കൊച്ചി :  അതിഥി തൊഴിലാളികൾക്കായി അപ്നാ ഘർ പദ്ധതി പ്രകാരം കളമശേരിയിൽ നിർമ്മിക്കുന്ന ഹോസ്റ്റൽ സമുച്ചയത്തിൽ ആയിരം തൊഴിലാളികൾക്കു താമസിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.  തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷൻ കേരള(ബിഎഫ്‌കെ)യുടെ നേതൃത്വത്തിൽ കളമശേരി കിൻഫ്ര ഹൈടെക് പാർക്കിൽ നിർമ്മിക്കുന്ന ഹോസ്റ്റലിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വളരെ തുച്ഛമായ വാടക വാങ്ങിയാണ് തൊഴിലാളികൾക്കു താമസ സൗകര്യം നൽകുന്നത്. ഇങ്ങനെ അതിഥി തൊഴിലാളികൾക്കു തദ്ദേശീയരായ തൊഴിലാളികൾക്കു ലഭിക്കുന്ന എല്ലാ വിധത്തിലുള്ള സൗകര്യങ്ങളും ലഭ്യമാകണമെന്ന നയമാണു സർക്കാരിന്റേത്. ഈ ഹോസ്റ്റൽ സമുച്ചയത്തിന്റെ നിർമ്മാണപ്രവർത്തി എത്രയും വേഗത്തിൽ പൂർത്തീകരിച്ച് തൊഴിലാളികൾക്കു താമസത്തിനു നൽകുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികൾക്ക് താങ്ങാവുന്ന നിരക്കിൽ വൃത്തിയുള്ളതും സുരക്ഷിതവുമായ താമസസൗകര്യം ഒരുക്കുന്നതിനാണ് അപ്നാഘർ പ്രോജക്ട് കൊണ്ടു വന്നിട്ടുള്ളത്. ഇത്തരം ഹോസ്റ്റലുകളിൽ കിടപ്പുമുറികളും ഒന്നിലധികം അടുക്കളകളും റിക്രിയേഷൻ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. പാലക്കാട് കഞ്ചിക്കോട് ഇത്തരത്തിലുള്ള ഒരു പ്രോജക്ട് ഭവനം ഫൗണ്ടേഷൻ മുഖേന ആരംഭിച്ചിട്ടുണ്ട്. 620 തൊഴിലാളികൾ ഇവിടെ താമസിക്കുന്നുണ്ട്. അതിഥി തൊഴിലാളികൾക്ക് ഹോസ്റ്റലുകളുടെ രൂപത്തിൽ സുരക്ഷിതവും ശുചിത്വവമുള്ളതുമായ താമസ സൗകര്യം വാടകയ്ക്ക് കൊടുക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. കൂടാതെ കോഴിക്കോട് കിനാലൂരിൽ 520 തൊഴിലാളികൾക്ക് താമസിക്കുന്നതിനായി നിർമ്മിച്ചു വരുന്ന കെട്ടിടത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം അടുത്ത മാസം നടത്തുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും കൂലി വ്യവസ്ഥയുമാണ് അതിഥി തൊഴിലാളികൾ ഇവിടേക്ക് തൊഴിൽ തേടിയെത്തുന്നതിന് കാരണമെന്ന് മന്ത്രി പറഞ്ഞു. ഇവിടെ എത്തുന്ന അതിഥി തൊഴിലാളികളിൽ 88 ശതമാനം പുരുഷന്മാരും 12 ശതമാനം സ്ത്രീകളുമാണ്. ഇവർക്കായി നിരവധി ക്ഷേമ പദ്ധതികളാണ് സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കോവിഡ് കാലത്ത് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഇവർക്ക് ഭക്ഷണവും താമസസൗകര്യവും ഏർപ്പെടുത്തി. സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിച്ചവർക്ക് യാത്രാ സൗകര്യം ഉൾപ്പെടെയുള്ളവയും ഉറപ്പാക്കി. അതിഥി തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തിയ ഏക സംസ്ഥാനമാണ് കേരളം. ഈ പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തിൽപരം തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് നമ്മുക്ക് കഴിഞ്ഞു. ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് എല്ലാ സർക്കാർ ആശുപത്രികളിലും എം.പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ഒരുക്കുന്നതിന് തൊഴിൽ വകുപ്പ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിന് കീഴിൽ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി എന്ന ഒരു പദ്ധതിയും അതിഥി തൊഴിലാളികൾക്കായി ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതിയിൽ അംഗമാകുന്ന തൊഴിലാളികൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭ്യമാണ്. ഇവിടെ മരണമടയുന്ന തൊഴിലാളിയുടെ നോമിനിക്ക് 25,000 രൂപയും തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകട മരണത്തിന് 2 ലക്ഷം രൂപയും പദ്ധതിയിലൂടെ നൽകുന്നു. കൂടാതെ സ്ത്രീ തൊഴിലാളികൾക്ക് പ്രസവാനുകൂല്യം, തൊഴിലാളികളുടെ മക്കൾക്ക് പഠനാനുകൂല്യവും തുടങ്ങിയവയും പദ്ധതിയിലൂടെ ലഭിക്കുന്നു. എല്ലാ തൊഴിലാളികളും ഈ പദ്ധതിയിൽ അംഗമാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിവോൾവിംഗ് ഫണ്ട് ആയി പരമാവധി 50,000 രൂപ കുടിയേറ്റ തൊഴിലാളി പദ്ധതി പ്രകാരം ലഭിക്കും. കൂടാതെ അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനും ക്ഷേമപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായുള്ള അതിഥി ആപ്പിന്റെ പ്രവർത്തനം ഉടൻ  തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരെ കേരളം മാത്രമാണ് അതിഥി എന്ന പരിഗണനയോടെ സ്വീകരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. അതിഥി തൊഴിലാളികളെ ചൂഷണങ്ങൾ ഇല്ലാതെ തുല്യപരിഗണന നൽകി സംരക്ഷിക്കുക എന്നതാണ് സർക്കാർ നിലപാട്. അവരുടെ സംരക്ഷണത്തിനും മറ്റും സജീവമായി ഇടപെടുകയും വേണ്ട പരിഹാര മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന മന്ത്രി വി.ശിവൻകുട്ടിയെ പ്രത്യേകം അഭിനന്ദിക്കുന്നു.  ‘അപ്നാ ഘർ’ പദ്ധതി കളമശേരിയിൽ കൊണ്ടുവന്നതിനാൽ മണ്ഡലത്തിലെ എം എൽ എ എന്ന നിലയിലും മന്ത്രിയോട് നന്ദി അറിയിക്കുന്നതായി മന്ത്രി രാജീവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here