സൗത്ത് കാരലീന ഗവര്‍ണ്ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ സ്ഥാനപതിയാകും. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ ദമ്പതികളുടെ മകളായ നിക്കിയെ ഡൊണാള്‍ഡ്‌ ട്രംപിന്റെ ക്യാബിനറ്റിലേക്ക് പരിഗണിച്ചിരുന്നു. 44കാരിയായ നിക്കി ട്രംപ് ഭരണകൂടത്തില്‍ കാബിനറ്റ് പദവിയില്‍ നിയമിക്കപ്പെടുന്ന ആദ്യ വ്യക്തിയും യുഎസില്‍ കാബിനറ്റ് പദവി കിട്ടുന്ന ആദ്യ ഇന്ത്യന്‍ വംശജയുമാണ്. സെനറ്റിന്റെ സ്ഥിരീകരണം കിട്ടിയശേഷം സാമന്ത പവറിന്റെ പിന്‍ഗാമിയായി ഹേലി യുഎന്നില്‍ ചുമതലയേല്‍ക്കും. റിപബ്ലിക്കന്‍ പ്രൈമറികളില്‍ ട്രംപിനെ രൂക്ഷമായി വിമര്‍ശിക്കുകയും മാര്‍ക്കോ റൂബിയോയെ പിന്തുണയ്ക്കുകയും ചെയ്ത ഹേലി പൊതു തെരഞ്ഞെടുപ്പില്‍ ട്രംപ് പക്ഷത്തേക്ക് കൂറുമാറുകയായിരുന്നു.

വിഭിന്ന പശ്ചാത്തലത്തിലുള്ളവരെ പാര്‍ട്ടി ഭേദമെന്യേ രാജ്യനന്മയ്ക്കായി ഒരുമിച്ചുകൊണ്ടുവരുന്നതില്‍ ഗവര്‍ണര്‍ ഹേലിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നു ട്രംപ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ആഗോളവേദിയില്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന മികച്ച നേതാവായിരിക്കും ഹേലിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

സൗത്ത് കാരലീനയുടെ വളര്‍ച്ചയില്‍ ഹേലിയുടെ പങ്ക് വലുതാണ്. വാണിജ്യമേഖലയില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ് സൗത്ത് കാരലീന. ഇതെല്ലാം ഗവര്‍ണര്‍ ഹേലിയുടെ കഴിവാണെന്നും അതുകൊണ്ടാണ് അവരെ ഉന്നത പദവിയിലേക്കു ക്ഷണിക്കുന്നതെന്നും ട്രംപ് പറഞ്ഞു. പഞ്ചാബില്‍ കുടുംബവേരുകളുള്ള ഹേലി അമേരിക്കയിലേ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറാണ്. ലൂയിസിയാന മുന്‍ ഗവര്‍ണര്‍ ബോബി ജിന്‍ഡലാണ് ആദ്യത്തെ ഇന്ത്യന്‍ വംശജനായ ഗവര്‍ണര്‍.

ആഭ്യന്തര, അന്തര്‍ദേശീയ തലങ്ങളില്‍ രാജ്യം ഏറെ പ്രതിസന്ധി നേരിടുന്ന സന്ദര്‍ഭത്തില്‍ ഭരണസംഘത്തില്‍ ചേരാന്‍ ട്രംപ് തന്നെ ക്ഷണിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് നിക്കി ഹേലി പ്രതികരിച്ചു. 2005ല്‍ സൗത്ത് കാരലീന അസംബ്ളിയില്‍ നിക്കി ഹേലി വിപ്പായി. ആറു വര്‍ഷം ജനപ്രതിനിധി സഭാംഗമായി പ്രവര്‍ത്തിച്ചു. ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടശേഷം പാര്‍ട്ടിയില്‍ അവരുടെ വളര്‍ച്ച ത്വരിതഗതിയിലായിരുന്നു. 2014ല്‍ രണ്ടാംവട്ടവും ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞയാഴ്ച റിപ്പബ്ളിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷന്റെ ഉപാധ്യക്ഷയായി.

LEAVE A REPLY

Please enter your comment!
Please enter your name here