ന്യൂഡൽഹി ∙ വ്യാപം കുംഭകോണത്തിൽ ആരോപണവിധേയനായ മധ്യപ്രദേശ് ഗവർണർ റാം നരേഷ് യാദവ് (87) രാജിവയ്ക്കുന്ന സ്ഥിതിയായി. രാഷ്‌ട്രപതി പ്രണബ് മുഖർജിയെ സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ഗവർണർ രാജിവയ്‌ക്കുന്നതാവും ഉചിതമെന്നാണു സർക്കാർ നിലപാടെന്നു വ്യക്‌തമാക്കിയതായാണു സൂചന.

വനപാലകരായി അഞ്ചുപേർക്കു ജോലി വാങ്ങിക്കൊടുക്കാൻ റാം നരേഷ് യാദവും മകൻ ശൈലേഷ് യാദവും പണം വാങ്ങിയെന്നാണു വ്യാപം അഴിമതി അന്വേഷിക്കുന്ന പ്രത്യേക ദൗത്യസേന, പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്‌ഐആർ) ആരോപിച്ചത്. ശൈലേഷിനെ കഴിഞ്ഞ മാർച്ചിൽ ലക്‌നൗവിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ഗവർണറെന്ന നിലയിൽ തനിക്കു നിയമനടപടിക്കെതിരെ സംരക്ഷണമുണ്ടെന്നു വ്യക്‌തമാക്കി റാം നരേഷ് യാദവ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ എഫ്‌ഐആർ റദ്ദാക്കപ്പെട്ടു. അതിനെതിരെയുള്ള ഹർജിയിൽ ഇന്നലെ സുപ്രീം കോടതി കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കു നോട്ടിസ് അയച്ചിട്ടുണ്ട്. റാം നരേഷ് യാദവ് ഗവർണർസ്‌ഥാനമൊഴിയുമ്പോൾ നടപടിയെടുക്കുമെന്ന് അന്വേഷണസംഘത്തിന്റെ മേധാവി വ്യക്‌തമാക്കിയിരുന്നു.

ആർഎസ്‌എസിലെയും ബിജെപിയിലെയും ചില പ്രമുഖർ ആരോപണവിധേയരായ വ്യാപം അഴിമതിയിൽ ഗവർണറെ മാത്രം ഒറ്റപ്പെടുത്തി നിലപാടെടുക്കുക എളുപ്പമല്ലെന്ന വിലയിരുത്തലാണ് ആദ്യം കേന്ദ്രസർക്കാരിനുണ്ടായിരുന്നത്. എന്നാൽ, സുപ്രീം കോടതി ഇടപെട്ടതോടെ ഗവർണറെ ബിജെപി തള്ളിപ്പറഞ്ഞു. ഭരണഘടനാപദവി വഹിക്കുന്നവർ അതിന്റെ അന്തസ്സിനൊത്താണോ പെരുമാറുന്നതെന്ന് ആത്മപരിശോധന നടത്തണമെന്നു ബിജെപി വക്‌താവ് നളിൻ കോഹ്‌ലി പറഞ്ഞു.

യുപിയിലെ അസംഗഡിൽനിന്നുള്ള റാം നരേഷ് യാദവ്, റാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്‌റ്റ് പ്രസ്‌ഥാനത്തിലൂടെയാണു രാഷ്‌ട്രീയത്തിലെത്തിയത്. 1977 ജൂൺ മുതൽ 1979 ഫെബ്രുവരി വരെ യുപി മുഖ്യമന്ത്രിയായിരുന്നു. പിന്നീടു കോൺഗ്രസിൽ ചേർന്നു. 2011 ഓഗസ്‌റ്റിലാണു മധ്യപ്രദേശ് ഗവർണറായി നിയമിതനായത്.

LEAVE A REPLY

Please enter your comment!
Please enter your name here