vs_achuthanandan_kerala_070526

ന്യൂഡല്‍ഹി:കേരളത്തിലെ സിപിഎം രാഷ്ട്രീയത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവായ വി.എസ്.അച്യുതാനന്ദന്‍ ആകെ ആശയക്കുഴപ്പത്തിലാണ്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാനായി കഴിഞ്ഞദിവസം സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് അടപ്രഥമനും പാല്‍പായസവുമുള്‍പ്പെട്ട സദ്യയൊരുക്കി കേരളഘടകം നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ സന്തോഷം പങ്കിട്ടപ്പോള്‍ അതില്‍ ശ്രദ്ധേയസംഭാവന ചെയ്ത വി.എസ് മനപ്പായസം ഉണ്ടുകഴിയുകയായിരുന്നു. വിരുന്നില്‍ പങ്കെടുക്കാതെ സ്വന്തം മുറിയിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു വി.എസ്. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ഇടവേളയില്‍ കേരള ഹൗസിലെ പ്രധാന കന്റീനിലാണു പാര്‍ട്ടി വിരുന്നൊരുക്കിയത്. യോഗവേദിയായ എകെജി സെന്ററില്‍ നിന്നു നേതാക്കളെ കേരള ഹൗസിലെത്തിക്കാന്‍ ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

തനതു കേരള വിഭവങ്ങളും ഉത്തരേന്ത്യന്‍ വിഭവങ്ങളും വിരുന്നിന് ഒരുക്കിയിരുന്നു. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് ഏറെ പ്രിയം കേരള വിഭവങ്ങളോടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്നു കേരള ഹൗസില്‍ നേതാക്കളെ സ്വീകരിച്ചു. ഇതിനിടെ മകന്‍ വി.എ. അരുണ്‍കുമാറിനൊപ്പമെത്തിയ അച്യുതാനന്ദന്‍ നേതാക്കള്‍ക്കു മുഖം നല്‍കാതെ സ്വന്തം മുറിയിലേക്കു പോയി. പുറത്തുവരാതെ അവിടെയിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബിമന്‍ ബോസ്, സുര്‍ജ്യകാന്ത് മിശ്ര തുടങ്ങിയവര്‍ വിരുന്നിനെത്തി. സിപിഎം ആസ്ഥാനമായ എകെജി ഭവനിലെ ജീവനക്കാരും വിരുന്നില്‍ പങ്കെടുത്തു.

വെറും എംഎല്‍എ ആയി വി.എസിനെ ഒതുക്കിയ സംസ്ഥാനഘടകത്തോടുള്ള പ്രതിഷേധമായിരുന്നു ഈ വിട്ടുനില്‍ക്കല്‍. സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം നാളിത്രയായിട്ടും വിഎസിനെ ഉചിതമായ പദവിയില്‍ നിയമിക്കാത്തതിലുള്ള അതൃപ്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ കേരളത്തിലെ നേതാക്കളോടു പ്രകടിപ്പിച്ചുവെന്നാണു സൂചന. യോഗത്തിനെത്തിയ വിഎസിനെ യെച്ചൂരി പ്രത്യേകമായി കണ്ടു ചര്‍ച്ച നടത്തി. തനിക്ക് ആലങ്കാരിക പദവികളില്‍ യാതൊരു താത്പര്യവുമില്ലെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും അവിടെയാണു പദവി വേണ്ടതെന്നും വിഎസ് പറഞ്ഞതായാണു റിപ്പോര്‍ട്ട്. തന്നെ അധികാരക്കൊതിയന്‍ എന്നു ചിത്രീകരിക്കാനുള്ള പാര്‍ട്ടിയിലെ ചിലരുടെ ശ്രമത്തില്‍ അദ്ദേഹം കടുത്ത പ്രതിഷേധവും അറിയിച്ചു.

വിഎസിന്റെ ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നു യെച്ചൂരി വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നതിനു മുന്‍പാണു വിഎസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും തന്റെ പദവിയെപ്പറ്റിയും അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട പൊളിറ്റ് ബ്യൂറോ കമ്മിഷന്റെ തുടര്‍നടപടികളെപ്പറ്റിയും വിഎസ് ചില അഭിപ്രായങ്ങള്‍ ജനറല്‍ സെക്രട്ടറിക്കു മുന്നില്‍ വച്ചിട്ടുണ്ട്. എല്ലാം പരിശോധിക്കാമെന്നായിരുന്നു മറുപടി.


അതേസമയം, വിഎസിന്റെ പദവി സംബന്ധിച്ച ഒരു നിര്‍ദേശവും തന്റെ സര്‍ക്കാരിനു മുന്നില്‍ എത്തിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പൊതുപ്രവര്‍ത്തനം നടത്താന്‍ പ്രായം ആര്‍ക്കും ഒരു തടസമല്ല. സന്നദ്ധതയും താത്പര്യവുമുള്ള ആര്‍ക്കും പൊതുപ്രവര്‍ത്തനം നട ത്താം കേന്ദ്ര കമ്മിറ്റിയുടെയും പൊളിറ്റ് ബ്യുറോയുടെയും യോഗത്തിനെത്തിയ പിണറായി വ്യക്തമാക്കി.
വിഎസിന് ഉചിതമായ പദവി ക്യാബിനറ്റ് റാങ്കോടെ നല്‍കണമെന്നും അക്കാര്യം സര്‍ക്കാരാ ണു തീരുമാനിക്കേണ്ടതെ ന്നും പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം നേരത്തേ പറഞ്ഞിരുന്നു. അത്തരം യാതൊരു നിര്‍ദേശ വും സര്‍ക്കാരിനു മുന്നില്‍ ഇപ്പോഴില്ലെന്നാണു പിണറായി വ്യക്തമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here