ന്യൂഡൽഹി ∙ ‘വിഴുങ്ങില്ല, വിഴുങ്ങാൻ വിടില്ല’ (ന ഖാവൂംഗ, ന ഖാനേ ദൂംഗ) എന്നു പറഞ്ഞതു വിഴുങ്ങിയതെന്ത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതാണു ചോദ്യം. രാജസ്‌ഥാനിൽ അഴിമതി തുടരാൻ അനുവദിക്കുന്നത് എന്തുകൊണ്ട്? ലളിത് മോദിയെ തിരികെ കൊണ്ടുവരാത്തതെന്ത്? ശിവരാജ് സിങ് ചൗഹാനെതിരെ നടപടിയില്ലാത്തതോ? പ്രധാനമന്ത്രി പറയുന്ന വാക്കിനു വില വേണം – രാഹുൽ പറഞ്ഞു.

അഴിമതിയുടെ പേരിൽ യുപിഎ സർക്കാരിനെ പുറന്തള്ളാനാവശ്യപ്പെട്ടു രാജ്യവ്യാപകമായി നടത്തിയ വിജയകരമായ പ്രചാരണത്തിൽ മോദി വ്യാപകമായി നടത്തിയ പ്രയോഗമാണു രാഹുൽ ഉദ്ധരിച്ചത്. അഴിമതി നടത്തില്ല, നടത്താൻ അനുവദിക്കുകയുമില്ലെന്നായിരുന്നു മോദി പറഞ്ഞതിന്റെ സാരം. അധികാരത്തിൽ വന്ന ശേഷവും ഇന്ത്യയിലും വിദേശത്തും നടത്തിയ പ്രസംഗങ്ങളിലും അദ്ദേഹം ഇത് ആവർത്തിച്ചു.

സുപ്രീം കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജിവയ്‌ക്കണമെന്നു രാഹുൽ ആവശ്യപ്പെട്ടു. ‘വ്യാപം’ പ്രവേശന, നിയമന കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണം നീതിയുക്‌തമാകണമെങ്കിൽ ചൗഹാൻ പദവിയൊഴിയണമെന്നാണു കോൺഗ്രസിന്റെ പക്ഷം.

ഇന്ത്യയിലെ നിയമക്കുരുക്കിൽ നിന്ന് ഒളിച്ചോടിയ മുൻ ഐപിഎൽ മേധാവി ലളിത് മോദിയുമായി ബിസിനസ് ബന്ധങ്ങളുണ്ടെന്നു തെളിഞ്ഞ രാജസ്‌ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, ലളിത് മോദിക്കു വേണ്ടി ബ്രിട്ടിഷ് സർക്കാരിനു കത്തുനൽകിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചു വ്യാജ സത്യവാങ്‌മൂലം നൽകിയ മാനവശേഷി മന്ത്രി സ്‌മൃതി ഇറാനി, റേഷൻ അഴിമതിക്കേസിൽ കുടുങ്ങിയ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി രമൺ സിങ് എന്നിവർ രാജിവയ്‌ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഇതിനു വഴങ്ങുന്നില്ലെങ്കിൽ 21നു തുടങ്ങുന്ന പാർലമെന്റ് സമ്മേളനം സ്‌തംഭിപ്പിക്കുമെന്നും അവർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here