സംസ്ഥാനത്ത് എസ്.എസ്.എല്‍.സിക്ക് ഇക്കുറി മികച്ചവിജയം. 99.69 ശതമാനമാണ് വിജയശതമാനം. ആകെ  നാലു ലക്ഷത്തി ഇരുപത്തിയേഴായിരത്തി ഒരുന്നൂറ്റിയഞ്ച് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ നാല് ലക്ഷത്തി ഇരുപത്തിയയ്യായിരത്തി അഞ്ഞൂറ്റി അറുപത്തി മൂന്ന് േപര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. എഴുപത്തിയൊന്നായിരത്തി എണ്ണൂറ്റി മുപ്പത്തിയൊന്നുപേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 99.92 ശതമാനം.

ഏറ്റവും കുറവുള്ളത് തിരുവനന്തപുരം റവന്യൂ ജില്ലയിലാണ്. പാലാ വിദ്യാഭ്യാസ ജില്ല നൂറുശതമാനം വിജയം നേടി. ഏറ്റവും കുറവ് ആറ്റിങ്ങലുമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് മലപ്പുറത്താണ്.  4934 എ പ്ലസുകാര്‍. കഴിഞ്ഞ വര്‍ഷവും ഒന്നാം സ്ഥാനം മലപ്പുറത്തിനായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ ആകെ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്. 99.7 % ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.

70 ക്യാപുകളിലായി പതിനായിരത്തിയെണ്ണൂറ്റി അറുപത്തിമൂന്ന് അധ്യാപകര്‍ 14 ദിവസം കൊണ്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ടാബുലേഷന്‍, ഗ്രേസ്മാര്‍ക്ക് എന്‍ട്രി എന്നിവ പരീക്ഷ ഭവനും പൂര്‍ത്തിയാക്കി.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

പരീക്ഷഫലം നാല് മണി മുതല്‍ www.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in,https:pareekshabhavan.kerala.gov.in,https://results.kite.kerala.gov.in,https://sslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.