എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ 2017 ജനുവരി ഒന്നാം തീയതി വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു.ഇടവക വികാരി റവ.ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ നേതൃത്വം നല്‍കിയ വിശുദ്ധ കുര്‍ബാനയില്‍ ഇടവക ജനംഒന്നാകെ പങ്കെടുത്തു. തുടര്‍ന്ന് ദേവാലയ ഹാളില്‍ നടത്തിയ ആഘോഷപരിപാടികള്‍ പ്രാര്‍ത്ഥനാഗീതത്തോടെ 5.30-ന് ആരംഭിച്ചു.

ഇടവക വികാരി റവ.ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ നല്‍കിയ ആശംസാ സന്ദേശത്തില്‍ കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണീശോ ലോകജനതയ്ക്ക് നല്‍കിയ സമാധാനം നമ്മെ എന്നും നയിക്കട്ടെ എന്നും, പുതുവര്‍ഷം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും വര്‍ഷമായിരിക്കട്ടെ എന്നും ആശംസിച്ചു. തുടര്‍ന്ന് ക്യാറ്റിക്കിസം, കിന്റര്‍ഗാര്‍ഡന്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തത്തോടെ സാംസ്കാരിക പരിപാടികള്‍ ആരംഭിച്ചു.

ഇടവകയിലെ എട്ടു കൂട്ടായ്മകള്‍ക്കും പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരുന്നു. വിവിധങ്ങളായ പരിപാടികള്‍ അവതരിപ്പിക്കാന്‍ ഓരോ കൂട്ടായ്മയും ശ്രദ്ധിച്ചിരുന്നു. കാനഡയിലെ കുടിയേറ്റ തലമുറയിലെ മലയാളികള്‍ അനുഭവിക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ മുതല്‍ പുതുതലമുറയെ ക്രിസ്മസിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കി കൊടുക്കുന്ന സ്കിറ്റുകള്‍ ജനശ്രദ്ധയാകര്‍ഷിച്ചു. നൃത്തവും, നൃത്തശില്‍പവും, സ്കിറ്റും, ക്രിസ്മസ് ഗാനങ്ങളും പുതുമനിറഞ്ഞവയായിരുന്നു.

ഇടവകയിലെ എട്ടു യൂണീറ്റുകള്‍ കൂടാതെ ക്യാറ്റിക്കിസം കുട്ടികളും, മാതൃജ്യോതിസും, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റും പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. 2016 നവംബറില്‍ ഇടവകയില്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച യൂത്ത് മൂവ്‌മെന്റ് “മദ്യം, മയക്കുമരുന്ന്’ എന്നീ സാമൂഹ്യ വിപത്തുകള്‍ക്കെതിരേ പ്രതികരിച്ചുകൊണ്ട് ആവിഷ്കരിച്ച സ്കിറ്റും വ്യത്യസ്തത പുലര്‍ത്തി. യൂത്ത് മൂവ്‌മെന്റിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ 50-50 -ഉം ഇടവക യുവജനങ്ങള്‍ക്ക് ആവേശം പകര്‍ന്നു.

ഇടവകയിലെ ഓരോ കൂട്ടായ്മകളില്‍ നിന്നും പുല്‍ക്കൂട് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടത്തി. തുടര്‍ന്ന് “നൈറ്റ് ഓഫ് കൊളംബസ്’ നടത്തിയ പോസ്റ്റര്‍ മത്സരത്തിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെന്റ് എഡ്മണ്ടന്‍ ദേവാലയ വികാരി ഫാ. പാട്രിക് ബോസ്‌കോ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തോമസ് ജോസഫ്, ജിജി തോമസ് എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായിരുന്നു. പ്രോഗ്രാം കോമ്പയറര്‍ ലീജിയ ഹിസേട്ട് ആയിരുന്നു. കലാപരിപാടികള്‍ക്കുശേഷം നടത്തിയ സ്‌നേഹവിരുന്നും വേറിട്ടുനിന്നു. ഓരോ കൂട്ടായ്മയില്‍ നിന്നും ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്നിരുന്നു. ഒരു ഇടയനും ഒരു ആട്ടിന്‍പറ്റവും എന്നപോലെ സഭയോട് ചേര്‍ന്നു നിന്ന് ഇടവക വികാരിയുടെ നേതൃത്വത്തില്‍ വിശ്വാസ സമൂഹം, കേരളത്തനിമയോടെ, സീറോ മലബാര്‍ കത്തോലിക്കരുടെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ നടത്തിയത്.

വിനു വര്‍ക്കി കളപ്പുര അറിയിച്ചതാണിത്.

edmontonxmas_pic7 edmontonxmas_pic6 edmontonxmas_pic5 edmontonxmas_pic4 edmontonxmas_pic3 edmontonxmas_pic2

LEAVE A REPLY

Please enter your comment!
Please enter your name here