കൊല്ലം: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ നന്ദിഗ്രാം ആക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബംഗാളില്‍ സി.പി.എമ്മിന് സംഭവിച്ചതു തന്നെ കേരളത്തിലും സംഭവിക്കും.പദ്ധതിയെ എതിര്‍ക്കുന്നവരെ സര്‍ക്കാര്‍ വികസന വിരോധികളും ദേശദ്രോഹികളുമെന്ന് മുദ്രകുത്തുന്നു. ലോകത്ത് എല്ലാ ഏകാധിപതികളും ഇങ്ങനെയാണ് ചെയ്യുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കൊല്ലം കുണ്ടറയില്‍ യു.ഡി.എഫ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, പി.സി വിഷ്ണുനാഥ് എം.എല്‍.എ എന്നിവരാണ് ഉപവാസ സമരം നടത്തുന്നത്.

യു.ഡി.എഫ് വികസന വിരോധികളാണെന്ന് സിപിഎമ്മാണ് പറയുന്നത്. ഇത് കേരളത്തെ മുഴുവന്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന പദ്ധതിയാണ്. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല. സില്‍വര്‍ ലൈന്‍ പോലെ കണ്ണൂരില്‍ കൃത്രിമ തടാകവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. 25 കിലോമീറ്റര്‍ നീളത്തില്‍ 60 കിലോമീറ്റര്‍ വീതിയിലുമാണ് ടൂറിസത്തിന്റെ പേരില്‍ നാടിനെ വെട്ടിമുറിക്കാന്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരുന്നത്. ടൂറിസം വളര്‍ത്താന്‍ നാട്ടില്‍ പുഴയും ജലാശങ്ങളും ഇല്ലാത്തപോലൊണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

മുന്‍പൊക്കെ ഒരു വികസന പദ്ധതി വന്നാല്‍ സി.പി.എം അവിടെ കൊണ്ടുവന്ന് കൊടികുത്തും. പദ്ധതി നടക്കില്ലെന്നാണ് അതിനര്‍ത്ഥം. ഇപ്പോള്‍ ചുവന്ന കൊടികുത്തിക്കഴിഞ്ഞാല്‍ ചര്‍ച്ചയ്ക്ക് ചെല്ലാനാണ് അര്‍ത്ഥമാക്കുന്നത്. ബന്ധപ്പെട്ടവര്‍ ലോക്കല്‍ സെക്രട്ടറിയേയോ ഏരിയ സെക്രട്ടറിയേയോ കണ്ട് ഒത്തുതീര്‍പ്പ് നടത്തണം. വലിയ പദ്ധതിയാണ് അതിനു മുകളിലുള്ള സെക്രട്ടറിമാരെ കാണണം. ചെന്നു കണ്ടാല്‍ എല്ലാം നടക്കുമെന്ന ധരാണയാണ് ഇപ്പോഴെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here