പോൾ കറുകപ്പിള്ളിൽ

അമേരിക്കൻ മലയാളികളുടെ പ്രതീക്ഷയും , അഭിമാനവുമായ ഫൊക്കാന നാല്പത് വർഷങ്ങൾ പിന്നിടുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ്. എന്നെ സംബന്ധിച്ച് വ്യക്തിപരമായ ഒരു സന്തോഷം പങ്കുവെയ്ക്കുവാനുള്ളത് ഫൊക്കാനയ്ക്കൊപ്പം ഈ നാല്പത് വർഷവും ഒപ്പം നിന്ന് പ്രവർത്തിക്കുവാൻ കഴിഞ്ഞു എന്നുള്ളതാണ്. അതായത് തുടക്കം മുതൽ ഫൊക്കാനയ്ക്കൊപ്പം വളർച്ചയിലും തളർച്ചയിലും വീണു പോയപ്പോൾ താങ്ങായും പ്രവർത്തിക്കുവാൻ സാധിച്ചു എന്നത് അഭിമാനത്തോടെ ഓർമ്മിക്കുന്ന കാര്യമാണ്.

ഏത് സമയത്തും ശരിയുടെ പക്ഷത്ത് നിൽക്കുക എന്നതാണ് എൻ്റെ നയം. വലിയ വിവാദങ്ങളും പ്രതിസന്ധികളും ഫൊക്കാനയ്ക്ക് ഉണ്ടായ സമയത്തും ഫൊക്കാനയ്ക്കൊപ്പം ശക്തമായി നിലകൊള്ളാൻ സാധിച്ചത് ഈ പ്രസ്ഥാനം നൽകിയ കരുത്തുകൊണ്ടാണ്. രണ്ട് തവണ ഈ സംഘടനയെ നയിക്കുവാനും സാധിച്ചു. 2008 ൽ ഫിലഡൽഫിയായിലും 2010 ൽ ആൽബനിയിലും നടത്തിയ ഫൊക്കാന കൺവൻഷനുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഫൊക്കാനയിലേക്ക് കടന്നു വരുന്ന ഒരാൾക്ക് ഈ സംഘടന നൽകുന്ന ഒരു സ്പേസ് ഉണ്ട്. അത് അവരുടെ വളർച്ചയ്ക്കായി നൽകുന്ന ഇടമാണ്. അത് ഒരു പ്രവർത്തകന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്.1983 മുതൽ ഫൊക്കാനയ്ക്കൊപ്പം ഒരു സജീവ പ്രവർത്തകനായി ഒപ്പമുണ്ട്. അമേരിക്കൻ മലയാളി സംഘടനകളിലെ ഏറ്റവും പ്രബലവും കരുത്തുമായ സംഘടന ഇപ്പോൾ ഡോ. ബാബു സ്റ്റീഫൻ്റെ നേതൃത്വത്തിൽ കൂടുതൽ ശക്തിയാർജ്ജിച്ചു കഴിഞ്ഞു. അതിന് ഏറ്റവും വലിയ തെളിവായിരുന്നു അമേരിക്കയിൽ കേരളാ ഗവൺമെൻ്റിൻ്റെ ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനം . ഫൊക്കാന നേതൃത്വം നൽകിയ സമ്മേളനമായിരുന്നു അത് എന്ന് വിശേഷിപ്പിക്കാം. അത്രത്തോളം സ്വീകാര്യത നമ്മുടെ സംഘടനയ്ക്ക് സർക്കാരിലും ലഭിച്ചു എന്നതാണ് അതിന് കാരണം . അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങൾ സർക്കാർ വേദികളിൽ ഫൊക്കാന അവതരിപ്പിച്ചതുപോലെ മറ്റൊരു സംഘന ഉണ്ടാവില്ല എന്ന് പറയാം.


കേരളത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് നിർണ്ണായക പങ്കു വഹിച്ചത് പ്രവാസി മലയാളികളാണ് . അതിൽ ഫൊക്കാനയുടെ പങ്ക് ചെറുതല്ല. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവാസി സംഘടനകൾ ഉണ്ടെങ്കിലും ഫൊക്കാനയോളം ജനകീയതയുള്ള മറ്റൊരു സംഘടന ഇല്ല എന്ന് പറയാം . നാല്പത് വർഷങ്ങൾക്കിടയിൽ നൂറുകണക്കിന് വീടുകൾ നിർദ്ധനരായ കുടുംബങ്ങൾക്ക് ഫൊക്കാന നൽകിയിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാണ് ഫൊക്കാന നടപ്പിലാക്കിയിട്ടുള്ളത്. അതെല്ലാം ഓരോ കാലയളവിൽ വരുന്ന കമ്മറ്റികൾ തുടരുകയും ചെയ്യുന്നു.


ഫൊക്കാന അന്തർദ്ദേശീയ കൺവെൻഷൻ വാഷിംഗ്ടണിൽ നടക്കുമ്പോൾ ഒരു വിജയഭേരി ഞാൻ സ്വപ്നം കാണുന്നു. ചരിത്രം തിരുത്താനുള്ള ഒരു കൺവെൻഷനായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു . കൂട്ടായ പ്രവർത്തനത്തിൻ്റെ ക്രോഡീകരണമാണ് ഫൊക്കാനയുടെ കാതൽ.
അതിനായി വാഷിംഗ്ടൺ ഡി.സിയിലെത്തുന്ന എല്ലാ ഫൊക്കാന പ്രവർത്തകർക്കും എൻ്റെ ആശംസകൾ

പോൾ കറുകപ്പിള്ളിൽ