ന്യുയോര്‍ക്ക്: ഇന്ത്യയിലേക്ക് പുറംകരാര്‍ ജോലികള്‍ ഒഴുക്കുന്നതിനെതിരേ ഒബാമ ഭരണകൂടം ശക്തമായ നിലപാടുകള്‍ തുടരുന്നതിനിടെ യുഎസിലെ ഏറ്റവും വലിയഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡോണല്‍സ് യൂഎസിലെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പുറംജോലി കരാറുകളിലൂടെ ഇന്ത്യയിലേക്കു മാറ്റാന്‍ ഒരുങ്ങുന്നു. 2017 ഡിസംബറോടെ 50 കോടി ഡോളര്‍ ചെലവു ചുരുക്കണമെന്ന നയത്തിന്റെ ഭാഗമാണ് നടപടിയെന്ന് കമ്പനി വക്താവ് ടെറി ഹിക്കെ പറഞ്ഞു.

ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്കിന്റെ നേതൃത്വത്തില്‍ 3300 കോടി രൂപയ്ക്കുള്ള ചെലവ് ചുരുക്കലിന്റെ നടപടികളിലാണ് കമ്പനി. യുഎസില്‍ ഒട്ടേറെ ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍ ആണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്കൗണ്ടിങ്, കസ്റ്റമര്‍ സപ്പോര്‍ട്ട് തുടങ്ങിയ വിഭാഗങ്ങളാണ് ഇന്ത്യയിലേക്കു മാറ്റുന്നത്. ഇന്ത്യയിലേക്ക് പുറംജോലി കരാറുകള്‍ നല്‍കുന്നത് യുഎസിലെ തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുന്ന സാഹചര്യത്തില്‍ മക്‌ഡോണല്‍ഡ്‌സിന്റെ നീക്കം വലിയ വിവാദമായേക്കും. പുറംജോലി കരാറുകള്‍ മൂലമുള്ള തൊഴില്‍ നഷ്ടം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സജീവ പ്രചാരണ വിഷയവുമാണ്.

ഒഹായോയിലെ കൊളംബസിലുള്ള റീജനല്‍ ഓഫിസിനാണ് പുതിയ നയം ആദ്യം താഴിടുന്നത്. പ്രവര്‍ത്തനം പുനഃസംഘടിപ്പിക്കുന്നതും തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുന്നതും കാരണം ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നാണ് മേയ് 13ന് ജീവനക്കാര്‍ക്ക് ലഭിച്ച നോട്ടിസ് പറയുന്നത്. ഈ മാസം ആരംഭിക്കുന്ന ലേഓഫ് നടപടികള്‍ ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നും നോട്ടിസിലുണ്ട്. റസ്റ്ററന്റുകളുടെ സപ്പോര്‍ട്ട് സര്‍വീസ്, അക്കൗണ്ടിങ് തുടങ്ങിയ വിഭാഗങ്ങളിലെ 70 പേരാണ് ആദ്യ ഘട്ടത്തില്‍ പിരിച്ചുവിടലിന് ഇരയാകുന്നത്. മക്‌ഡോണല്‍ഡ്‌സിന്റെ വളര്‍ച്ച മുരടിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊത്തം 40 റീജനല്‍ ഓഫിസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 25. ഇവയില്‍ പലതും അടച്ചുപൂട്ടാന്‍ പോകുകയാണ്. 2015 ല്‍ കമ്പനി 400 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here