ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ ഓൺലൈൻ ഫാഷൻ റീട്ടെയിലറായ ജബോംങിനെ ഫ്ലിപ്പ്കാർട്ട് സ്വന്തമാക്കി. ഫ്ലിപ്പ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള മിന്ത്ര വഴിയാണ് ജബോങിനെ വാങ്ങിയത്. എത്രരൂപക്കാണ് വാങ്ങിയതെന്ന് ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കിയട്ടില്ല. രണ്ടു വർഷം മുമ്പാണ് മിന്ത്രയെ ഫ്ലിപ്പ്കാർട്ട് സ്വന്തമാക്കിയത്. ഫ്ലിപ്പ്കാർട്ട് സ്ഥാപകനും സി.ഇ.ഒയുമായ ബിന്നി ബിൻസാലാണ് വാർത്ത പുറത്ത് വിട്ടത്. രണ്ട് ഇടപാടിലുമായി മിന്ത്രയുടെയും ജബോങിന്റെയും ഒന്നരക്കോടിയോളം ഉപഭോക്താക്കളാണ് ഫ്ലിപ്പ്കാർട്ടിന് സ്വന്തമായത്.

ജർമ്മനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റോക്കറ്റ് ഇന്റർനെറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരുന്നു ജബോങ്. വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുമ്പ് ആമസോണുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ തുകയിലുണ്ടായ അഭിപ്രായ വ്യത്യാസം മൂലം ഇടപാട് ഉപേക്ഷിക്കുകയായിരുന്നു. 400 കോടി രൂപയാണ് റോക്കറ്റ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ഇടപാട് നടന്നത് അതിലും കുറഞ്ഞ തുകക്കാണെന്നാണ് സൂചന. രാജ്യത്തെ മറ്റ് ഇ ഷോപ്പിംഗ് സൈറ്രുകളിൽ ലഭിക്കാത്ത വിദേശ ബ്രാൻ‌‌ഡുകളാണ് ജബോങിന്റെ പ്രത്യേകത. 1500 ബ്രാൻഡുകളിലായി 150000ത്തോളം സ്റ്റൈലുകളിലുള്ള വസ്‌ത്രങ്ങൾ ജബോങിൽ ലഭ്യമാണ്.

ഇന്റർനെറ്റ് മൊബൈൽ അസോസിയേഷന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒാൺലൈൻ വ്യാപാരത്തിന് 57 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. 2015ൽ 37689 കോടിയുടെ വ്യാപാരം നടന്നപ്പോൾ ഈ വർഷം അത് 72 639 കോടിയാകുമെന്നാണ് കണക്കാക്കുന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here