പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല അറസ്റ്റിൽ. ഇന്ന് പുലർച്ചെ പത്തനാപുരത്തെ എംഎൽഎയുടെ ഓഫീസിലെത്തിയാണ് ബേക്കൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രദീപ് കുമാറിനെ പൊലീസ് കാസര്‍കോട്ടേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസര്‍കോട് സെഷന്‍സ് കോടതി തള്ളിയിരുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും, പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

2020 ജനുവരി 23നാണ് കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയായ വിപിൻലാലിനെ കാണാൻ പ്രദീപ് കുമാർ ബേക്കലിലെത്തിയത്. വിപിന്റെ ബന്ധുവീട്ടിലും അമ്മാവൻ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജുവലറിയിലുമൊക്കെ ഇയാൾ എത്തിയിരുന്നു.

വിപിനെ നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ, അമ്മയെ വിളിച്ച് വിപിന്റെ വക്കീൽ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും, മൊഴിമാറ്റാൻ ആവശ്യപ്പെടുയും ചെയ്തു. കത്തുകളിലൂടെയും ഭീഷണി തുടർന്നു. ഭീഷണി സഹിക്കാതായപ്പോൾ സെപ്തംബർ 26ന് വിപിൻ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.അന്വേഷണത്തിൽ ജുവലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജിൽ നൽകിയ തിരിച്ചറിയിൽ രേഖകളും കണ്ടെത്തിയതോടെയാണ് ഭീഷണിയ്ക്ക് പിന്നിൽ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്.വിപിൻലാലാണ് നേരത്തെ ജയിലിൽ വച്ച് കേസിലെ മുഖ്യപ്രതിയായ പൾസർ സുനി അടക്കമുളളവർക്ക് വേണ്ടി പണം ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതാൻ സഹായിച്ചത്. കൃത്യം നടത്തി കഴി‌ഞ്ഞെന്നും, അതിനുളള പണം ലഭിക്കണമെന്നും പറയുന്ന കത്ത് അന്ന് വലിയ വിവാദമായിരുന്നു.മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് നിയമവിദ്യാർത്ഥിയായ വിപിൻലാൽ അന്ന് ജയിലിലുണ്ടായിരുന്നത്. കത്തുപുറത്തു വന്നതിന് പിന്നാലെ വിപിൻലാലിനെ കേസിൽ ആദ്യം പ്രതിയാക്കിയെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കി മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here