തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും സുഹൃത്തിനുമെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ആക്രമണം വിവാദമായ സാഹചര്യത്തിലാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ ഫേസ്ബുക്കില്‍ മറുപടിയുമായെത്തിയത്. ആക്രമണത്തില്‍ എസ്എഫ്‌ഐയുമായി ബന്ധമുള്ളവരുണ്ടെങ്കില്‍ പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് എം വിജിന്‍ വ്യക്തമാക്കി. അപരാധികളെ സംരക്ഷിക്കുകയോ നിരപരാധികളെ ക്രൂശിലേറ്റുകയോ ചെയ്യുന്ന രീതി എസ്എഫ്‌ഐയുടേതല്ല എന്ന് വിജിന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

എന്നാല്‍ എസ്എഫ്‌ഐയെ സദാചാര ഗുണ്ടകള്‍ എന്ന് മുദ്ര കുത്താന്‍ നടത്തുന്ന ശ്രമത്തെ അംഗീകരിക്കില്ല. ആരോഗ്യപരമായ സ്ത്രീപുരുഷ ബന്ധങ്ങളിലും ജനാധിപത്യത്തിലും പൗരാവകാശങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന പ്രസ്ഥാനമാണ് എസ്എഫ്‌ഐ . സദാചാര ഗുണ്ടായിസത്തിന്റെ മറവില്‍ എവിടെയൊക്കെ പൗര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയിട്ടുണ്ടോ അവിടെയൊക്കെ പൗരസ്വാതന്ത്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതും എസ്എഫ്‌ഐ ആണെന്ന് വിജിന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിനികളേയും സുഹൃത്തിനേയും ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന ഘടകത്തിന്റെ നിലപാട് നവമാദ്ധ്യമങ്ങളിലടക്കം ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസിന് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാനാകാത്തതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

എം വിജിന്റെ പോസ്റ്റിന്റെ പൂർണരൂപം

ആരോഗ്യപരമായ സ്ത്രീപുരുഷ ബന്ധങ്ങളിലും ജനാധിപത്യത്തിലും പൗരാവകാശങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന പ്രസ്ഥാനമാണ് SFI..സദാചാര ഗുണ്ടായിസത്തിന്റെ മറവിൽ എവിടെയൊക്കെ പൗര സ്വാതന്ത്ര്യത്തെ അടിച്ചമർത്തിയിട്ടുണ്ടോ അവിടെയൊക്കെ പൗരസ്വാതന്ത്യത്തിനു വേണ്ടി ശബ്ദമുയർത്തിയതും SFI ആണ്..

2012 ൽ പാലക്കാട് നടന്ന എസ് എഫ് ഐ യുടെ 31 മത് സംസ്ഥാന സമ്മേളനവും 2015 ൽ തൃശൂരിൽ നടന്ന 32- മത് സംസ്ഥാന സമ്മേളനവും സദാചാര പൊലീസിങ്ങിനെതിരെ വളരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത് .മനുഷ്യത്വ രഹിതമായ ഇത്തരം പ്രവണതകൾക്ക് എതിരെ വിദ്യാർത്ഥികളും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന ആഹ്വാനം ഉൾക്കൊള്ളുന്ന രണ്ടു പ്രമേയങ്ങൾ എസ് എഫ് ഐ അംഗീകരിക്കുകയും ചെയ്തു. ഫാസിസിസത്തിനെതിരെ നടന്ന ജനാധിപത്യസമരങ്ങളെപ്പോലും ക്രൂരമായി വേട്ടയാടുന്ന വർഗ്ഗീയ ഫാസിസ്റ്റുകളുടെ നിലപാടുകൾക്ക് എതിരെയും കേരളത്തിലെ കാമ്പസുകളിൽ എസ് എഫ് ഐ അനേകം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

എസ് എഫ്‌ഐയും അതിന്റെ നയങ്ങളും നിലപാടുകളും പ്രത്യയശാസ്ത്രപരമായി കപടസദാചാര ബോധത്തിന് എതിരാണ്.ഇന്ത്യയിൽ ട്രാൻസ്ജെൻഡേർസിനു ആദ്യമായി മെമ്പർഷിപ്പ് നൽകിയ പ്രസ്ഥാനം SFI ആയിരുന്നു.സംസ്ഥാനത്തു പലയിടങ്ങളിൽ ഉണ്ടായ സദാചാര ക്രൂരതകളെ അതാതു സമയങ്ങളിൽ തുറന്നു കാട്ടുന്ന പ്രതിഷേധ കൂട്ടായ്മകളുംകളും ,സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാറുള്ള പ്രസ്ഥാനമാണ് SFI.

എന്നാൽ SFI യെ സദാചാരായ ഗുണ്ടകൾ എന്ന് മുദ്രകുത്താൻ നടത്തുന്ന ശ്രമത്തെ അംഗീകരിക്കില്ല..SFI യുമായി ബന്ധമുള്ള ആരെങ്കിലും ഈ വിഷയത്തിൽ ഉണ്ടെങ്കിൽ പരിശോധിക്കുകയും ,നടപടികൾ സ്വീകരിക്കുകയും ചെയ്യും..അപരാധികളെ സംരക്ഷിക്കുകയോ നിരപരാധികളെ ക്രൂശിലേറ്റുകയോ ചെയ്യുന്ന രീതി ഞങ്ങളുടേതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here