തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ ദുരൂഹതയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മനപ്പൂർവം അപകടം സൃഷ്ടിച്ചതാണോയെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ സ്വകാര്യ ലോബികളുടെ പങ്ക് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. മനപ്പൂർവമെങ്കിൽ കർശന നടപടി സ്വീകരിക്കും. വിശദമായ അന്വേഷണം നടത്തുമെന്ന് ആന്റണി രാജു കൂട്ടിച്ചേർത്തു.

ഇന്നലെ സർവ്വീസ് ആരംഭിച്ച കെ സ്വിഫ്റ്റിന്റെ രണ്ടാമത്തെ ബസും അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ സെമി സ്ലീപ്പർ നോൺ എ സി ഡീലക്‌സ് ബസാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയിൽ വച്ച് സ്വകാര്യ ബസ് കെ സ്വിഫ്റ്റ് തിരുവനന്തപുരം ഡീലക്‌സിൽ ഉരസി പോകുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

കെ – സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസും നേരത്തെ അപകടത്തിൽപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത സർവീസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പകരം കെഎസ്ആർടിസിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ് ആർടിസി എംഡി  ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ ലോബിയാണ് അപകടത്തിന്  പിന്നിലെന്നാണ് കെഎസ്ആർടിസിയുടെ ആരോപണം.

സംസ്ഥാനത്തെ പൊതുഗതാഗതമേഖലയിൽ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആർടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീർഘദൂര  സർവ്വീസുകൾക്കായി സർക്കാർ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സർക്കാർ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതിൽ 8 എസി സ്‌ളീപ്പറും, 20 എസി  സെമി സ്‌ളീപ്പറും ഉൾപ്പെടുന്നു.

കെഎസ്ആർടിസിയുടെ ദയാവധത്തിന് വഴിവക്കുന്നുവെന്നാരാപോപിച്ച് പതിപക്ഷ ട്രേഡ് യൂണിയനുകൾ ചടങ്ങ് ബഹിഷ്‌കരിച്ചു. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ പ്രതിഷേധ ദിനവും സംഘടിപ്പിച്ചു. ഭരണാനുകൂല സംഘടനയും ചടങ്ങിൽ നിന്ന് വിട്ടു നിന്നു. വിവാദങ്ങളെക്കുറിച്ച് ഒന്നും പറയാതെ,  ആശംസകൾ രണ്ട് വാചകങ്ങളിലൊതുക്കി മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫിനു ശേഷം വേദി വിട്ടു.

ശമ്പളം വിതരണം വൈകുന്നതിലുള്ള കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് കനത്ത സുരക്ഷാ ക്രമീകരണത്തിലാണ് കെ സ്വിഫ്റ്റ് ഉദ്ഘാടന ചടങ്ങ് നടന്നത്. യാത്ര സുഖം, സുരക്ഷിതത്വം, ന്യായമായ നിരക്ക് എന്നിവ കെഎസ്ആര്ടിസി സ്വിഫ്റ്റിലൂടെ അധികൃതർ ഉറപ്പ് നൽകുന്നുണ്ട്. കരാർ ജീവനക്കാരാണ്  കെ സ്വിഫ്റ്റിലുള്ളത്. അതേസമയം കെ സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നൽകിയ കേസിൽ കോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കും കമ്പനിയുടെ ഭാവി.

LEAVE A REPLY

Please enter your comment!
Please enter your name here