പെണ്‍കുട്ടികളെ അപമാനിച്ചതിനു പരസ്യമായി മാപ്പെഴുതി നല്‍കി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പള്‍ ബീന ഊരാക്കുടുക്കിലായി. ക്ഷമ ചോദിക്കുന്നു എന്ന് എഴുതി നല്‍കിയതിലൂടെ പ്രിന്‍സിപ്പള്‍ കുറ്റം ചെയ്തതായി തെളിഞ്ഞിരിക്കുകയാണ്.

പ്രിന്‍സിപ്പള്‍ മാപ്പ് എഴുതി നല്‍കുന്ന വീഡിയോ വിദ്യാര്‍ത്ഥിനികള്‍ പുറത്തുവിട്ടു.

കോളജിന്റെ നടുമുറ്റത്തു സഹപാഠികളായ ആണ്‍കുട്ടികളോടൊപ്പം വര്‍ത്തമാനം പറഞ്ഞിരുന്ന രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്കു നേരെയാണ് പ്രിന്‍സിപ്പള്‍ ലൈംഗികാധിക്ഷേപം നടത്തിയത്. ആണ്‍കുട്ടികളോട് ഒന്നും പറഞ്ഞില്ല. ‘നീയൊക്കെ കോളേജില്‍ വരുന്നത് ആമ്പിള്ളേരുടെ ചൂട് പറ്റാനാണോടി’- എന്ന നിലയില്‍ ഭ്രാന്തമായാണ് പെണ്‍കുട്ടികളെ അധിക്ഷേപിച്ചത്. പെണ്‍കുട്ടികള്‍ പെട്ടെന്ന് പകച്ചു പോവുകയും കരയുകയും ചെയ്തു. കരഞ്ഞിട്ടും അധിക്ഷേപം തുടര്‍ന്നു. മറ്റുവിദ്യാര്‍ത്ഥികള്‍ ചുറ്റും കൂടിയതോടെ കൂടുതല്‍ രോഷാകുലയായി, സ്വയം നിയന്ത്രിക്കാനാവാത്ത അവസ്ഥയിലായിരുന്നു പ്രിന്‍സിപ്പള്‍.

പ്രിന്‍സിപ്പളിന്റെ പെരുമാറ്റത്തില്‍ പെട്ടെന്നു പകച്ചു പോയ വിദ്യാര്‍ത്ഥിനികള്‍ ഉടന്‍ തന്നെ കോളേജ് യൂണിയൻ വൈസ് ചെയര്‍പേഴ്സൺ സൂര്യദാസിനെ കാണുകയും പരാതി പറയുകയും ചെയ്തു. കുട്ടികളില്‍ നിന്നും പരാതി എഴുതി വാങ്ങിയ ശേഷം സൂര്യ, വിദ്യാര്‍ത്ഥിനികളുമായി പ്രിന്‍സിപ്പളിന്റെ റൂമിലെത്തി. അപ്പോള്‍ അവിടെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുകയായിരുന്നു. തൊട്ടു മുന്‍ ദിവസം സ്‌ട്രൈക്ക് എടുക്കാന്‍ എഐഎസ്എഫിന് അനുവാദം നല്‍കിയ ശേഷം പിന്‍വലിച്ചത് സംഘടനാ പ്രവര്‍ത്തനം തടഞ്ഞതാണ് എന്നതും ഹോസ്റ്റല്‍ വിഷയവുമായിരുന്നു ചര്‍ച്ച. ആ വേദിയിലേയ്ക്ക് സൂര്യയുടെ നേതൃത്വത്തില്‍ ഇരച്ചു കയറിയ വിദ്യര്‍ത്ഥിനികള്‍ പ്രിന്‍സിപ്പളിന്റെ ലൈംഗികച്ചുവയോടെയും ലിംഗനീതിക്കും എതിരായ ആക്ഷേപത്തിനു പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ പ്രിന്‍സിപ്പളത് സമ്മതിച്ചില്ല. അതോടെ പ്രകടനമെടുക്കാനും ഖരാവോ ചെയ്യാനും തീരുമാനിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥിനികളെത്തിയതോടെ പ്രിന്‍സിപ്പള്‍ ക്ഷമ പറയാമെന്നായി. എന്നാല്‍ ക്ഷമ എഴുതി നല്‍കണമെന്നതില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചു നിന്നതോടെ സ്വന്തം കയ്യക്ഷരത്തില്‍ മാപ്പെഴുതി നല്‍കുകയായിരുന്നു.

സിപിഎം അനുകൂല അദ്ധ്യാപക സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള ഗവര്‍ണമെന്റ് കോളേജ് ടീച്ചേഴ്‌സ് സംസ്ഥാനക്കമ്മറ്റി പെണ്‍കുട്ടികളെ അപമാനിച്ചതിനെതിരെ രംഗത്ത് എത്തിയിരുന്നു. ജൂനിയര്‍ അദ്ധ്യാപികയ്‌ക്കെതിരെ അപമാനകരമായ സന്ദേശം അയച്ചു, പുരുഷ അദ്ധ്യാപകരോട് അദ്ധ്യാപികമാര്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി, തുടങ്ങിയ ആക്ഷേപങ്ങളും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. കെ. രാമകൃഷ്ണനും ജനറല്‍ സെക്രട്ടറി ഡോ. കെ.കെ ദാമോദരനും ഉന്നയിച്ചു.

സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം പ്രിന്‍സിപ്പളിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രിന്‍സിപ്പലിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ അദ്ധ്യാപകര്‍ പ്രകടനം നടത്തുകയും ചെയ്തു. പ്രിന്‍സിപ്പള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിനു മാപ്പെഴുതി നല്‍കുന്ന ദൃശ്യങ്ങളാണ് വിദ്യാര്‍ത്ഥിനികള്‍ തന്നെ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. വിദ്യാർത്ഥിനികൾ യൂണിയനു നൽകിയ പരാതിയുടെ ചുവടെയാണ് പ്രിൻസിപ്പാൾ മാപ്പെഴുതിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here