ന്യൂഡൽഹി: അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയിൽ ബിജെപിയെ പ്രതിസന്ധിയിലാക്കി നേതാവ് പാർട്ടി വിടുന്നു. വിശ്വജിത്ത് കൃഷ്ണറാവു റാണെയാണ് ആം ആദ്മിയിൽ ചേരാൻ തയ്യാറെടുക്കുന്നത്. ചൊവ്വാഴ്ച ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിൻറെ സാന്നിധ്യത്തിൽ വിശ്വജിത്ത് ആം ആദ്മിയിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്.

രണ്ട് ദിവസത്തെ ഗോവ സന്ദർശനത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് എത്തുക. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച ഗോവയിൽ ഈ മാസം ഇത് മൂന്നാം തവണയാണ് കെജ്രിവാൾ സന്ദർശനത്തിനെത്തുന്നത്. നാളെ വൈകീട്ട് ഏഴു മണിയ്ക്കാണ് വിശ്വജിത്ത് കൃഷ്ണറാവു റാണെയുടെ ആം ആദ്മി പ്രവേശനം. ഇദ്ദേഹത്തിനൊപ്പം നിരവധി അനുയായികളും ആം ആദ്മിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.

40 അംഗ ഗോവ നിയമസഭയിൽ നിലവിൽ ബിജെപിയ്ക്ക് 17 അംഗങ്ങളാണ് ഉള്ളത്. ഇവർക്ക് പുറമെ എം ജി പി, ഗോവ ഫോർവേഡ് പാർട്ടി, മൂന്ന് സ്വതന്ത്രൃർ എന്നിവരുടെ പിന്തുണയോടെയാണ് സംസ്ഥാനം ഭരിക്കുന്നത്.

അതേസമയം ഡൽഹിയ്ക്ക് പുറത്തേക്കും ആം ആദ്മിയെ വ്യപിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായാണ് പാർട്ടി നേതൃത്വം മുന്നോട്ട് പോകുന്നത്. ഗോവയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിപാടികൾക്കെല്ലാം ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പങ്കെടുക്കുന്നുണ്ട്. അടുത്തവർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ നിർണായക മുന്നേറ്റം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടി. മറുഭാഗത്ത് തൃണമുൽ കോൺഗ്രസും ഗോവയിൽ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here