ബർലിൻ∙ പ്രതിസന്ധി പരിഹരിക്കാനുള്ള വ്യക്തമായ പദ്ധതി ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസ് അവതരിപ്പിക്കണമെന്ന് ജർമൻ ധന മന്ത്രാലയം ആവശ്യപ്പെട്ടു. യൂറോപ്യൻ സ്റ്റെബിലിറ്റി മെക്കാനിസത്തിലേക്ക് അപേക്ഷ നൽകുമ്പോൾ, ഗ്രീസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങൾ അതിൽ വ്യക്തമായി കാണിച്ചിരിക്കണമെന്നും മന്ത്രാലയ വക്താവ് മാർട്ടിൻ ജാഗർ. വെറുതേ ഒരു കത്തെഴുതി, ഗ്രീസിന് ഇഎസ്എം വേണമെന്നു കാണിച്ചിട്ടു കാര്യമില്ലെന്നും ജാഗർ പറഞ്ഞു.

അതേസമയം, യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ രക്ഷാ പാക്കേജിനുള്ള അപേക്ഷ സിപ്രാസ് ഒരിക്കൽക്കൂടി അവതരിപ്പിച്ചു. യൂറോസോൺ നേതാക്കളുമായുള്ള ചർച്ച ധാരണയിലെത്താതെ പിരിഞ്ഞ് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഈ പ്രസംഗം. പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുന്ന ധാരണയാണ് ആഗ്രഹിക്കുന്നതെന്നും സിപ്രാസ്.

സാമ്പത്തിക സഹായ പദ്ധതികളുടെ പേരിൽ ഗ്രീസിനു നൽകിയെന്നു പറയുന്ന പണത്തിന്റെ സിംഹഭാഗവും ജനങ്ങൾക്കല്ല കിട്ടിയതെന്നും, നേരിട്ടു ബാങ്കുകൾക്കാണു നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, വിശ്വാസയോഗ്യമായ പരിഷ്കരണ പദ്ധതികൾ വായ്പാ ദാതാക്കൾക്കു മുന്നിൽ അവതരിപ്പിക്കാൻ തയാറാണെന്നും സിപ്രാസ് വ്യക്തമാക്കി. രാജ്യം പാപ്പരാകുന്നതും യൂറോസോണിൽനിന്നു പുറത്താകുന്നതു ഒഴിവാക്കാൻ മൂന്നാമത്തെ രക്ഷാ പാക്കേജാണ് ഗ്രീസ് ആവശ്യപ്പെടുന്നത്.

രാജ്യത്ത് ഭക്ഷ്യ വിതരണത്തിനോ ഇന്ധന വിതരണത്തിനോ ഒരു പ്രതിസന്ധിയുമില്ലെന്നു ഗ്രീക്ക് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീക്ക് ജനതയെ മാത്രമല്ല, വിദേശ ടൂറിസ്റ്റുകളെക്കൂടി ലക്ഷ്യമിട്ടാണ് ഈ ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here