസ്ചാര്‍ട്ട് ഡ്യൂട്ടി കഴിഞ്ഞതിന് പിന്നാലെ യുവതിയുടെ വീട്ടിലേക്ക് പോകാനും ശ്രമിച്ചു. എന്നാല്‍ അവര്‍ അത് നിരസിക്കുകയും ആശയവിനിമയം പൂര്‍ണ്ണമായും അവസാനിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് പറയുന്നു.

ബ്രോസ്ചാര്‍ട്ടിന്റെ നമ്പര്‍ യുവതി ബ്ലോക്ക് ചെയ്തെങ്കിലും അയാള്‍ നെപ്റ്റ്യൂണ്‍ പോലീസ് സ്റ്റേഷനിലെ നമ്പറില്‍ നിന്നും മൂന്ന്  തവണ അവരെ വിളിച്ചു. തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് സന്ദേശം അയക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടര്‍ പറയുന്നു. ബ്രോസ്ചാര്‍ട്ടിനെ യുവതി തിരികെ വിളിച്ചില്ല. പകരം അവര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബ്രോസ്ചാര്‍ട്ടിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍സ് ചെയ്തു. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഭാവിയില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിലക്കേര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇത്തരക്കാര്‍ക്ക്  നെപ്ട്യൂൺ   പോലീസില്‍ സ്ഥാനമുണ്ടാവില്ലെന്നും നെപ്ട്യൂൺ പോലീസ് ചീഫ് മാത്യൂ ക്വാഗ്ലിയാറ്റോ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം തനിക്കെതിരായ ആരോപണം ബ്രോസ്ചാര്‍ട്ട് നിഷേധിച്ചു. ഒക്ടോബര്‍ രണ്ടിനാണ് സംഭവം നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.  

LEAVE A REPLY

Please enter your comment!
Please enter your name here