rahulന്യൂഡല്‍ഹി: ദേ…പിന്നേം പോകുന്നു. ഉത്തരവാദിത്വപ്പെട്ട പ്രശ്‌നങ്ങള്‍ ചെയ്തുതീര്‍ക്കേണ്ട സമയത്ത് ഇറങ്ങിപ്പോകുന്ന പതിവ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും ആവര്‍ത്തിക്കുന്നു. വീണ്ടും അജ്ഞാത വിദേശയാത്രയ്ക്ക് ഒരുങ്ങുകയാണ് രാഹുല്‍.. ഇത്തവണ രാഹുല്‍തന്നെ യാത്രാ വിവരം അറിയിച്ചു. എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന കാര്യം മാത്രം അറിയിച്ചില്ല. വിദേശത്ത് ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തുന്നുവെന്നായിരുന്നു രാഹുലിന്റെ ട്വിറ്റ്. രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും അജ്ഞാത വാസത്തിനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം 56 ദിവസം രാഹുല്‍ അജ്ഞാതവാസം നടത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഒട്ടേറെ അഭ്യൂങ്ങള്‍ക്കിട നല്‍കിയതായിരുന്നു യാത്ര. എവിടേക്കായിരുന്നു രാഹുലിന്റെ യാത്രയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും അന്ന് വ്യക്തതയുണ്ടായിരുന്നില്ല.

വിദേശത്ത് ധ്യാനത്തിലേര്‍പ്പെട്ട് മനസ്സിനെ ശക്തിപ്പെടുത്തുകയായിരുന്നു രാഹുലെന്നാണ് പിന്നീട് പുറത്തുവന്ന വിവരങ്ങള്‍. ”കുറച്ചു ദിവസത്തേക്കു രാജ്യത്തിനു പുറത്തേക്കു യാത്രചെയ്യുന്നു. പിറന്നാള്‍ ദിവസം ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി’ ഇതാണു രാഹുലിന്റെ ട്വീറ്റ്. കഴിഞ്ഞദിവസമായിരുന്നു രാഹുലിന്റെ 46ാം പിറന്നാള്‍. കഴിഞ്ഞ വര്‍ഷം രണ്ടു മാസത്തോളം രാഹുല്‍ ഗാന്ധി രാജ്യം വിട്ടു മാറിനിന്നിരുന്നു. രാഹുല്‍ എവിടെയായിരുന്നു എന്ന് ഇപ്പോഴും വ്യക്തമല്ല. ധ്യാനത്തിലായിരുന്നു എന്നായിരുന്നു രാഹുലിന്റെ വിശദീകരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെയുള്ള രാഹുലിന്റെ അജ്ഞാതവാസം വിവാദമായിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു രാഹുല്‍ വിദേശയാത്ര നടത്തിയതിനെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നു. യുപി തെരഞ്ഞെടുപ്പിനു വേണ്ടി പാര്‍ട്ടി തയാറെടുക്കുന്നതിനിടെയാണ് ഇപ്പോഴത്തെ യാത്ര. കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്നു പാര്‍ട്ടി നേതൃത്വത്തില്‍ ആവശ്യം ശക്തമാകുന്നതിനിടെയാണു യാത്രയെന്നതും ശ്രദ്ധേയം.

 

LEAVE A REPLY

Please enter your comment!
Please enter your name here