തിരുവനന്തപുരം: ബാർ കോഴ നേതാക്കൾക്ക് കൈമാറിയെന്ന് നേരത്തെ വെളിപ്പെടുത്തിയ രാജധാനി ഗ്രൂപ്പ് മേധാവിയും ബാറുടമയുമായ ബിജു രമേശ്, കേസന്വേഷണത്തിൽ ഭരണ,പ്രതിപക്ഷ മുന്നണി നേതാക്കൾ പരസ്പരം ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന കുറ്റപ്പെടുത്തലുമായി രംഗത്ത്. വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സത്യം പുറത്തുവരാൻ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.കേസ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയൻ അട്ടിമറിച്ചെന്നും രമേശ് ചെന്നിത്തലയുടെ പേര് പറയാതിരിക്കാൻ അദ്ദേഹവും ഭാര്യയും യാചിച്ചെന്നും ബിജുരമേശ് വെളിപ്പെടുത്തി.ചെന്നിത്തലയ്ക്കെതിരെ ആരോപണങ്ങളുണ്ടാകുമ്പോൾ അന്വേഷണം നടത്താതെ രാജ്ഭവന്റെ അനുമതി തേടുന്നത് വിചിത്രമാണ്. ആരോപണകാലത്ത് ചെന്നിത്തല പ്രതിപക്ഷ നേതാവുമല്ല, മന്ത്രിയുമല്ല. പിന്നെന്തിനാണ് ഗവർണറുടെ അനുമതിയെന്ന് ബിജുരമേശ് ചോദിച്ചു.

കേസ് തടഞ്ഞത് മുഖ്യമന്ത്രിയെന്ന്
ബാർ കോഴക്കേസിൽ പ്രതിയായ കെ.എം.മാണി മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പോയി കാപ്പി കുടിച്ചു. മാണി മടങ്ങിയപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു ഡി.ജി.പിയുടെ ഓഫീസിലേക്ക് കാൾ പോയി. മാണി സാറിനെതിരായ കേസ് അന്വേഷിക്കേണ്ട എന്നു പറഞ്ഞു. എന്ത് വിജിലൻസ് അന്വേഷണമാണ് നടക്കുന്നത്.പഴയ ആദർശശുദ്ധിയൊന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റുകൾക്കില്ല. യു.ഡി.എഫിലെ 36 ജനപ്രതിനിധികളുടെ അനധികൃതസ്വത്ത് വിവരം സംബന്ധിച്ച ഫയൽ കൈയിലുണ്ടെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. അതു കൈയിലിരിക്കട്ടെ എന്നാണ് പറഞ്ഞത്.ബാറുടമകൾ കോടിക്കണക്കിന് രൂപ സ്വരൂപിച്ചിരുന്നെങ്കിലും അത് എങ്ങോട്ട് പോയെന്ന് കണ്ടെത്താനായില്ല എന്നാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിലുള്ളത്.ബാർകോഴ കേസിൽ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ആവേശത്തോടെ മൊഴി എടുത്ത വിജിലൻസ് എസ്.പിക്ക് ഉച്ചയോടെ ഒരു ഫോൺ വന്നു. അതോടെ അദ്ദേഹത്തിന്റെ ആവേശം തണുത്തു. കേസ് അന്വേഷണം അധികം മുന്നോട്ട് കൊണ്ടുപോകേണ്ട എന്ന നിർദേശമാണ് ലഭിച്ചത്.

ചെന്നിത്തലയും ഭാര്യയും കാലുപിടിച്ചു
ബാർ കോഴക്കേസിൽ മൊഴി നൽകിയപ്പോൾ ചെന്നിത്തല അടക്കം എല്ലാവരുടേയും പേര് പറഞ്ഞതാണ്. പിന്നാലെ രാധാകൃഷ്ണപിള്ള എന്നയാളെ വിട്ടാണ് അദ്ദേഹം ഒത്തുതീർപ്പിന് ശ്രമിച്ചത്.164 പ്രകാരം മൊഴി നൽകുന്നതിന് തലേദിവസം മുതൽ ചെന്നിത്തലയുടെ വീട്ടിൽ നിന്ന് ഫോൺ കാളുകൾ വരുന്നുണ്ടായിരുന്നു. രാവിലെ ചെന്നിത്തലയുടെ ഗൺമാനാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. എന്നിട്ട് ചേച്ചിക്ക് കൊടുക്കാം എന്നു പറഞ്ഞു. ചെന്നിത്തലയുടെ ഭാര്യയാണ് സംസാരിച്ചത്. അദ്ദേഹത്തെ ഉപദ്രവിക്കരുത്, അദ്ദേഹം രാത്രി ഒന്നും കഴിച്ചിട്ടില്ല. രാവിലെ ഒന്നും കഴിക്കാതെയാണ് പോയത് എന്നൊക്കെ പറഞ്ഞു. രാവിലെ 11.30 ആയപ്പോൾ മറ്റൊരു സുഹൃത്തിന്റെ ഫോണിൽ നിന്നു ചെന്നിത്തല നേരിട്ട് വിളിച്ചു. ഉപദ്രവിക്കരുത്, എന്റെ അച്ഛനുമായൊക്കെ വർഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്നെല്ലാം പറഞ്ഞു. അത്രയും കാലുപിടിച്ചു സംസാരിച്ചതിനാലാണ് രഹസ്യമൊഴിയിൽ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. അന്ന് അദ്ദേഹം ആഭ്യന്തരമന്ത്രിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here