ചിക്കാഗോ: സെന്റ് ജോസഫിനെ പോലെ ജീവിത മാതൃക വഴി ക്രിസ്തുവിന് സാക്ഷ്യം വഹിക്കണമെന്നും അങ്ങനെ യേശുവിന്റെ നല്ല കൊച്ചു മിഷണമാരായി എല്ലാ കുട്ടികളും മാറണമെന്നും കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്. ചെറുപുഷ്‌പ മിഷൻ ലീഗ് ക്നാനായ കാത്തലിക് റീജിയന്റെ സെൻറ് ജോസഫ് വർഷാചരണ സമാപന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌ത്‌ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ചെറുപുഷ്‌പ മിഷൻ ലീഗിലെ പ്രവർത്തനം വഴി നല്ല മിഷണമാരായി വളരുവാനുള്ള കരുത്തും പരിശീലനവും ലഭിക്കുമെന്നും തന്റെ സന്ദേശത്തിൽ മെത്രാപ്പോലിത്ത ഓർമ്മിപ്പിച്ചു.

ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ നടത്തിയ പരിപാടികളിൽ വികാരി ജനറാൾ ഫാ.തോമസ് മുളവനാൽ, മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ എന്നിവർ സംസാരിച്ചു.

കുട്ടികളുടെ നേതൃത്വത്തിൽ മിഷൻ ലീഗ് പതാകയും വഹിച്ച് കൊണ്ട് നടത്തിയ പ്രേഷിതറാലിയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. വി.യൗസേപ്പിതാവിന്റെ വേഷം ധരിച്ച് കുട്ടികൾ റാലിക്ക് മുമ്പിൽ അണിനിരന്നു. നൂറോളം കൂട്ടികൾ പ്രേഷിത റാലിയിൽ പങ്കെടുത്തു. ചിക്കാഗോ സെൻറ് മേരീസ് മിഷൻ ലീഗ് യൂണിറ്റിന്റെ ആതിഥേയത്തിൽ നടന്ന പരിപാടികൾക്ക് ഇടവകയിലെ മിഷൻ ലീഗ് ഓർഗനൈസർമാരായ ജോജോ ആനാലിൽ, സൂര്യ കരികുളം യുണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

സെന്റ് ജോസഫ് വർഷത്തിൽ ചെറുപുഷ്‌പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ സെമിനാറുകൾ, ഉപന്യാസ മത്സരം, ക്വിസ്, വീഡിയോ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയാണ് ഒരു വർഷം മുൻപ് സെന്റ് ജോസഫ് വർഷാചരണം ഉദ്ഘാടനം ചെയ്തത്.


സിജോയ് പറപ്പള്ളിൽ

LEAVE A REPLY

Please enter your comment!
Please enter your name here