കൊച്ചി: ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തിട്ട് നാളെ ഒരു വർഷം തികയവെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്തെ കൊവിഡ് കേസുകളിൽ പകുതിയിലേറെയും സംസ്ഥാനത്താണ്. ഏറ്റവും കൂടുതൽ പേർ കൊവിഡ് ചികിത്സയിലുളള പത്ത് ജില്ലകളിൽ ഏഴും കേരളത്തിലാണ്.മഹാരാഷ്ട്ര ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിൽ വൈറസ് നിയന്ത്രണ വിധേയമാകുമ്പോഴാണ് സംസ്ഥാനത്ത് കൊവിഡ് നിരക്ക് കുത്തനെ ഉയരുന്നത്.

ഏറ്റവും കൂടുതൽ പേർ ചികിത്സയിലുളള അഞ്ച് സംസ്ഥാനങ്ങളിൽ മറ്റ് നാലും കേരളത്തേക്കാൾ ഏറെ പിന്നിലുമാണ്. കേരളത്തിൽ 72,392 പേരാണ് ചികിത്സയിലുളളത്. മറ്റ് നാലു സംസ്ഥാനങ്ങളിലും ചേർന്ന് 61,489 പേരാണ് ചികിത്സയിലുളളത്.രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുളള രണ്ടാമത്തെ ജില്ല എറണാകുളമാണ്. തൊട്ടുപിന്നിൽ കോഴിക്കോടുമുണ്ട്. 10,873 രോഗികളാണ് എറണാകുളത്തുളളത്. കോഴിക്കോട് 8002 പേർ. 13,014 രോഗികളുളള പൂനെയാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. നാലാമതുളള താനെ ജില്ലയിൽ 7683 പേരും, അഞ്ചാമതുളള കോട്ടയത്ത് 6972 രോഗികളുമുണ്ട്. കൊല്ലം, പത്തനംതിട്ട, മുംബയ്‌, തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുളള പത്തു ജില്ലകൾ.

LEAVE A REPLY

Please enter your comment!
Please enter your name here