അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാമത് പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയിലെങ്ങും പ്രതിഷേധങ്ങള്‍ ഉരുണ്ടുകൂടുകയാണ്. മുമ്പ് മറ്റൊരു പ്രസിഡന്റും തുടക്കത്തില്‍ ഇത്രയേറെ പ്രതിഷേധങ്ങള്‍ നേരിട്ടിട്ടില്ല എന്നുള്ളതാണു സത്യം.അതിനിടയിലാണ് മുന്‍ പ്രസിഡന്റ് ഒബാമയാണോ ഇപ്പോഴത്തെ പ്രസിഡന്റ് ട്രംപാണോ ജനപ്രീതിയുടെ കാര്യത്തില്‍ മുന്നിലെന്നുള്ള ചര്‍ച്ച ഉയരുന്നത്.

ഈ ചര്‍ച്ചയ്ക്കു അനുബന്ധമായി വോക്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച രണ്ടു ചടങ്ങുകളുടെയും ആകാശദൃശ്യങ്ങളില്‍ നിന്നും അമേരിക്കക്കാര്‍ക്ക് ഒബാമയാണ് പ്രിയങ്കരന്‍ എന്നു വ്യക്തമായിരുന്നു. തന്റെ സത്യപ്രതിജ്ഞയ്ക്കു എത്തുന്ന ജനക്കൂട്ടം റിക്കോര്‍ഡ് സൃഷ്ടിക്കുമെന്നുള്ള ട്രംപിന്റെ പ്രസ്താവന വെറും പ്രസ്താവനയായി മാത്രം ഒതുങ്ങുന്ന കാഴ്ചയാണു സത്യപ്രതിജ്ഞാച്ചടങ്ങില്‍ കാണാനായത്. ഫെഡറല്‍, ലോക്കല്‍ ഏജന്‍സികളുടെ കണക്കുപ്രകാരം ഏഴു ലക്ഷം മുതല്‍ ഒന്‍പതു ലക്ഷം വരെ ആളുകളാണ് ട്രംപ് പ്രസിഡന്റാവുന്നതു കാണാന്‍ എത്തിച്ചേര്‍ന്നത്.

എന്നാല്‍ 2009ല്‍ ഒബാമയ്ക്കു പിന്തുണയുമായെത്തിയത് 18 ലക്ഷത്തോളം ആളുകളാണ്. ട്രംപിന്റേതിനേക്കാള്‍ ഇരട്ടി. 2013ല്‍ രണ്ടാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒബാമയെ പിന്തുണയര്‍പ്പിക്കാന്‍ 10ലക്ഷം പേര്‍ എത്തിയിരുന്നു.
ഇത് അമേരിക്കയുടെ കാര്യമാണെങ്കില്‍ ലോകത്തെ മുഴുവന്‍ സംബന്ധിച്ചും ഒബാമ തന്നെയാണു വളരെ മുന്നില്‍ നില്‍ക്കുന്നത്. പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സ്ഥാനാരോഹണം ചെയ്യുന്നതു തല്‍സമയം ടെലിവിഷനില്‍ വീക്ഷിച്ചത് 3.1 കോടിയില്‍ അധികം ആളുകളെന്നാണു നീല്‍സെന്‍ കമ്പനി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. എന്നാല്‍ 2009ല്‍ ബരാക് ഒബാമയുടെ സ്ഥാനാരോഹണ ചടങ്ങ് വീക്ഷിക്കാന്‍ 3.7 കോടി ആളുകള്‍ ടെലിവിഷനിലുണ്ടായിരുന്നു. അമേരിക്കയുടെ 47 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും അധികം ആളുകള്‍ വീക്ഷിച്ച രണ്ടാമത്തെ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു ഇതെന്നു നീല്‍സെന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2013ല്‍ 2.6 കോടിയോളം പ്രേക്ഷകരാണ് ഒബാമയുടെ സ്ഥാനാരോഹണ ചടങ്ങ് വീക്ഷിച്ചത്.

യുഎസ് ചരിത്രത്തില്‍ റൊണാള്‍ഡ് റീഗന്‍ന്റെ സ്ഥാനാരോഹണ ചടങ്ങാണ് ഏറ്റവുംകൂടുതല്‍ പേര്‍ വീക്ഷിച്ചത്. 4.18കോടി ആളുകളാണ് അന്ന് ടെലിവിഷനു മുന്നിലുണ്ടായിരുന്നത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിന് അഞ്ചാം സ്ഥാനമാണുള്ളതെന്നും നീല്‍സെണ്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here