മുന്നറിയിപ്പ് നല്‍കിയിട്ടും കുറ്റകൃത്യങ്ങളില്‍ കണ്ണികളായവര്‍ക്ക് കാനഡ വിസ നല്‍കുകയാണെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. അദ്ദേഹത്തിന്റെ ‘വൈ ഭാരത് മാറ്റേര്‍സ്’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട സംവാദപരിപാടിക്കിടെയാണ് പ്രതികരണം. കാനഡയില്‍ പാകിസ്താന്‍ അനുകൂല ചായ്‌വുള്ളവര്‍ രാഷ്ട്രീയമായി സംഘടിക്കുകയും സ്വാധീനമുള്ള ഒരു രാഷ്ടീയ ലോബിയായി മാറിയിരിക്കുകയുമാണെന്ന് ജയശങ്കര്‍ പറഞ്ഞു.

ചില രാജ്യങ്ങളില്‍ ഇത്തരം ആളുകള്‍ രാഷ്ട്രീയമായി സംഘടിക്കുകയും ഒരു രാഷ്ട്രീയ ലോബിയായി മാറുകയും ചെയ്യുന്നു. ഇപ്പോൾ നമ്മുടെ ഏറ്റവും വലിയ പ്രശ്‌നം കാനഡയാണ്. കാനഡയില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയും മറ്റു പാര്‍ട്ടികളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്രവാദത്തിനും വിഘടനവാദത്തിനും അക്രമത്തിന്റെ വക്താക്കള്‍ക്കും നിയമസാധുത നല്‍കുന്നു. ഈ ലോകം ഒരു വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന ഒന്നല്ലെന്ന് അവര്‍ മനസ്സിലാക്കണം. ന്യൂട്ടണ്‍സ് ലോ ഓഫ് പൊളിറ്റിക്‌സ് ഇവിടെ പ്രാവര്‍ത്തികമാകും. പ്രതിപ്രവര്‍ത്തനമുണ്ടാകും. മറ്റുള്ളവര്‍ അതിനെ പ്രതിരോധിക്കാനായി നടപടികളെടുക്കും, ജയശങ്കര്‍ പറഞ്ഞു.

പഞ്ചാബില്‍നിന്നുള്ള കുറ്റവാളികളെ കാനഡ സ്വാഗതംചെയ്യുകയാണ്. കാനഡ വിസ നല്‍കിയവര്‍ ഇന്ത്യ നോട്ടമിട്ട ക്രിമിനലുകളാണെന്ന് കാനഡയോട് പറഞ്ഞിട്ടുള്ളതാണ്. ഒട്ടുമിക്കവരും വ്യാജരേഖയിലാണ് വരുന്നത്. എന്നിട്ടും അവരെ അവിടെ താമസിക്കാന്‍ അനുവദിക്കുകയാണ്. അവിടെ എന്തെങ്കിലും സംഭവിച്ചാല്‍ അവരാണ് അതില്‍ വിഷമിക്കേണ്ടതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.