ബിലീവേഴ്സ് ചർച്ച് ഇസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ (74) കാലം ചെയ്തു. യുഎസിലെ ടെക്സസിലുള്ള ഡാലസിൽ പ്രഭാതസവാരിക്കിടെ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്‍റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16 വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ   ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു.   തുടർന്ന് ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ വനിതാ  ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഇരുവരും ചേ‍ർന്നാണ്  ഗോസ്പൽ ഫോർ ഏഷ്യ സ്ഥാപിച്ചത് .പിന്നീട് തിരുവല്ല ആസ്ഥാനമാക്കി.

2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപംന ൽകി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു.  2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന്പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിച്ചു.

52 ബൈബിൾ കോളജുകളും ബിലീവേഴ്സ് മെഡിക്കൽ കോളജ് ഉൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. തിരുവല്ലയിൽ 200 ഏക്കർ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു. മുന്നൂറോളം പുസ്തകങ്ങൾ രചിച്ചു.