മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്:  ആവേശകരമായി ഇഞ്ചോടിഞ്ച് പൊരുതി മത്സരിച്ച ഡാളസ് സ്ട്രൈക്കേഴ്സ്,   വാഷിങ്ടൺ കിങ്‌സ് ടീമിനെ രണ്ടിനെതിരെ മൂന്നു മത്സരങ്ങൾ വിജയിച്ച്  മുപ്പതിനാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെൻറ്  സൂപ്പർ ട്രോഫി കരസ്ഥമാക്കി. ശനി, ഞായർ ദിവസങ്ങളിലായി വോളീബോൾ പ്രേമികളെ  സ്തബ്ദ്ധരാക്കി നടന്ന വാശിയേറിയ മത്സരങ്ങളിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും  ക്യാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നും എത്തിച്ചേർന്ന പതിനഞ്ചോളം വോളീബോൾ ടീമുകൾ തങ്ങളുടെ തീപാറുന്ന പ്രകടനങ്ങൾ സ്റ്റേഡിയത്തിൽ കാഴ്ച്ച വച്ചു.  ഓപ്പൺ കാറ്റഗറി, 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ കാറ്റഗറി, നാൽപ്പത് വയസ്സിനു മുകളിലുള്ള പുരുഷന്മാരുടെ കാറ്റഗറി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നാൽപ്പത്തി അഞ്ച് മത്സരങ്ങളാണ് നാല് കോർട്ടുകളിലായി അരങ്ങേറിയത്.

ശനിയാഴ്ച്ച രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച കളിക്കാരുടെ ടീമുകളുടെ മാർച്ച്പാസ്റ്റിന് ശേഷം ജിമ്മി ജോർജിനൊപ്പം കളിച്ചു വളർന്ന ഇന്ത്യൻ നാഷണൽ വോളീബോൾ താരമായിരുന്ന പാലാ  എം.എൽ.എ. ശ്രീ. മാണി സി. കാപ്പൻ ടൂർണമെന്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. പാലാ മുൻ മുനിസിപ്പൽ ചെർമാനായിരുന്ന കുര്യാക്കോസ് പാലക്കലും ഉത്ഘാടന ചടങ്ങിൽ സന്നിഹിതാനായിരുന്നു. പിന്നീടങ്ങോട്ട് ക്വീൻസ് കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നാല് കോർട്ടുകളിലായി ന്യൂയോർക്കിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടുള്ള വോളീബോൾ മാമാങ്കങ്ങളുടെ ഘോഷയാത്ര ആയിരുന്നു. ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനങ്ങളാണ് കാഴ്ച വച്ചത്.

ന്യൂയോർക്കിൽ നിന്നും മറ്റ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ത  രാജ്യക്കാരായ ആയിരക്കണക്കിന് സ്പോർട്സ്  പ്രേമികളാണ് ടൂർണമെൻറ്  ദർശിക്കുവാൻ എത്തിച്ചേർന്നത്. വന്നവരെല്ലാവരും കുറേ  നാളുകൾക്കു ശേഷം മെച്ചപ്പെട്ട വോളീബോൾ ടൂർണമെൻറ് കാണുവാൻ സാധിച്ചതിലുള്ള സംതൃപ്തിയോടെയാണ് വേദിയിൽ നിന്നും പോയത്.  ആതിഥേയരായ കേരളാ സ്‌പൈക്കേഴ്‌സ് വോളീബോൾ ക്ളബ്ബ് ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ടീമും സംഘാടക സമിതി അംഗങ്ങളും വളരെ മനോഹരമായി രണ്ടു ദിവസങ്ങളിലെ ടൂർണമെന്റ് സംഘടിപ്പിക്കുവാൻ സാധിച്ചതിലുള്ള പൂർണ്ണ സംതൃപ്തിയിലാണ്. പ്രതീക്ഷിച്ചതിലധികം കാണികൾ ടൂർണമെൻറ് മത്സരങ്ങൾ കാണുവാൻ എത്തിയത് പ്രോത്സാഹജനകമായി ടൂർണമെൻറ്  വൻ വിജയത്തിലെത്തിക്കുവാൻ  സാധിച്ചു എന്ന് സംഘാടക സമിതി പ്രസിഡൻറ് ഷാജു സാം പറഞ്ഞു. പതിന്നാല് വർഷങ്ങൾക്ക് ശേഷം ന്യൂയോർക്കിൽ നടത്തപ്പെട്ട  34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റ് വൻ വിജയത്തിലെത്തിക്കുവാൻ സഹായിച്ച എല്ലാ സ്പോൺസർമാരോടും സംഘാടക സമിതി അംഗങ്ങളോടും നല്ലവരായ സ്പോർട്സ് പ്രേമികളോടും എല്ലാ  ടീം അംഗങ്ങളോടും പ്രോഗ്രാമിന്റെ ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ അകൈതവമായ നന്ദി രേഖപ്പെടുത്തി.

ടൂർണമെന്റിൽ വിജയിച്ചവർക്കെല്ലാം മുഖ്യ അതിഥി മാണി സി. കാപ്പൻ  ട്രോഫിയും സമ്മാനങ്ങളും നൽകി. ഓപ്പൺ കാറ്റഗറിയിൽ വാഷിങ്ടൺ കിങ്സിനെ തോൽപ്പിച്ച് ഡാളസ് സ്ട്രൈക്കേഴ്സ് ജിമ്മി ജോർജ് ട്രോഫി കരസ്ഥമാക്കി. അണ്ടർ 18 കാറ്റഗറിയിൽ ഫിലാഡൽഫിയയിലെ ഫിലി സ്റ്റാർസിന്റെ ചുണക്കുട്ടികൾ ഡാളസ് സ്ട്രൈക്കേഴ്സ് ടീമിനെ പരാചയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി. നാൽപ്പതു വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ കളികളിൽ ആതിഥേയരായ ന്യൂയോർക്ക് സ്പൈകേഴ്സ് കാനഡാ ലയൺസ് ടീമുമായി ഏറ്റുമുട്ടി ട്രോഫി കരസ്ഥമാക്കി. വിജയികൾക്കും റണ്ണറപ്പുകൾക്കും മുഖ്യാതിഥി എം. എൽ.എ. മാണി സി. കാപ്പനും മുഖ്യ സ്പോൺസേഴ്‌സും ചേർന്ന് ട്രോഫികൾ നൽകി. രണ്ട്  ദിവസത്തെ മത്സരങ്ങൾ വീക്ഷിച്ച ശ്രീ. കാപ്പൻ എല്ലാ വിജയികളെയും ആശംസിക്കുകയും ഭാവിയിലേക്ക് വാഗ്ദാനങ്ങളായ നല്ല കളിക്കാരെ വളർത്തിയെടുക്കുവാൻ ഇത്തരം മത്സരങ്ങൾ ഉതകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ടൂർണ്ണമെന്റിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ ഒരു കോപ്പി ഫണ്ട് റൈസിംഗ് കൺവീനറായ സിറിൽ മഞ്ചേരിക്ക് നൽകിക്കൊണ്ട് മാണി സി. കാപ്പൻ  പ്രകാശനവും നിർവ്വഹിച്ചു. ഞായറാഴ്ച ഉച്ചക്ക് ശേഷം കളികൾ കാണുവാൻ എത്തിച്ചേർന്ന ന്യൂയോർക്ക് സംസ്ഥാന സെനറ്റർ കെവിൻ തോമസ് ടൂർണമെന്റ് സംഘാടകരെ അനുമോദിക്കുകയും സെനറ്ററിൻറെ സൈറ്റേഷൻ സംഘാടക സമിതി പ്രസിഡൻറ്  ഷാജു സാമിന്‌  സമ്മാനിക്കുകയും ചെയ്തു. മുഖ്യ അതിഥി  മാണി സി. കാപ്പനും സെനറ്റർ കെവിൻ തന്റെ പ്രശംസാ പത്രമായ സൈറ്റേഷൻ നൽകി.

മത്സരങ്ങൾക്ക് ശേഷം ഞായറാഴ്ച വൈകിട്ട് എട്ടു മണിയോടെ വിശിഷ്ടാതിഥികൾക്കും, സ്പോൺസർമാർക്കും, കളിക്കാർക്കും  ക്ഷണിക്കപ്പെട്ടവർക്കും മറ്റുമായി കലാപരിപാടികളുടെ അകമ്പടിയോടെ എൽമോണ്ടിലുള്ള വിൻസെന്റ് ഡീപോൾ മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് ബാങ്ക്വറ്റ് ഡിന്നറും സംഘാടകർ ക്രമീകരിച്ചു. ഡാളസിൽ വച്ച് നടത്തപ്പെടുന്ന അടുത്ത വർഷത്തെ വോളീബോൾ ടൂർണ്ണമെന്റിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ കളിക്കാർ എല്ലാവരും അവരവരുടെ ദേശങ്ങളിലേക്കു യാത്രയായി.