കൊൽക്കത്ത (പശ്ചിമ ബംഗാൾ): ബാലിഗഞ്ച് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് തിളക്കമാർന്ന വിജയം നേടിയെങ്കിലും ചർച്ചയാകുന്നത് സി.പി.എമ്മിന്‍റെ തിരിച്ചുവരവ്. വാശിയേറിയ പോരാട്ടത്തിൽ 30,940 അധികം വോട്ടുകൾ നേടിയാണ് സി.പി.എം സ്ഥാനാർഥി സൈറ ഷാ ഹലീം രണ്ടാം സ്ഥാനത്തെത്തിയത്.

 

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സൈറയുടെ ഭർത്താവും സന്നദ്ധ പ്രവർത്തകനുമായ ഡോ. ഫുആദ് ഹലീമിനെയാണ് സി.പി.എം സ്ഥാനാർഥിയാക്കിയത്. ഡോ. ഫുആദ് 8,474 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥി സുബ്രത മുഖർജി (ആകെ വോട്ട്- 106,585) 75,359 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഹാട്രിക് വിജയം നേടിയത്. ബി.ജെ.പിയുടെ ലോക്നാഥ് ചാറ്റർജി 31,226 വോട്ട് പിടിച്ച് രണ്ടാം സ്ഥാനത്തെത്തി.

 

 

മമത സർക്കാറിൽ മന്ത്രിയായിരുന്ന സുബ്രത മുഖർജിയുടെ നിര്യാണത്തെ തുടർന്നാണ് ബാലിഗഞ്ച് നിയമസഭ സീറ്റിൽ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത്തവണ മുൻ കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുൽ സുപ്രിയോയെ തൃണമൂൽ കളത്തിലിറക്കിയത്. അതേസമയം, എൻ.ആർ.സി-സി.എ.എ വിരുദ്ധ സമരത്തിൽ സജീവമായിരുന്ന സൈറ ഷാ ഹലീം സി.പി.എം സ്ഥാനാർഥിയായി. കരസേന മുൻ ഉപമേധാവി ലഫ്റ്റനന്‍റ് ജനറൽ സമീറുദ്ദീൻ ഷായുടെ മകളും ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ മരുമകളുമാണ് സൈറ.

 

ബാലിഗഞ്ചിന്‍റെ 1977 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആറു തവണ സി.പി.എം ആണ് ബംഗാൾ നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1977 മുതൽ നാലു തവണ സചിൻ സെന്നും 1996ലും 2001ലും റെബിൻ ദേബും സി.പി.എം സ്ഥാനാർഥികളായി വിജയിച്ചു.

 

എന്നാൽ, 2006ലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അഹമ്മദ് ജാവേദ് ഖാനിലൂടെ ബാലിഗഞ്ച് സീറ്റിൽ കന്നി വിജയം നേടി. തുടർന്ന് 2011, 2016, 2021 നിയമസഭ തെരഞ്ഞെടുപ്പുകളിൽ സുബ്രത മുഖർജിയിലൂടെ ബാലിഗഞ്ച് തൃണമൂലിന്‍റെ സിറ്റിങ് സീറ്റാക്കി മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here