തിരുവനന്തപുരം : രാഷ്ട്രപതി, മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവരുടെ പോലീസ്, ജയിൽ, ഫയർഫോഴ്സ്, മോട്ടോർ വാഹന വകുപ്പ്, എക്സൈസ് മെഡലുകളുടെ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

കോവിഡും പ്രകൃതി ദുരന്തങ്ങളും ഉണ്ടായ വേളയിൽ ജനങ്ങൾക്ക് ആശ്വാസവും സംരക്ഷണവും നൽകുന്നതിന് സർക്കാരിനെ സഹായിച്ചതിൽ വിവിധ വകുപ്പുകൾ സുപ്രധാന പങ്ക് വഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 20 പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെയും 19 പേർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേയും വിവിധ യൂണിറ്റുകളിലെ 257 ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെയും മെഡലുകൾ നൽകി. അഗ്നിശമന സേനയിലെ 33 സേനാംഗങ്ങൾക്കും എക്സൈസ് വകുപ്പിലെ 24 പേർക്കും ജയിൽ വകുപ്പിലെ 15 പേർക്കും മോട്ടോർ വാഹന വകുപ്പിലെ ഏഴ് ഉദ്യോഗസ്ഥർക്കും മെഡലുകൾ നൽകി.

സാങ്കേതിക വൈദഗ്ധ്യം നേടിയ ധാരാളം യുവതീയുവാക്കൾ പോലീസ് സേനയിലേക്ക് ഇപ്പോൾ കടന്നുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഉയർന്ന അന്വേഷണ മികവിനൊപ്പം സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചതാണ് കേരളത്തിന് കേസുകൾ തെളിയിക്കുന്നതിൽ വലിയ മുന്നേറ്റം സാധ്യമാക്കിയത്. മിക്ക കേസുകളിലും ചുരുങ്ങിയ സമയത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതിദുരന്തമുണ്ടായ പെട്ടിമുടി, കവളപ്പാറ, പുത്തുമല, കൂട്ടിക്കൽ എന്നിവിടങ്ങളിൽ അഗ്നിശമന സേനയുടെ പ്രവർത്തനം വിസ്മരിക്കാനാവാത്തതാണ്. സേനയെ കൂടുതൽ നവീകരിക്കാൻ സർക്കാർ മുൻകൈ എടുക്കുകയാണ്. ജയിലുകൾ പീഡന കേന്ദ്രങ്ങളാണെന്ന കൊളോണിയൽ കാഴ്ചപ്പാടിൽ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് അപകടങ്ങളും വർധിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ലഹരി ഉപയോഗം വർധിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ എക്സൈസ് വകുപ്പിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

 
 

LEAVE A REPLY

Please enter your comment!
Please enter your name here