ന്യൂജഴ്സി ∙ ഞാൻ വിരമിക്കുന്നു! – പറയുന്നത് സാക്ഷാൽ മെസ്സിയാകുമ്പോൾ സമകാലീന ഫുട്ബോളിൽ വൻ വിസ്ഫോടനശക്തിയുണ്ട് ഈ വാക്കുകൾക്ക്. കാൽപ്പന്തുകളിയെ സ്നേഹിക്കുന്നവർ (മെസ്സിയെ എന്നല്ല, കാൽപ്പന്തുകളിയെ എന്നുതന്നെയാണ്) കേൾക്കരുതേ എന്നാഗ്രഹിച്ച വാക്കുകൾ. ഏറെ മോഹിച്ച ഒരു കിരീടം വീണ്ടും കൈവിട്ടതിന്റെ നിരാശയിൽനിന്നുതിർന്നതാണെങ്കിലും മെസ്സി ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് സ്വപ്നേപി ചിന്തിച്ചിരുന്നില്ല ആരും. ഫുട്ബോൾ ഇഷ്ടപ്പെടുന്ന മെസ്സിയുടെ ശത്രുക്കൾ പോലും (ഫുട്ബോളിലെ സ്നേഹിക്കുന്ന മെസ്സിയുടെ ശത്രു എന്ന പ്രയോഗത്തിൽ തന്നെ വൈരുദ്ധ്യമുണ്ടെന്നൊരു തോന്നൽ. ക്രിസ്തുവിനെ വെറുത്ത് ക്രിസ്ത്യാനിയായിരിക്കാൻ പറ്റുമോ!) ആഗ്രഹിച്ചിരിക്കില്ല ഇങ്ങനെയൊരു പിൻമാറ്റം. എങ്കിലും അനിവാര്യമായ ആ ദുരന്തമിതാ വാതിൽപ്പടിയിലെത്തിയിരിക്കുന്നു.

മൂന്നാം ഫൈനലിലെ മൂന്നാം പരാജയം

ലോകകപ്പ് ട്രോഫിക്കരികിലൂടെ തല കുനിച്ചു മടങ്ങുന്ന ലയണൽ മെസ്സി. രണ്ടു വർഷം മുൻപു കണ്ട ദൃശ്യം ഒരിക്കൽ കൂടി ഫു്ടബോൾ ലോകം കണ്ടു. ഇത്തവണയും തിരക്കഥയും സഹകഥാപാത്രങ്ങളും മാറ്റമില്ല. തന്റെ മികവിൽ ടീമിനെ ഫൈനൽ വരെ എത്തിച്ചതിനു ശേഷം വീണ്ടുമൊരു തോൽവി. ബാർസിലോയുടെ ജഴ്സിയിൽ വെട്ടിപ്പിടിച്ച കിരീടങ്ങളെല്ലാം ഒരിക്കൽ കൂടി മെസ്സിക്കു ഭാരമായിരിക്കുന്നു. കളി വിലയിരുത്തിയാൽ മെസ്സിയെക്കാൾ ഈ തോൽവിക്കു ഉത്തരവാദികൾ വേറെയുണ്ടാകാം. ലോകകപ്പിലും 2015ലെ കോപ്പയിലും സുവർണാവസരങ്ങൾ തുലച്ച ഹിഗ്വയിൻ തന്നെ ഇത്തവണയും ഒന്നാം പ്രതി. എങ്കിലും അർജന്റീന ജഴ്സിയിൽ ഒരു കിരീടം നേടും വരെ മെസ്സി കുറ്റവിമുക്തനാകില്ല.

 https://www.youtube.com/watch?v=CHdHJaLw1dU

കഴിഞ്ഞ വർഷം കോപ്പ അമേരിക്ക ഫൈനലിൽ ചിലെയ്ക്ക് മുന്നിൽ തോൽക്കുമ്പോൾ മെസ്സിയേയും അർജന്റീനയേയും കുറിച്ചെഴുതിയ വാക്കുകള്‍ക്ക് നെല്ലിട മാറ്റമില്ല. ഒടുവിലത്തെ വാചകത്തിന് മാത്രം ചെറിയൊരു തിരുത്ത്: അർജന്റീന ജഴ്സിയിൽ ഒരു കിരീടം നേടാൻ ഇനി മെസ്സിയില്ല! രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. ഫുട്ബോൾ ലോകത്തിന്റെ രാജകുമാരൻ വിടപറയുന്നു.

മെസ്സിക്കുമുണ്ടോ, ഈ തോൽവിയിൽ പങ്ക്?

കഴിഞ്ഞവർഷവും മെസ്സിയുടെ ടീം ഫൈനലിൽ തോറ്റെങ്കിലും തല ഉയർത്തിപ്പിടിച്ചുതന്നെയാണ് മെസ്സി ചിലെയിൽ നിന്ന് മടങ്ങിയത്. ഇത്തവണ പക്ഷേ, അൽപം വ്യത്യാസമുണ്ട്. ഫൈനലിൽ ടീമിന്റെ ആദ്യ പെനൽറ്റി കിക്ക് പാഴാക്കിയ മെസ്സിക്കുമുണ്ട് അർജന്റീനയുടെ തോൽവിയിൽ ചെറുതല്ലാത്ത പങ്ക്. കഴിഞ്ഞ വർഷത്തെ ഷൂട്ടൗട്ട് തോൽവിയുടെ വേദന ഇപ്പോഴും വിടാതെ പിന്തുടരുന്ന അർജന്റീനയെയും അവരുടെ താരങ്ങളെയും സംബന്ധിച്ചിടത്തോളം മെസ്സിയുടെ ആ കിക്ക് വളരെ നിർണായകമായിരുന്നു.

 

അർജന്റീന-ചിലെ ഷൂട്ടൗട്ട് കാണാം.

ഒന്നാമത്, ഷൂട്ടൗട്ടിലെ ആദ്യ കിക്ക്. രണ്ടാമത് കിക്കെടുക്കുന്നത് തെറ്റുവരുത്താത്ത, വരുത്താൻ പാടില്ലാത്ത അവരുടെ സൂപ്പർതാരം ലയണൽ മെസ്സി. എന്നാൽ, മെസ്സിക്ക് പിഴച്ചു. മൽസരത്തിലുടനീളം ചിലെ താരങ്ങളുടെ കടുത്ത ടാക്ലിങ്ങുകൾക്ക് വിധേയനായ മെസ്സി, മൽസരം എക്സ്ട്രാ ടൈമിലേക്ക് നീളുമ്പോൾതന്നെ അസ്വസ്ഥനായി തുടങ്ങിയിരുന്നു.

മെസ്സിയുടെ ഡൈവും മഞ്ഞക്കാർഡും

ഇടയ്ക്ക്, പതിവില്ലാതെ ഡൈവ് ചെയ്യാൻ ശ്രമിച്ച മെസ്സിയെ ബ്രസീലുകാരൻ റഫറി ഹെബർ ലോപ്പസ് കൈയോടെ പൊക്കിയതും അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇടിച്ചിട്ടുണ്ടാകണം. ഹോളണ്ടിന്റെ ആര്യൻ റോബൻ, പോർച്ചുഗലിന്റെ പെപ്പെ തുടങ്ങിയവർക്ക് രാജ്യാന്തരഫുട്ബോളിൽ ഏറെ കുപ്രസിദ്ധി നേടിക്കൊടുത്ത ഡൈവിങ്, മെസ്സിയുടെ ഭാഗത്തുനിന്നും ചിന്തിക്കാൻ പോലുമാകാത്ത പിഴവായിരുന്നു. ചിലെയുെട പ്രതിരോധം തുളയ്ക്കാൻ മറ്റു വഴികൾ കാണാതിരുന്നതിനാലാവണം ഇത്തരമൊരു വഴി മെസ്സി തിരഞ്ഞെടുത്തത്. എന്നിട്ടും, റഫറി ഇത് കൃത്യമായി കണ്ടതോടെ ഫൈനലിൽ മഞ്ഞക്കാർ‍ഡ് ചോദിച്ചുവാങ്ങിയ അവസ്ഥയിലായി മെസ്സി.

 https://www.youtube.com/watch?v=FAmMIq0wFsM

ആദ്യപകുതിയിൽ വിവാദപരമായ തീരുമാനങ്ങളിലൂടെ താരങ്ങളുടെയും ആരാധകരുടെയും കണ്ണിലെ കരടായി മാറിയ ഹെബർ ലോപ്പസ് എടുത്ത തെറ്റാത്ത അപൂർവം തീരുമാനങ്ങളിലൊന്നുമായി അത്. രണ്ടാം പകുതിയിൽ ഇതേ റഫറിയുമായി മെസ്സി കൂട്ടിയിടിച്ചു വീഴുന്നതും ഫുട്ബോൾ ലോകം കണ്ടു. സ്വതവേ ചൂടനായ ലോപ്പസ് പക്ഷേ, ഈ സംഭവത്തെ ചെറുതായി കണ്ട് ചിരിച്ചൊഴിഞ്ഞെങ്കിലും മെസ്സി അതീവഗൗരവത്തിലായിരുന്നു. റഫറി വീണിടത്തുകിടന്നു തമാശ പറഞ്ഞിട്ടും മെസ്സി ചെവി കൊടുത്തില്ല. അദ്ദേഹത്തിനുള്ളിൽ അസ്വസ്ഥത വളരുകയായിരുന്നു. പെനൽറ്റി ഷൂട്ടൗട്ടിന് മുൻപും മെസ്സിക്ക് സമീപമെത്തിയ റഫറി ചിരിച്ച് വർത്തമാനം പറഞ്ഞെങ്കിലും ഗൗരവഭാവം തുടരുകയായിരുന്നു മെസ്സി.

ഷൂട്ടൗട്ടെന്ന ദുരന്തവും മെസ്സിയെന്ന ദുരന്തനായകനും

ഒടുവിൽ, ഷൂട്ടൗട്ടിൽ പെനൽറ്റി കിക്ക് പാഴാക്കി ദുരന്ത നായകനാകാനുള്ള ക്രൂരമായ നിയോഗവും മെസ്സിക്കായി വിധി മാറ്റിവച്ചു. എവിടെയായിരിക്കും മെസ്സിക്ക് പിഴച്ചത്? തുടർച്ചയായ മൂന്നാം ഫൈനലിലും ടീം തോൽവിയിലേക്ക് നീങ്ങുന്നുവെന്ന തോന്നൽ ആ മനസിൽ ശക്തമായിരുന്നുവെന്ന് വേണം കരുതാൻ. അത്രയ്ക്ക് ആത്മവിശ്വാസക്കുറവ് മെസ്സിയുടെ മുഖത്ത് പ്രകടമായിരുന്നു. മാത്രമല്ല, ഒരു രാജ്യവും ലോകം മുഴുവനും ഉറ്റുനോക്കുന്നുവെന്ന തോന്നൽ അദ്ദേഹത്തിൽ അനാവശ്യ സമ്മർദ്ദവും നിറച്ചിരിക്കണം.

 

അതിനെല്ലാം പുറമെയാണ് ബാറിന് മുന്നിൽ കൈവിരിച്ചുനിന്ന ക്ലോഡിയോ ബ്രാവോ എന്ന ചിലെ ഗോൾകീപ്പർ ഉണ്ടാക്കിയ സമ്മർദ്ദം. ബാർസിലോനയിൽ മെസ്സിയുടെ സഹതാരമായ ബ്രാവോ, മെസ്സിയുടെ പെനൽറ്റി കിക്കുകളെ എത്രയോ തവണ അടുത്തിരുന്ന് കണ്ട് പഠിച്ചിരിക്കുന്നു. തന്റെ കളി അടുത്തറിയാവുന്ന, തന്നെ അടുത്തിരുന്ന് ഏറെ നിരീക്ഷിച്ചിട്ടുള്ള പ്രിയ സ്നേഹിതന്റെ മുന്നിൽ മെസ്സിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടുപോയോ? അറിയില്ല. എന്തായാലും മെസ്സിയുടെ ബൂട്ടിൽ നിന്നും തുടങ്ങി ചിലെയുടെ ക്രോസ്ബാറിന് ഏറെ പുറത്തുകൂടി ഗാലറിയിലേക്ക് പാഞ്ഞുപോയ ആ പന്ത് അർജന്റീനയിൽനിന്ന് അകന്നുപോയ കിരീടം തന്നെയായിരുന്നു!

തീരുമാനം എനിക്കുവേണ്ടിയും ഇതാഗ്രഹിക്കുന്നവർക്കു വേണ്ടിയും

ദേശീയ ടീമിൽ കളിക്കാൻ താനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനൊപ്പം മറ്റൊന്നുകൂടി മെസ്സി പറഞ്ഞു. ഈ തീരുമാനം എനിക്കുവേണ്ടിയും ഇതാഗ്രഹിക്കുന്നവർക്കു വേണ്ടിയുമുള്ളതാണെന്ന്. ആരായിരുന്നു മെസ്സിയുടെ വിരമിക്കൽ ആഗ്രഹിച്ചിരുന്നത്. കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിന് തൊട്ടുമുന്നോടിയായി മെസ്സിയെ രൂക്ഷമായി വിമർശിച്ച അർജന്റീനയുടെ ഇതിഹാസ താരം മറഡോണയാണോ ആ വ്യക്തി?

മെസ്സിക്ക് നേതൃഗുണമില്ലെന്നും മെസ്സി നല്ല വ്യക്തിയല്ലെന്നുമായിരുന്നു മറഡോണയുടെ വിമർശനം. ഈ വിമർശനത്തിന് തൊട്ടുപിന്നാലെ പാനമയ്ക്കെതിരെ ഹാട്രിക്ക് തികച്ച് മറുപടിയും നൽകിയിരുന്നു മെസ്സി. എന്നിട്ടും, ഫൈനലിലെ തോൽവിയുടെ ചൂടാറുംമുൻപേ തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് അതാഗ്രഹിക്കുന്നവർക്ക് സമർപ്പിക്കുകയും ചെയ്യുമ്പോള്‍ ഈ വേദന ഫുട്ബോളിനെ സ്നേഹിക്കുന്നവരുടേതുമാകുന്നു.

കൂടുതൽ അർഹിക്കുന്നില്ലേ, മെസ്സി?

മെസ്സിയെന്ന താരത്തിന്റെ പിൻമാറ്റം ഈ രീതിയിലാകുന്നതിലുള്ള വേദന ചില്ലറയല്ല. അർജന്റീന=മെസ്സി എന്നു കണ്ടും കേട്ടും ശീലിച്ച പുതിയ തലമുറയ്ക്ക് മെസ്സിയില്ലാത്തൊരു അർജന്റീനയേക്കുറിച്ച് ചിന്തിക്കാനാകുമോ? പെനൽറ്റി കിക്കുകൾ ദുരന്തനായകൻമാരാക്കിയ മിഷേൽ പ്ലാറ്റിനി, റോബർട്ടോ ബാജിയോ തുടങ്ങിയവരുടെ പിൻമുറക്കാരനായി, മെസ്സിയെന്ന മുത്ത് ചരിത്രമാകുമോ? ആകരുതേയെന്നാണ് ആഗ്രഹവും പ്രാർഥനയും. തുടർച്ചയായ മൂന്നാം ഫൈനൽ പരാജയത്തിന്റെ വേദനയിൽനിന്നുടലെടുത്ത ഒരു വൈകാരിക തീരുമാനം മാത്രമായി ഇത് മാറണേയെന്നാണ് ഏതൊരു ഫുട്ബോൾ ആരാധകന്റെയും പ്രാർഥന. കാരണം, ഇരുപത്തൊൻപത് വയസ് മാത്രമുള്ള മെസ്സി ഇതിൽക്കൂടുതൽ അർഹിച്ചിരുന്നു. ഇപ്പോഴും അർഹിക്കുന്നു.

(പിൻകുറിപ്പ്: 1986ൽ അർജന്റീന അവസാനമായി ലോകകപ്പ് നേടുമ്പോൾ മെസ്സി ജനിച്ചിട്ടില്ല. 1990ലെ ലോകകപ്പ് ഫൈനലിൽ തോൽക്കുമ്പോൾ മെസ്സിക്കു മൂന്നു വയസ്സ്. പിന്നീട് 1991ലും 1993ലും അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടി. 1992ൽ കോൺഫെഡറേഷൻ കപ്പും. അതോടെ തീരുന്നു അർജന്റീനയുടെ മേജർ കിരീടനേട്ടങ്ങൾ. 2005ൽ അണ്ടർ-20 ലോകകകിരീടം ചൂടിയ അർജന്റീന ടീമിലൂടെയാണ് മെസ്സി ലോകഫുട്ബോളിൽ വരവറിയിക്കുന്നത്. എന്നാൽ ലോകകിരീടത്തിലൂടെ തുടങ്ങിയ മെസ്സിയുടെ കരിയറിൽ പിന്നെ കണ്ടത് വിധിവൈപരീത്യം. ബാർസിലോനയുടെ ജഴ്സിയിൽ മെസ്സി സമാനതകളില്ലാത്ത കിരീടനേട്ടങ്ങൾ വെട്ടിപ്പിടിച്ചെങ്കിലും ദേശീയ ജഴ്സിയിൽ കിരീടങ്ങൾ ഒഴിഞ്ഞു നിന്നു. 2008 ബെയ്ജിങ് ഒളിംപിക്സിലെ സ്വർണനേട്ടമാണ് അതിനു ശേഷം അർജന്റീനയ്ക്കൊപ്പം മെസ്സി നേടിയ ഏക കിരീടം. കോപ്പ അമേരിക്കയിൽ രണ്ടു തവണ ഫൈനലിൽ തോറ്റു. ലോകകപ്പിൽ ഒരു തവണയും. 23 വർഷം കിരീടമില്ലാതെ തുടർന്ന അവരുടെ കാത്തിരിപ്പ് തുടരുന്നു.)

 

LEAVE A REPLY

Please enter your comment!
Please enter your name here