ആതൻസ്∙ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വേണ്ട നവീകരണ പദ്ധതികൾക്ക് ഞായറാഴ്ചയ്ക്കകം രൂപം നൽകണമെന്നു ഗ്രീസിന് യൂറോപ്യൻ യൂണിയന്റെ അന്ത്യശാസനം. ഈയാഴ്ച തന്നെ പദ്ധതികൾ നടപ്പാക്കുമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലക്സിസ് സിപ്രസ് ഉറപ്പും നൽകി. സ്ട്രോസ്ബർഗിൽ യൂറോപ്യൻ പാർലമെന്റിൽ പ്രസംഗിക്കവെ ഈയാഴ്ച നടപ്പാക്കുന്ന നവീകരണ പദ്ധതികൾ രാജ്യത്തെ കരകയറ്റുമെന്ന് സിപ്രസ് പറഞ്ഞു.

ബ്രസൽസിൽ നടന്ന അടിയന്തര ഉച്ചകോടിയിലാണ് ഞായറാഴ്ചയ്ക്കു മുമ്പായി കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം കണ്ടെത്തണമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടത്. 19 രാജ്യങ്ങൾ പങ്കെടുത്തു. ഞായറാഴ്ച 28 യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം ഗ്രീസിന്റെ ഭാവിയെപ്പറ്റി തീരുമാനമെടുക്കും.

നിരവധി വർഷങ്ങളായി നടന്നുവന്ന മോശം ഭരണമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും ഈയവസ്ഥയിലും നവീകരണ നടപടികൾ ഊർജിതമാക്കുമെന്നും സിപ്രസ് പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ നിന്ന് രണ്ടു വർഷത്തെ കടമെടുക്കലിനുള്ള അപേക്ഷ ഉടൻ തന്നെ ഗ്രീസ് നൽകും. അതിൽ നവീകരണ പദ്ധതികളെപ്പറ്റി വ്യക്തമാക്കും. യൂറോപ്യൻ കമ്മിഷൻ, ഐഎംഎഫ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവയുടെ അഭിപ്രായം കേട്ടശേഷം ശനിയാഴ്ച ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സിപ്രസിന്റെ പുതിയ നിർദേശങ്ങളോട് രാജ്യത്ത് സമ്മിശ്ര പ്രതികരണമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here