കൊച്ചി:ജിഷ വധക്കേസിലെ പ്രതി പല്ലിന് വിടവുള്ള, മുടി വൈക്കോല്‍ത്തുറു പോലെയുള്ളയാളാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം കേരളത്തില്‍ എത്ര യുവാക്കളെയാണ് തീ തീറ്റിച്ചതെന്ന് ഇനിയും വ്യക്തമല്ല. ഏറ്റവുമൊടുവില്‍ പ്രതിയെ പോലീസ് പിടികൂടിയെന്നു പറയുമ്പോള്‍ പോലീസ് മുമ്പുപറഞ്ഞ പ്രത്യേകതകളൊന്നും പ്രതിക്ക് ഇല്ലായെന്നും വ്യക്തമാകുന്നു. മുന്‍നിരപ്പല്ലിന് വിടവുള്ളയാളാണ് കൊലയാളിയെന്ന നിഗമനത്തിലായിരുന്നു ആദ്യം അന്വേഷണസംഘം. ഇപ്പോള്‍ പിടിയിലുള്ള അമീറിന്. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ആസാം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാമിന്റെ മുന്‍നിരയിലെ പല്ലിന് വിടവില്ല, മുമ്പ് രേഖാചിത്രത്തില്‍ വരച്ച ചുരുണ്ട മുടിയുമല്ല. കൊലപ്പെടുത്തുന്നതിന് മുന്‍പ് ജിഷയുടെ ഇടത് തോളില്‍ പ്രതിയുടെ കടിയേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പല്ലിന് വിടവുള്ളയാളാണ് പ്രതിയെന്ന നിഗമനത്തിലെത്തിയത്.

അന്ന്, ഇതേത്തുടര്‍ന്ന് പല്ലിന് വിടവുള്ളവരെ തേടി അന്വേഷണം ആരംഭിച്ചു. പരിസരവാസികളെയും ഇതരസംസ്ഥാനക്കാരെയും മാങ്ങ കടിപ്പിച്ചും മറ്റുമായിരുന്നു അന്വേഷണം. എന്നാല്‍ പിടിയിലായ പ്രതിയുടെ പല്ലിന് വിടവ് ഇല്ലാത്തത് പോലീസിനെ കുഴക്കുകയാണ്. പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യം ഇല്ലെന്നുതന്നെയാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇന്നു തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഇയാളുടെ ദൃശ്യം പരസ്യമാവുകയും ചെയ്യും. പല്ലിന്റെ വിടവും മുടിയുടെ പ്രശ്‌നവും മാത്രമല്ല കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന്റെ വെളിപ്പെടുത്തലും പ്രതിയുടെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി വെളിപ്പെടുന്നു. കമ്പിപ്പാര ഉപയോഗിച്ചാണ് ജിഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, കത്തി ഉപയോഗിച്ചാണ് ജിഷയ്‌ക്കെതിരെ അക്രമം നടത്തിയെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. പ്രതി താമസിച്ചിരുന്ന വീട്ടില്‍നിന്നും കണ്ടെത്തിയ കത്തി ജിഷയുടെ ദേഹത്ത് ഏല്‍പ്പിച്ച മുറിവുകള്‍ക്ക് പ്രാപ്തമല്ലെന്നും പറയുന്നു. കുളിക്കടവിലെ പോലീസ് കഥയുള്‍പ്പെടെ എല്ലാറ്റിന്റെയും യുക്തിയും ചോദ്യം ചെയ്യപ്പെടുകയാണ്. മറ്റാരുടെയെങ്കിലും പ്രേരണയും സഹായവും കൊലപാതകത്തിന് പിന്നില്‍ ഉണ്ടായിരിക്കാമെന്നാണ് നാട്ടുകാരുടെ വിശ്വാസം. സംഭവത്തിലെ ദുരൂഹത പൂര്‍ണമായും ഒഴിവാക്കി സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരാന്‍ പോലീസിന് ഏറെ പണിപ്പെടേണ്ടിവരും.

ജിഷയുടെ കൊലപാതകിയെ കണ്ടെത്താനുള്ള അന്വേഷണം വഴിമുട്ടി നില്‍ക്കുമ്പോള്‍ പൊലീസിനു ലഭിച്ച ‘കൊല നടത്തിയത് ഒരാള്‍ തനിച്ച്, ഒരേ ഒരു ആയുധം ഉപയോഗിച്ച്, കൃത്യം നടത്തിയത് പത്തു മിനിറ്റിനുള്ളില്‍, കൊലയാളി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നു’ എന്നു വ്യക്തമാക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടാണ് അമീറുല്‍ ഇസ്‌ലാമെന്ന പ്രതിയിലേക്കു പൊലീസിനെ നയിച്ചത്. ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വീടും കൊലയ്ക്കു ശേഷം പ്രതി കടന്ന വഴിയും പരിശോധിച്ച കേരള പൊലീസിന്റെ സീനിയര്‍ ഫൊറന്‍സിക് കണ്‍സല്‍റ്റന്റും പൊലീസ് സര്‍ജനുമായ ഡോ. പി.ബി.ഗുജ്‌റാളാണ് നിര്‍ണായകമായ ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.

ജൂണ്‍ നാലിനാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം ഡിവൈഎസ്പി മാരായ എം.ജെ.സോജന്‍, കെ.സുദര്‍ശന്‍ എന്നിവര്‍ക്കൊപ്പം ഡോ. ഗുജ്‌റാള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചത്.ഇതുവരെ പ്രതിയെ കണ്ടെത്താന്‍ വ്യാപകമായ അന്വേഷണം നടത്തിയ സംഘത്തിനു പുതിയ ദിശാബോധം നല്‍കുന്ന നിഗമനങ്ങളാണ് അദ്ദേഹം നടത്തിയതെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.കൊലയാളി ജിഷയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം നടന്നു പോയ വഴിയാണ് ഇയാളുടെ സ്ഥലപരിചയം വ്യക്തമാക്കുന്നത്. സ്ഥിരമായി അതുവഴി പോകാറുള്ള ഒരാള്‍ക്കു മാത്രം മനസിലാവുന്ന വഴിയിലൂടെയാണ് കൊലയാളി മിനിറ്റുകള്‍ക്കകം അപ്രത്യക്ഷനായത്. ഇതോടെ വട്ടോളിപ്പടി പ്രദേശത്തെ സെല്‍ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള സിഗ്‌നല്‍ വിശദാംശങ്ങള്‍ മാത്രം പൊലീസ് ശേഖരിച്ചു പരിശോധിച്ചു.

കൊല നടന്ന ഏപ്രില്‍ 28 ന് ഈ ടവര്‍ പരിധിയില്‍ കണ്ട ഒരു നമ്പര്‍ അന്നു രാത്രി മുതല്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു വ്യക്തമായി. പിന്നീടുള്ള ഓരോ ദിവസവും ഈ നമ്പര്‍ ഡിവൈഎസ്പി സുദര്‍ശന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. അറസ്റ്റിന് ഒരാഴ്ച മുന്‍പ് ഒരു ദിവസം രാത്രിയില്‍ പൊലീസ് നിരീക്ഷിച്ചിരുന്ന സിംകാര്‍ഡ് അഞ്ചു മിനിറ്റു മാത്രം വീണ്ടും പ്രവര്‍ത്തിച്ചു. ഞൊടിയിടയില്‍ നാല് എസ്എംഎസ് സന്ദേശങ്ങള്‍ ഈ ഫോണിലേക്ക് എത്തിയതോടെ സിംകാര്‍ഡിന്റെ ലൊക്കേഷന്‍ തമിഴ്‌നാട്ടിലെ കാഞ്ചീപുരമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ ഡിവൈഎസ്പി എം.ജെ.സോജന്റെ നേതൃത്വത്തില്‍ എസ്‌ഐ എ.അഷറഫ്, എസ്‌ഐ കെ.എം.ഹബീബ്, സീനിയര്‍ സിവില്‍ ഓഫിസര്‍ പി.സുനില്‍ എന്നിവരുടെ സംഘം കാഞ്ചീപുരത്തേക്കു കുതിച്ചു. രണ്ടു ദിവസത്തെ തിരച്ചിലിനൊടുവില്‍ പ്രതി അമീറുമായി ഇവര്‍ കേരളത്തിലെത്തി.കൊലപാതകവുമായി ബന്ധപ്പെടുത്തുന്ന മറ്റുചില നിര്‍ണായക നിഗമനങ്ങളും ഡോ. ഗുജ്‌റാളിന്റെ റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ അവ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here