ഈ കഴിഞ്ഞ ചില ആഴ്ചകൾ അമേരിക്കൻ മലയാളി വായനക്കാർക്കെല്ലാം കുശാലായിരുന്നു. പരസ്പരം ഫേസ് ബുക്കിലിരുന്നു ചെളി വാരി എറിയാനുള്ള സുവർണ്ണാവസരം ആ അവസരം ആരും ഒട്ടും വെറുതെ ആക്കിയില്ല. ഒന്നായ നിന്നെയിഹ രണ്ടായി മാറിയ സംഘടനയിലെ രണ്ടാമത്തെ സംഘടനയിലെ ഒരു പ്രധാന വനിതാ നേതാവ് തന്റെ തോളിൽക്കൂടി കയ്യിട്ട രണ്ടു മാന്യന്മാരെ പൊളിച്ചടുക്കിയ വാർത്ത. പൊളിച്ചടുക്കി എന്ന് പറയുമ്പോൾ ആര് ആരെ പൊളിച്ചടുക്കി എന്ന് പറയണം.

ഒരു സംഘടനയുടെ ലക്‌ഷ്യം എന്താണ്. ആദ്യം സ്വയം നന്നാകുക, പിന്നീട് മറ്റുള്ളവരെ നന്നാക്കുക. വനിതാ നേതാക്കളുടെ എണ്ണം കൂട്ടി മലയാളി കുടുംബങ്ങളുടെ കണ്ണിലുണ്ണി ആകാം എന്ന ഒരേയൊരു ഉദ്ദേശത്തോടെയാണ് ഇത്തവണ പെൺ കിളികളുടെ എണ്ണത്തെ കൂട്ടിയെന്നു സെക്രട്ടറിയും പ്രസിഡന്റുമൊക്കെ ഘോരഹോരം പറഞ്ഞുവെങ്കിലും ഒരൊറ്റ തോളിൽ കയ്യിടൽ  വന്നതോടെ എല്ലാം പാളിപ്പോയി.

ഒരു ഉദാഹരണം പറയാം. ഇവിടുത്തെ ചില ഓൺലൈൻ പത്രങ്ങളിലാണ് സംഘടനയുടെ വനിതാ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റിനെ കുറിച്ച് ഒരു സാഹിത്യകാരി ഒരു ലേഖനം പ്രസിദ്ധീകരിച്ചത്. ആ ലേഖനത്തിനു അടിയിലായി വന്ന അഭിപ്രായങ്ങൾ ആ പെൺകുട്ടിക്ക് കിട്ടിയ അംഗീകാരങ്ങളും, ചിലർക്കുണ്ടായ അനുഭവങ്ങളും ആയിരുന്നു. അത് ആരും ശ്രദ്ധിക്കാതെ പോയി. ഒരു പെൺകുട്ടി വളരെ ആത്മവിശ്വാസത്തോടു കുടി ഒരു വിവരം ധരിപ്പിച്ചാൽ, പിന്നെ വീട്ടുകാർ രണ്ടും കൽപ്പിച്ചു ഇറങ്ങുകയാണ് വേണ്ടത്. ഇവിടെ ആ സംഘടന ചെയ്തത് എന്താണ് ? ആ സംഘടനയിലെ വനിതാ നേതാക്കൾ ചെയ്തത് എന്താണ് ? ആ പെൺകുട്ടിയെ സോളാർ കേസിലെ നായികയുമായി ഉപമിക്കാനാണ്‌ മെമ്പർമാർ പോലും ശ്രമിച്ചത്. ഇത് അമേരിക്കയാണ് ഇവിടെ തോളിൽ കയ്യിട്ടാൽ ഒരു പ്രശ്‌നവും ഇല്ല എന്നൊക്കെ പല പെൺ കൊടികളും വിളിച്ചു കൂവിയത്രെ. ഒരു പുരുഷൻ നോക്കുമ്പോളും, തൊടുമ്പോളും ഒരു സ്ത്രീയ്ക്ക് അത് ഏതു തരത്തിലുള്ള നോക്കലും തോണ്ടലുമാണെന്നു നല്ലതുപോലെ തിരിച്ചറിയാം. പരാതി പറഞ്ഞ വനിതാ നേതാവ് ഇവിടെ ഒറ്റപ്പെട്ടു. അവരുടെ നേതൃത്വത്തിൽ സാന്ത്വനം പദ്ധതി തുടങ്ങാനിരിക്കെ ആണ് ഇത്തരത്തിൽ ഒരു സ്വാന്ത്വന വാക്ക് പോലും പറയാതെ പലരും അവരെ അവഹേളിച്ചത്.

ഇത്രയും പറഞ്ഞപ്പോൾ വായനക്കാർ വിചാരിക്കും ഇത് പക്ഷഭേദം ആണെന്ന്. അല്ല. ഒരു ചടങ്ങിൽ തോളിൽ കയ്യിട്ടു ഫോട്ടോ എടുക്കുന്നതിൽ എന്താണ് തെറ്റ്? ഒരു തെറ്റുമില്ല. പക്ഷെ അത് പലതവണ ആവർത്തിക്കുന്നത് തെറ്റാണ്. മകളുടെ തോളിൽ കയ്യിടുന്നതുപോലെയാണ് കയ്യിട്ടത്‌ എന്നാണ് കയ്യിട്ടവർ പറയുന്നത്. അത് തെറ്റായി തോന്നിയെങ്കിൽ അപ്പോൾ തന്നെ അവിടെ വച്ച് പറയാമായിരുന്നു. അത് പറയാതെ, രണ്ടു കുടുംബം കേൾക്കാൻ ശ്രമിക്കരുതായിരുന്നു. ഭർത്താവിനെ ന്യായീകരിക്കാൻ ഭാര്യക്ക് ലേഖനം പോലും കുറിക്കേണ്ടി വന്നത് കടന്നു പോയ ആഴ്ചകളിലെ ഏറ്റവു വലിയ കോമഡി. ഇവിടെ സംഘടന പാലിച്ച മൗനം ആർക്കു വേണ്ടി ആയിരുന്നു എന്ന ഒരു ചോദ്യത്തിന് പ്രസക്തി ഉണ്ട്. സംഘടനയിലെ ഉത്തരവാദിത്വ പെ്പട്ട ഒരാൾ ഒരു എഫ് ബി പോസ്റ്റ് ഇട്ടപ്പോൾ, അത് വളരെ പ്രധാനപ്പെട്ട ഒരു വിഷയം ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ അത് പരിഹരിക്കണമായിരുന്നു. തോളിൽ കയ്യിട്ടവരെ കൊണ്ട് പറയിപ്പിക്കാമായിരുന്നു പുത്രി വാത്‌സല്യത്തോടെ ചെയ്തതെന്നു, അത് മറ്റു രീതിയിൽ ആയിപ്പോയെങ്കിൽ ഷെമിക്കൂ എന്ന്. അങ്ങനെ എങ്കിൽ ആ പെൺകുട്ടിക്കും പറയാം ഷെമിച്ചു എന്ന്. ഇതൊന്നും ചെയ്യാതെ ഇനിയുള്ള വനിതകൾക്കും ഒരു കമ്മിറ്റിക്കു പോലും സംശയത്തോടെ കടന്നു വരാൻ പറ്റാത്ത അവസരം ഉണ്ടാക്കുകയായിരുന്നു ഈ പെൺകിളിപ്പാട്ടുകൊണ്ട് സംഘടന ചെയ്തത്. പെൺകുട്ടിക്ക് പൂർണ്ണ പിന്തുണയുമായി സംഘടനയിലെ മറ്റൊരു വനിതാ അംഗം ഒപ്പമുണ്ടെന്നാണ് പലരും പറയുന്നത്. എന്തായാലും രണ്ടായിരത്തി പതിനാറു കടന്നുപോകുമ്പോൾ ആരും സഹായമില്ലാതെ ഒറ്റയ്ക്ക് പൊരുതി ജീവിക്കുന്ന ഒരു സ്ത്രീയുടെയും കുടുംബത്തിന്റെയും കണ്ണീരുകൂടി അമേരിക്കൻ മലയാളികളെ ഉദ്ധരിക്കാനിറങ്ങിയിരിക്കുന്നവർ ചുമക്കേണ്ടി വരും അടുത്ത വർഷം.

ഇനി രണ്ടായി നിന്നെയിഹ ഒന്നായ സംഘടനയുടെ പണം സൂക്ഷിപ്പുകാരൻ വനിതാ നേതാവിന്റെ പ്രചോദനം ഉൾക്കൊണ്ടിട്ടാണോ എന്നറിയില്ല, ഒരു പോസ്റ്റ് ഇട്ടു. അമേരിക്കൻ പ്രസിഡന്റാകാൻ പോകുന്ന ട്രംപിന് ക്രിസ്തുമസിന്റെ ആശംസ നേരാ൯ പോയതാണ് ട്രഷറർ. കഷ്ടകാലത്തു ഏണി പാമ്പായി എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു അത് ഒരു ആഗോള സംഭവം ആയി. മാന്നാർ മത്തായി സ്പീക്കിങ് എന്ന സിനിമയിൽ ജനാർദ്ദനൻ പറയുന്നതുപോലെ “ഈ പത്രക്കാരെ കൊണ്ട് തോറ്റു”എന്ന് പറഞ്ഞപോലെ ആയി കാര്യങ്ങൾ. സംഭവം ഉള്ളി പൊളിച്ചത് പോലെ, അവസാനം  ചൊറി സമുദ്രം ആയപോലെ ആയി. ട്രംപ് അധികാരത്തിൽ വന്നു. അപ്പോൾ തന്നെ ഇവിടെ ഉള്ള എച്ഛ് വൺ വിസാക്കാരെ എല്ലാം ഭാരതത്തിലേക്ക് കെട്ടിയെടുക്കുമെന്നാണ് കണക്കപിള്ളയുടെ പോസ്റ്റിൽ നിന്നും ചില ഐടി വിദഗ്ദന്മാർ കണ്ടു പിടിച്ചത്. പിന്നെ ട്രംപ് അങ്ങനെ എങ്ങാനും തീരുമാനിച്ചാൽ അത് നടക്കുമെന്ന് ഇവർക്കെല്ലാം അറിയാം. ട്രെമ്പ് ആരാ മോൻ. ഈ വിഷയം ഒന്നായ നിന്നെയിഹ സംഘടനയുടെ പേരിൽ കെട്ടിവയ്ക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. അപ്പോളേക്കും കണക്കപ്പിള്ള പോസ്റ്റ് ഊരി പോക്കറ്റിൽ ഇട്ടു. ഐടി ചേട്ടന്മാർ ട്രോളുകൾ ഇടട്ടെ. എന്തായാലും ഇതുകൊണ്ടു രണ്ടു സംഘടനകൾക്കും നല്ല പബ്ലിസിറ്റി കിട്ടി. അതാണല്ലോ എല്ലാവർക്കും വേണ്ടത്. സത്യത്തിൽ എന്തിനാണ് സംഘടനകൾ സ്വന്തം വീട്ടിൽ ഒരു പെണ്ണ് അപമാനിക്കപ്പെടാൻ തുടങ്ങിയപ്പോൾ അത് അവഗണിച്ചതോ, അതോ രണ്ടു കുടുബ നാഥന്മാരെ സമൂഹ മാധ്യമങ്ങളിൽ ഒരു സ്ത്രീ അപമാനിച്ചത് അവഗണിച്ചതിനോ? രണ്ടിനും സംഘടന ഉത്തരം നൽകിയേ മതിയാകു. ഒരു പദവിയിൽ ഇരുന്നുകൊണ്ട് പൊതുജനം ശ്രദ്ധിക്കുന്ന ഇടങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ പുലമ്പരുത്. അത് അവസാനം പാമ്പാകും. അത് പെണ്ണായാലും ആണായാലും. ഇനിയും അടുത്ത ആഴ്ച പുതിയ വിഷയങ്ങൾ കിട്ടിയാലും ജീവിച്ചിരുന്നാലും കാണാം.

എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നുകൊണ്ടു ജീവനൊടുണ്ടെന്ക്കിൽ അടുത്ത ആഴ്ച കാണാം.

നാരദൻ

1 COMMENT

  1. ഇതൊന്നുമല്ല കഥ ..പ്രസിദ്ധീകരിക്കാമെങ്കിൽ ഒരു വലിയ അമേരിക്കൻ പ്രാഞ്ചിയുടെ കഥ അയക്കാം.ഒരു പകൽ മാന്യന്റെ കഥ ..കുടുംബം കലങ്ങും..

LEAVE A REPLY

Please enter your comment!
Please enter your name here