ഐ.എസ്.എല്ലിൽ എഫ്.സി ഗോവയും ബെംഗളുരു എഫ്.സിയും 2-2ന് സമനിലയിൽ പിരിഞ്ഞു

മഡ്ഗാവ് : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ വിജയം പ്രതീക്ഷിച്ച ബെംഗളുരു എഫ്.സിയെ മൂന്നുമിനിട്ടിനിടയിൽ നേടിയ രണ്ടുഗോളുകൾക്ക് സമനിലയിൽ തളച്ച് എഫ്.സി ഗോവ. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന ബെംഗളുരു രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒന്നുകൂടിയടിച്ചെങ്കിലും ഞൊടിയിടയിൽ തിരിച്ചടി നൽകി മത്സരം ആവേശകരമാക്കുകയായിരുന്നു ഗോവക്കാർ.27-ാം മിനിട്ടിൽ ബ്രസീലിയൻ താരം ക്ളെയ്റ്റൺ സിൽവയിലൂടെയാണ് ബെംഗളുരു ആദ്യ ഗോൾ നേടിയത്. 56-ാം മിനിട്ടിൽ യുവാനൻ ലീഡുയർത്തി. എന്നാൽ 66,69 മിനിട്ടുകളിലായി ഇഗോർ അൻഗുലോ നേടിയ ഗോളുകൾ കളിയുടെ വിധി മാറ്റിയെഴുതി.മഡ്ഗാവിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം മിനിട്ടിൽത്തന്നെ ബെംഗളുരു എഫ്.സി നായകൻ സുനിൽ ഛെത്രിയുടെ ഒരു ഷോട്ട് വലയ്ക്ക് പുറത്തേക്ക് പോകുന്നതുകണ്ടു.മലയാളി താരം ആഷിഖ് കുരുണിയനും ഛെത്രിയും ചേർന്നാണ് ബെംഗളുരുവിനായി മുന്നേറ്റങ്ങൾ ആസൂത്രണം ചെയ്തത്.

11-ാം മിനിട്ടിൽ ഗോവൻ ബോക്സിലേക്ക് നുഴഞ്ഞുകയറിയ ആഷിഖിന്റെ ഒരു നീക്കം കോർണർ വഴങ്ങിയാണ് ഗോവ ഒഴിവാക്കിയത്. ഗോവൻ നിര കളിയുടെ നിയന്ത്രണത്തിലേക്ക് പതിയെ എത്താൻ തുടങ്ങിയപ്പോഴാണ് ബെംഗളുരു ഗോളടിച്ചത്.28-ാം മിനിട്ടിൽ ഹർമൻ ജ്യോത് ഖബ്രയുടെ നീളമേറിയ ത്രോ ഇന്നാണ് ഗോളിന് വഴി തുറന്നത്. ബോക്സിലേക്ക് നീണ്ടുവന്ന ത്രോ ഉയർന്നുചാടി ഹെഡ് ചെയ്ത് വലയിലാക്കിയ ക്ളെയ്റ്റൺ സിൽവ അക്രോബാറ്റിക് ആഘോഷം നടത്തുകയും ചെയ്തു.ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് രണ്ട് ഗോവൻ താരങ്ങൾ മഞ്ഞക്കാർഡ് കണ്ടതൊഴിച്ചാൽ കളി തണുപ്പനായിരുന്നു. ഇടവേളയ്ക്ക് പിരിയും മുമ്പ് ഗോളടി​ക്കാൻ കിട്ടിയ ഒരവസരം സുനിൽ ഛെത്രി പാഴാക്കുകയും ചെയ്തു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോവയ്ക്കായിരുന്നു മുൻതൂക്കം.എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് ബെംഗളുരു രണ്ടാം ഗോളും നേടി. ബോക്സിനുള്ളിൽ നിന്ന് എറിക്ക് പാർത്താലു നൽകിയ ഹെഡറാണ് യുവാനൻ ഗോളാക്കി മാറ്റിയത്.എന്നാൽ അടിക്ക് തിരിച്ചടിയുമായി ഗോവ തിരിച്ചുവന്നതോടെ കളി വീറുറ്റതായി മാറി.

66-ാം മിനിട്ടിൽ ബെംഗളുടെ പ്രതിരോധത്തെ മനോഹരമായി വെട്ടിച്ചുകയറിയ ബ്രാൻഡൻ ഫെർണാണ്ടസ് നൽകിയ പാസിൽ നിന്നായിരുന്നു അംഗുലോയുടെ ആദ്യഗോൾ.68-ാം മിനിട്ടിൽ അടുത്തഗോളിനും വഴിതുറന്നത് ബ്രാൻഡന്റെ ബ്രില്ല്യൻസാണ്. പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി കടന്നുകയറിയ ബ്രാൻഡന്റെ പാസ് ഇക്കുറി റൊമാരിയോയ്ക്കായിരുന്നു. റൊമാരിയോവിൽ നിന്ന് പന്തുകിട്ടിയ അൻഗുലോ വീണ്ടും വലകുലുക്കി.

LEAVE A REPLY

Please enter your comment!
Please enter your name here