മ്യാൻമാർ, ആങ് സാൻ സൂ കീ, ജനാധിപത്യം (ലേഖനം)

സമ്പന്നരാജ്യമായ അമേരിക്കയിലെ പൗരത്വം കിട്ടാൻ അവിടെ തുടർച്ചയായി എട്ടു വർഷം ജീവിച്ചാൽ മതി. ചിലരുടെ കാര്യത്തിൽ ഏതാനും വർഷം കൂടി വേണ്ടി വന്നേക്കാം. അസ്വസ്ഥമായ പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളെ യൂറോപ്പിലെ പല രാജ്യങ്ങളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്, തുടർന്നും സ്വീകരിക്കുന്നുമുണ്ട്. ഇങ്ങനെ സ്വീകരിക്കപ്പെട്ട അഭയാർത്ഥികൾക്ക് അതതു രാജ്യങ്ങളിലെ പൗരത്വം കിട്ടാൻ എത്ര വർഷം വേണ്ടിവരുമെന്നു നോക്കാം: ജർമ്മനി – എട്ടു വർഷം. ഹംഗറി – മൂന്നു വർഷം. സ്വീഡൻ – അഞ്ചു വർഷം, അഭയാർത്ഥികൾക്കു നാലു വർഷം മതി. ഇറ്റലി – പത്തു വർഷം, അഭയാർത്ഥികൾക്ക് അഞ്ചു വർഷം. ഫ്രാൻസ് – അഞ്ചു വർഷം. പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികൾ ഇന്ത്യയിലെത്തുന്നതായി കേട്ടിട്ടില്ല. ഇന്ത്യയിലെത്തുന്ന ഒരു വിദേശിയ്ക്ക് ഇന്ത്യൻ പൗരത്വം കിട്ടാൻ പന്ത്രണ്ടു വർഷം മതി. ഇടയ്ക്കൊരു സൂചന: നാലായിരത്തിലേറെ പദങ്ങളുള്ള, നീണ്ട ലേഖനമാണിത്. സമയമുണ്ടെങ്കിൽ മാത്രം തുടർന്നു വായിക്കുക.

എന്നാൽ ഏഷ്യയിലെ ദരിദ്രരാജ്യങ്ങളിലൊന്നായ മ്യാൻമാറിലെ പൗരത്വം കിട്ടണമെങ്കിൽ ഇപ്പറഞ്ഞ കാലയളവൊന്നും മതിയാവില്ല; 194 കൊല്ലം തുടർച്ചയായി മ്യാൻമാറിൽ ജീവിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്കു മാത്രമേ സമ്പൂർണപൗരത്വം കിട്ടുകയുള്ളൂ! പണ്ടു നമ്മുടെ തീവണ്ടികളിലുണ്ടായിരുന്നതു പോലുള്ള ഉച്ചനീചത്വങ്ങൾ മ്യാൻമാറിലെ പൗരത്വത്തിനുമുണ്ട്. തീവണ്ടിയിൽ പണ്ട് ഒന്നാം ക്ളാസ്സ്, രണ്ടാം ക്ളാസ്സ്, മൂന്നാം ക്ളാസ്സ് എന്നിങ്ങനെ മൂന്നു ക്ളാസ്സുകളുണ്ടായിരുന്നു. മ്യാൻമാറിലെ പൗരത്വവും മൂന്നു ക്ളാസ്സുകളിലായി വേർതിരിച്ചിട്ടുണ്ട്: പൗരത്വം, അസോസിയേറ്റ് പൗരത്വം, നാച്ച്വറലൈസ്ഡ് പൗരത്വം. ഇവയിൽ സമ്പൂർണമായതു പൗരത്വമാണ്. പൗരത്വമുള്ളവർക്കു മാത്രമേ അവിടത്തെ ഭരണത്തിൽ പങ്കു വഹിക്കാനുള്ള അവകാശമുള്ളൂ. അസോസിയേറ്റ് പൗരത്വം, നാച്ച്വറലൈസ്ഡ് പൗരത്വം എന്നിവ മാത്രമുള്ളവർക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശമില്ല; അതുകൊണ്ടവർക്കു ഭരണാധികാരികളുമാകാനാവില്ല. നൂറ്റാണ്ടുകളായി മ്യാൻമാറിൽ ജീവിച്ചുപോരുന്ന ഭൂരിപക്ഷസമുദായങ്ങൾക്കു മാത്രമായി ഭരണാധികാരം പരിമിതപ്പെടുത്തുകയാണ് ഈ നിയന്ത്രണങ്ങളുടെ ഉദ്ദേശ്യലക്ഷ്യമെന്നു വ്യക്തം. വംശാധിപത്യേച്ഛയുടെ പല രൂപങ്ങളിലൊന്ന്.

നമ്മുടെ നാട്ടിലെ കാര്യമെത്ര എളുപ്പം! ഇരുപത്തഞ്ചു വയസ്സു തികഞ്ഞ ഏതു പൗരനുമിവിടെ പ്രധാനമന്ത്രിയാകാം, മുപ്പത്തഞ്ചു വയസ്സു തികഞ്ഞ ഏതു പൗരനുമിവിടെ രാഷ്ട്രപതിയുമാകാം. മ്യാൻമാറിലാകട്ടെ, എഴുപതു വയസ്സു കഴിഞ്ഞ ആങ് സാൻ സൂ കീ എന്ന ആഗോളപ്രശസ്തയായ വനിതയ്ക്കു രാഷ്ട്രപതിയാകാൻ മറ്റാർക്കുമില്ലാത്ത യോഗ്യതകളെല്ലാമുണ്ടായിട്ടും അതു സാദ്ധ്യമാകുന്നില്ല. സൂ കീയ്ക്കു സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയിട്ടുണ്ട്, ഒന്നിലേറെ ബിരുദങ്ങളുണ്ട്, ബിരുദാനന്തരബിരുദമുണ്ട്. അഹിംസയിലും ജനാധിപത്യത്തിലും സൂ കീയ്ക്ക് അടിയുറച്ച വിശ്വാസമുണ്ട്. മുകളിൽപ്പറഞ്ഞ, 194 കൊല്ലം തുടർച്ചയായി മ്യാൻമാറിൽ ജീവിച്ചുപോരുന്നൊരു കുടുംബത്തിലെ അംഗവുമാണു സൂ കീ. മ്യാൻമാറിന്റെ രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്ന, പരേതനായ ആങ് സാൻ എന്ന മഹദ്‌വ്യക്തിയുടെ മകളുമാണു സൂ കീ. ഇതിനെല്ലാമുപരിയായി, സൂ കീയുടെ നേതൃത്വത്തിലുള്ള പാർട്ടി ഏറ്റവുമൊടുവിൽ നടന്ന പാർലമെന്റു തെരഞ്ഞെടുപ്പിൽ എൺപതു ശതമാനത്തിലേറെ സീറ്റുകളും നേടിയിട്ടുണ്ട്. ഇതൊക്കെയായിട്ടും, സൂ കീയ്ക്കു മ്യാൻമാറിലെ രാഷ്ട്രപതിയാകാനാകുന്നില്ല!

ഈ 194 കൊല്ലമെന്ന ഉപാധിയെപ്പറ്റി അല്പം ചരിത്രം: 194 വർഷം മുമ്പ്, 1823ൽ, ബ്രിട്ടൻ മ്യാൻമാറിന്റെ ചില ഭാഗങ്ങൾ കൈയടക്കി. തുടർന്ന്, അല്പാല്പമായി, മ്യാൻമാറിന്റെ ഭൂരിഭാഗവും ബ്രിട്ടൻ കൈവശപ്പെടുത്തി. അധികം താമസിയാതെ മ്യാൻമാർ ബ്രിട്ടന്റെ കോളനിയായി മാറി. അന്ന് ഇന്ത്യയും ബ്രിട്ടന്റെ കോളനി തന്നെ. ഇന്ത്യയും മ്യാൻമാറും അടുത്തടുത്തു കിടക്കുന്ന സ്വന്തം കോളനികളായതുകൊണ്ട്, ബ്രിട്ടൻ ഭരണസൗകര്യാർത്ഥം മ്യാൻമാറിനെ ബ്രിട്ടീഷ് ഇന്ത്യയുടെ പ്രോവിൻസുകളിലൊന്നാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ്, ബോംബേ, ബംഗാൾ, മുതലായ എട്ടു പ്രോവിൻസുകളുണ്ടായിരുന്നു. അവയിലൊന്നായിരുന്നു ബർമ്മാ പ്രോവിൻസും. 1937ൽ ബ്രിട്ടൻ മ്യാൻമാറിനെ ബ്രിട്ടീഷിന്ത്യയിൽ നിന്നടർത്തി, ബർമ്മാ ഓഫീസിന്റെ കീഴിലാക്കി; സ്വന്തം കോളനി തന്നെ, വേറിട്ട ഒന്ന് എന്നു മാത്രം.

മ്യാൻമാറിനെ ബ്രിട്ടന്റെ കൈപ്പിടിയിൽ നിന്നു വിടുവിക്കാൻ കഠിനാദ്ധ്വാനം നടത്തിയ വ്യക്തിയായിരുന്നു, ആങ് സാൻ സൂ കീയുടെ പിതാവായിരുന്ന ആങ് സാൻ. ‘ആങ് സാൻ’, ‘ആങ് സാൻ സൂ കീ’: ഈ പേരുകൾ ആശയക്കുഴപ്പമുണ്ടാക്കാനിടയുണ്ട്. അതൊഴിവാക്കാൻ ചെറിയൊരു വിശദീകരണം സഹായിക്കും. മാതാപിതാക്കളുടേയും, മാതാപിതാക്കളുടെ മാതാപിതാക്കളുടേയും പേരുകളിൽ നിന്നാണു മ്യാൻമാറിലെ പലർക്കും പേരുകൾ കിട്ടുന്നത്. ആങ് സാൻ സൂ കീയുടെ പേരിന്റെ തുടക്കത്തിലുള്ള ‘ആങ് സാൻ’ പിതാവായ ആങ് സാനിൽ നിന്നാണു കിട്ടിയത്. ആങ് സാനിന്റെ മാതാവിന്റെ (സൂ കീയുടെ പിതൃമാതാവ്) പേരിൽ നിന്നു സൂ എന്ന പേരു കിട്ടി. ആങ് സാനിന്റെ പത്നിയും ആങ് സാൻ സൂ കീയുടെ മാതാവുമായിരുന്ന ഖിൻ കീയിൽ നിന്നു കീ എന്ന പേരും കിട്ടി. അങ്ങനെ, ആങ് സാനിന്റേയും ഖിൻ കീയുടേയും മകൾക്ക് ആങ് സാൻ സൂ കീ എന്ന പേരു കിട്ടി.

ബ്രിട്ടനെതിരെ പോരാടാൻ ഇന്ത്യയിൽ സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചു. അതേ പോലെ, മ്യാൻമാറിൽ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കെതിരേ പോരാടാൻ ആങ് സാൻ ബർമ്മാ ഇൻഡിപെന്റൻസ് ആർമിക്കു രൂപം കൊടുത്തു. ബോസിനെപ്പോലെ ആങ് സാനും ബ്രിട്ടന്റെ ശത്രുവായിരുന്ന ജപ്പാന്റെ സഹായം തേടി. ശത്രുവിന്റെ ശത്രു മിത്രം. ഇമ്പീരിയൽ ജാപ്പനീസ് ആർമിയോടൊത്ത് ബർമ്മാ ഇൻഡിപ്പെന്റൻസ് ആർമി ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടി. ഇരുകൂട്ടരും ചേർന്ന് 1942ൽ ബ്രിട്ടനെ പരാജയപ്പെടുത്തി. ആങ് സാൻ ബർമ്മാ ഡിഫൻസ് ആർമി രൂപീകരിച്ചു. 1943ൽ ജപ്പാൻ തങ്ങളുടെ ആധിപത്യം കൈവിടാതെ തന്നെ മ്യാൻമാറിനു നേരിയ ആഭ്യന്തര ഭരണസ്വാതന്ത്ര്യം അനുവദിച്ചു. ഭാഗികമായ സ്വയംഭരണമുള്ള ബർമ്മീസ് സർക്കാർ രൂപം കൊണ്ടു. ആങ് സാനായിരുന്നു, അതിന്റെ നേതൃസ്ഥാനത്ത്. ബർമ്മാ ഡിഫൻസ് ആർമി ബർമ്മാ നാഷണൽ ആർമിയായിത്തീർന്നു.

ജപ്പാൻ അധികം താമസിയാതെ മ്യാൻമാറിനു പൂർണസ്വാതന്ത്ര്യം നൽകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. “വിരുന്നു വന്നവർ ഭരണം പറ്റി” എന്ന കവിവാക്യം അന്വർത്ഥമായി. മ്യാൻമാർ വിട്ടൊഴിഞ്ഞു പോകാൻ ജപ്പാൻ വരുത്തിയ വിളംബം മ്യാൻമാറിനു പൂർണസ്വാതന്ത്ര്യം നൽകാനുള്ള യാതൊരുദ്ദേശവും ജപ്പാന് ഇല്ലെന്നു വ്യക്തമാക്കി. ജപ്പാൻ ബ്രിട്ടനേക്കാൾ വെറുക്കപ്പെട്ടവരായി. ആങ് സാൻ ജപ്പാനെതിരെ പ്രതിഷേധിച്ചു, പട നയിച്ചു. ജപ്പാന്റെ ആധിപത്യം അവസാനിപ്പിക്കാൻ വേണ്ടി, ആങ് സാൻ ബ്രിട്ടീഷുകാരുമായി സഖ്യത്തിലെത്തി: വീണ്ടും ശത്രുവിന്റെ ശത്രു മിത്രം. 1945ൽ ബർമ്മാ നാഷണൽ ആർമിയുടെ സഹായത്തോടെ ബ്രിട്ടീഷ് സഖ്യസേന ജപ്പാനെ മ്യാൻമാറിൽ നിന്നു തുരത്തി. മ്യാൻമാർ വീണ്ടും ബ്രിട്ടന്റെ അധീനതയിലായി.

ഇത്തവണ വലിയ പ്രശ്നമുണ്ടായില്ല: മ്യാൻമാറിന്റെ ആധിപത്യം വീണ്ടും ബ്രിട്ടനു കൈവന്നെങ്കിലും, അധികം താമസിയാതെ തന്നെ മ്യാൻമാറിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനുള്ള ചർച്ചകൾക്ക് ആങ് സാനിന്റെ നേതൃത്വത്തിൽ തുടക്കമായി. 1947 ജനുവരിയിൽ ലണ്ടനിൽ വെച്ച് ആങ് സാൻ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ളെമന്റ് അറ്റ്ലിയുമായി കരാറൊപ്പു വെച്ചപ്പോൾ മ്യാൻമാറിന്റെ സ്വാതന്ത്ര്യം ഉറപ്പായി.

അധികാരക്കൈമാറ്റം സംബന്ധിച്ച നടപടികളുടെ ഭാഗമായി 1947 ഏപ്രിലിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ആങ് സാന്റെ നേതൃത്വത്തിലുള്ള ആന്റി ഫാഷിസ്റ്റ് പീപ്പിൾസ് ഫ്രീഡം പാർട്ടി കോൺസ്റ്റിറ്റ്യുവന്റ് അസംബ്ളിയിൽ 83% സീറ്റുകൾ നേടി; ആങ് സാൻ പ്രധാനമന്ത്രിയായി. പൂർണസ്വാതന്ത്ര്യലബ്ധിയ്ക്കു മാസങ്ങൾ മാത്രം ശേഷിച്ചിരിക്കെ, 1947 ജുലായ് പത്തൊമ്പതിന് ആങ് സാനിന്റെ രാഷ്ട്രീയപ്രതിയോഗിയായ യു സോ അയച്ച ആയുധധാരികൾ ആങ് സാനിനേയും അദ്ദേഹത്തിന്റെ ആറു മന്ത്രിമാരേയും വെടിവെച്ചു കൊലപ്പെടുത്തി. ആങ് സാൻ ചരിത്രാവശേഷനായെങ്കിലും, അദ്ദേഹം ആശിച്ചിരുന്നതു പോലെ തന്നെ അടുത്ത വർഷം, 1948ൽ, മ്യാൻമാറിനു സ്വാതന്ത്ര്യം കിട്ടി. ആങ് സാൻ സ്വതന്ത്രമ്യാൻമാറിന്റെ രാഷ്ട്രപിതാവായി ആരാധിക്കപ്പെടുന്നു. ഇത്രയും ചരിത്രം.

മ്യാൻമാർ ബ്രിട്ടീഷ് കോളനി ആയിത്തീരുന്നതിനു മുമ്പു മ്യാൻമാറിൽ ജീവിച്ചിരുന്നവരുടെ പരമ്പരകൾക്കു മാത്രമേ പൗരത്വമുള്ളൂ എന്നൊരു നിയമം 1982ൽ മ്യാൻമാറിൽ പ്രാബല്യത്തിൽ വന്നതോടെയാണു പൗരത്വപ്രശ്നം തലപൊക്കിയത്. 1823നു മുമ്പ് മ്യാൻമാറിൽ ആരൊക്കെ സ്ഥിരതാമസമാക്കിയിരുന്നു എന്നുള്ളതിന് ആധികാരികമായ തെളിവുകൾ ലഭ്യമായിരുന്നു കാണാനിടയില്ല. അവയന്വേഷിച്ചു കണ്ടെത്തുകയെന്ന പാഴ്‌വേലയ്ക്ക് അന്നത്തെ സർക്കാർ തുനിഞ്ഞുമില്ല; ഉർവശീശാപം ഉപകാരം. ബാമർ, കച്ചിൻ, കയാഹ്, കയിൻ, ചിൻ, മോൻ, രഹൈൻ, ഷാൻ മുതലായ ചില ഭൂരിപക്ഷ സമുദായങ്ങൾക്കു മാത്രമായി പൗരത്വം പരിമിതപ്പെടുത്തണമെന്നതായിരുന്നു സാൻ യൂ എന്ന ജനറൽ നേതൃത്വം വഹിച്ചിരുന്ന അന്നത്തെ പട്ടാളസർക്കാരിന്റെ ഉദ്ദേശ്യം. പൗരത്വനിയമം നിലവിൽ വന്നപ്പോൾ ആ ഭൂരിപക്ഷ സമുദായങ്ങൾക്കു പൂർണപൗരത്വം ലഭിച്ചു. ബാമർ എന്ന സമുദായം ജനസംഖ്യയുടെ അറുപത്തെട്ടു ശതമാനത്തോളം വരും. ബാമറും അതോടൊപ്പം മുകളിൽപ്പറഞ്ഞ സമുദായങ്ങളും ആകെ ജനസംഖ്യയുടെ തൊണ്ണൂറ്റൊന്നു ശതമാനത്തോളം വരും. സമ്പൂർണപൗരത്വം ലഭിച്ചിരിക്കുന്ന ഈ സമുദായങ്ങളെല്ലാം ബുദ്ധമതവിശ്വാസികളുമാണ്. ആകെ ജനസംഖ്യയുടെ തൊണ്ണൂറ്റൊന്നു ശതമാനം ബുദ്ധമതാനുയായികളുള്ള മ്യാൻമാർ മതേതരരാഷ്ട്രമല്ല, പ്രത്യുത, ബുദ്ധമതരാഷ്ട്രമാണ്; ബുദ്ധമതം ദേശീയമതവും.

വാസ്തവത്തിൽ ഇന്ത്യയെപ്പോലുള്ള മതേതരരാഷ്ട്രങ്ങൾ ഏഷ്യയിൽ കുറവാണ്. മ്യാൻമാറുൾപ്പെടെ പത്തു രാഷ്ട്രങ്ങളുണ്ടു ദക്ഷിണപൂർവേഷ്യയിൽ. അവയിൽ, ഒരു കോടിയിലേറെ ജനസംഖ്യയുള്ള രാഷ്ട്രങ്ങളിൽ മതേതരമെന്നു പറയാവുന്നതായി ആകെ രണ്ടു രാഷ്ട്രങ്ങളേയുള്ളൂ: ഫിലിപ്പൈൻസും വിയറ്റ്നാമും. അഞ്ചു കോടിയിലേറെ ജനങ്ങളുള്ള മ്യാൻമാർ മതേതരരാഷ്ട്രമല്ല.

1982ലെ പൗരത്വനിയമം നിലവിൽ വന്നതോടെ ഭരണാധികാരം ജനസംഖ്യയുടെ അറുപത്തെട്ടു ശതമാനത്തോളം വരുന്ന ബാമർ എന്ന വിഭാഗത്തിന്റെ കൈപ്പിടിയിലായെന്നു പറയാം. ബാമർ എന്ന പദത്തിൽ നിന്നാണു ബ്രിട്ടീഷുകാർ നൽകിയ ബർമ്മ എന്ന പഴയ പേരുണ്ടായത്. ബർമ്മ ബാമർമാരുടേത് എന്നൊരു പൊതുധാരണയുണ്ട്. മ്യാൻമാർ എന്ന പദവും ബാമറിൽ നിന്നുണ്ടായതാണ്. 1989ൽ നിലവിലുണ്ടായിരുന്ന ബർമ്മീസ് സർക്കാർ സ്ഥലനാമങ്ങൾക്കു മാറ്റം വരുത്തിയപ്പോൾ ബർമ്മ മ്യാൻമാർ ആയിത്തീർന്നു, നമ്മുടെ കൽക്കട്ട കൊൽക്കത്തയും കാലിക്കറ്റ് കോഴിക്കോടും ആയതുപോലെ. യൂറോപ്പുകാർ വിരളമായി മാത്രമേ മ്യാൻമാർ എന്ന പേരുപയോഗിക്കാറുള്ളൂ. അവർക്കിപ്പോഴും മ്യാൻമാർ ബർമ്മ തന്നെയാണ്.

ബർമ്മ എന്ന പേരു കേൾക്കുമ്പോൾ ചിലർക്കെങ്കിലും ഇന്ത്യയിലുണ്ടായിരുന്ന ബർമ്മാ ഓയിൽ കമ്പനി (ബി ഓ സി), ബർമ്മാ ഷെൽ എന്നീ പേരുകൾ ഓർമ്മ വന്നേക്കാം. ഇവയ്ക്കു ബർമ്മയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്ന ചോദ്യവുമുയർന്നേക്കാം. നാലു പതിറ്റാണ്ടു മുമ്പാണിവിടെ, ഇന്ത്യയിൽ, ബർമ്മാ ഷെൽ എന്ന പെട്രോളിയം കമ്പനിയുണ്ടായിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, അതു ബർമ്മാ ഓയിൽ കമ്പനിയായിരുന്നു. ബർമ്മാ ഓയിൽ കമ്പനിയുടെ തുടക്കമാകട്ടെ, റംഗൂൺ ഓയിൽ കമ്പനിയെന്ന പേരിലും. എല്ലാം ബ്രിട്ടീഷ് കമ്പനികൾ. മ്യാൻമാറിന്റെ തലസ്ഥാനമായ യാംഗോണിന്റെ പഴയ പേരാണു റംഗൂൺ.

ബർമ്മാ ഓയിൽ കമ്പനി മ്യാൻമാറിലും പ്രവർത്തിച്ചിരുന്നെന്നു പറയേണ്ടതില്ലല്ലോ. 1962ൽ ജനറൽ നെവിന്റെ നേതൃത്വത്തിലുള്ള ബർമ്മീസ് പട്ടാളം ഭരണം പിടിച്ചെടുത്തിരുന്നു. അതായിരുന്നു, നാല്പത്തെട്ടുകൊല്ലം നീണ്ടുനിന്ന പട്ടാളഭരണത്തിന്റെ തുടക്കം. ജനറൽ നെവിൻ കുറേയേറെ വ്യവസായങ്ങളെ കൂട്ടത്തോടെ ദേശസാൽക്കരിച്ചു. അക്കൂട്ടത്തിൽ, 1963ൽ, ബർമ്മാ ഓയിൽ കമ്പനിയുടെ മ്യാൻമാറിലെ വിഭാഗവും പെട്ടു. അങ്ങനെയുണ്ടായതാണ് ഇപ്പോഴത്തെ മ്യാൻമാ (കമ്പനിയുടെ പേരിൽ ‘മ്യാൻമാ’ എന്നേയുള്ളൂ, മ്യാൻമാർ എന്നില്ല) ഓയിൽ ആന്റ് ഗാസ് എന്റർപ്രൈസ് എന്ന സർക്കാർ കമ്പനി.

പതിമൂന്നു വർഷത്തിനു ശേഷം, 1976ൽ, ബർമ്മാ ഷെല്ലിന്റെ ഇന്ത്യയിലെ വിഭാഗവും ദേശസാൽക്കരിക്കപ്പെട്ടു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണതു ദേശസാൽക്കരിച്ചത്; അടിയന്തരാവസ്ഥക്കാലത്ത്. ആദ്യമതു ഭാരത് റിഫൈനറീസ് ലിമിറ്റഡ് ആയി, അടുത്ത വർഷം ഭാരത് പെട്രോളിയം കോർപ്പറേഷനുമായി: ഇന്നത്തെ ബീ പീ സി എൽ.

സോഷ്യലിസത്തിലേക്കുള്ള ചുവടുവെപ്പായാണു മ്യാൻമാറിലെ പട്ടാളഭരണകൂടം വൻതോതിലുള്ള ദേശസാൽക്കരണം നടത്തിയതെങ്കിലും, അത് ഒരിക്കൽ സമ്പന്നരാജ്യമായിരുന്ന മ്യാൻമാറിനെ ലോകത്തിലെ ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റി എന്നാണു പൊതു വിമർശം.

മ്യാൻമാറിൽ അനേകം ന്യൂനപക്ഷങ്ങളുണ്ട്. അവയിൽ മിയ്ക്കതിനും രണ്ടാം ക്ളാസ്സ്-മൂന്നാം ക്ളാസ്സ് പൗരത്വങ്ങളേ കിട്ടിയിട്ടുള്ളൂ. എന്നാൽ മൂന്നാം ക്ളാസ്സ് പൗരത്വം പോലും നിഷേധിക്കപ്പെട്ടൊരു ന്യൂനപക്ഷം മ്യാൻമാറിലുണ്ട്: രൊഹിംഗ്യകൾ. (രൊഹിഞ്ചായ, രൊഹിഞ്ച്യ എന്നും ഈ പദം ഉച്ചരിക്കപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.) ഇവർ പന്ത്രണ്ടു ലക്ഷത്തിലേറെയുണ്ട്.

ഭൂപടത്തിൽ, ബംഗ്ളാദേശിൽപ്പെട്ട കോക്സ് ബസാറിനു താഴെ, മ്യാൻമാറിൽ പെട്ട, കടലരികത്തുള്ളൊരു സംസ്ഥാനമാണു രഹൈൻ. (Rakhine എന്ന് ഇംഗ്ലീഷിൽ. ശരിയുച്ചാരണം രഹൈൻ ആണെന്നാണു മനസ്സിലായത്. ചിലർ രഖൈൻ എന്നും പറയുന്നുണ്ടാവാം.) രഹൈനിലെ ജനസംഖ്യ മുപ്പത്തൊന്നു ലക്ഷം. അതിൽ അമ്പത്തേഴു ശതമാനം ബുദ്ധമതക്കാരാണ്. ഇവർ സ്വയം രഹൈനുകൾ എന്നു വിളിക്കുന്നു. തങ്ങൾ നൂറ്റാണ്ടുകളായി ഇവിടെത്തന്നെ താമസിക്കുന്നവരാണെന്നാണു രഹൈനുകൾ അവകാശപ്പെടുന്നത്. രഹൈനിലെ നാല്പത്തിമൂന്നു ശതമാനം വരുന്ന രൊഹിംഗ്യകൾ വിദേശങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവരാണെന്നും രഹൈനുകൾ ആരോപിക്കുന്നു. രഹൈനിൽ പെട്ട മ്യാൻമാർ-ബംഗ്ലാദേശ് അതിർത്തിയിലാണു രൊഹിംഗ്യകളേറെയും താമസിക്കുന്നത്. ആ ഭാഗങ്ങളിൽ അവരാണധികവും: എൺപതു മുതൽ തൊണ്ണൂറു ശതമാനത്തോളം.

മ്യാൻമാർ ബ്രിട്ടീഷ് കോളനിയായിരുന്നപ്പോൾ, തൊഴിലാവശ്യങ്ങൾക്കായി ബ്രിട്ടൻ ബംഗ്ലാദേശിൽ നിന്ന് (അന്നു ബംഗ്ലാദേശല്ല, ബ്രിട്ടീഷിന്ത്യയിൽ തന്നെയുൾപ്പെട്ട ബംഗാൾ പ്രോവിൻസ്) വിളിച്ചുവരുത്തിയവരാണു രൊഹിംഗ്യകളിൽ കുറേപ്പേർ; 1971ൽ ഇന്ത്യാ-പാക്ക് യുദ്ധത്തിനിടയിൽ അന്നു പൂർവപാക്കിസ്താനായിരുന്ന ബംഗ്ളാദേശിൽ നിന്ന് ഓടിപ്പോന്ന അഭയാർത്ഥികളാണു മറ്റു കുറേപ്പേർ.

ഇതു മ്യാൻമാർ സർക്കാരിന്റെ ഭാഷ്യമാണ്. രൊഹിംഗ്യകളെല്ലാം മുസ്ലീങ്ങളാണെന്നത് ഇവിടെ ശ്രദ്ധേയമാണ്. മ്യാൻമാറിൽ തൊണ്ണൂറ്റൊന്നു ശതമാനത്തോളം വരുന്ന ബുദ്ധമതവിശ്വാസികൾക്ക് ന്യൂനപക്ഷങ്ങളിലൊന്നായ, നാലു ശതമാനം മാത്രം വരുന്ന മുസ്ലീങ്ങളുമായി പൊതുവിൽ വലിയ ചങ്ങാത്തമില്ല. മുസ്ലീങ്ങളിൽപ്പെടുന്ന രൊഹിംഗ്യകളോടാണെങ്കിൽ ബുദ്ധമതവിശ്വാസികൾക്കു തികഞ്ഞ ശത്രുതയാണു താനും. രഹൈനുകൾക്കു പ്രത്യേകിച്ചും. രൊഹിംഗ്യകളെ കാണുമ്പോൾ മ്യാൻമാറിലെ ബുദ്ധമതവിശ്വാസികൾ ശ്രീബുദ്ധന്റെ അഹിംസാസിദ്ധാന്തമെല്ലാം പാടെ വിസ്മരിച്ചുകളയുന്നു! തങ്ങളാരാധിക്കുന്ന ദൈവങ്ങളുടെ ഉപദേശങ്ങൾ അനുസരിച്ചു ജീവിതം നയിക്കുന്ന മതവിശ്വാസികൾ ലോകത്തു വിരളമായിത്തീർന്നിരിക്കുന്നു എന്ന ദുഃഖസത്യം മ്യാൻമാർ നമ്മെ പരോക്ഷമായി ഓർമ്മപ്പെടുത്തുന്നു. മതങ്ങൾ മനുഷ്യരെ ഭിന്നിപ്പിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളിലൊന്ന്.

ബ്രിട്ടീഷുകാർ മ്യാൻമാറിൽ ഭരണം നടത്തിയിരുന്നത് 1823 മുതൽ 1948 വരെയായിരുന്നു. രൊഹിംഗ്യകളെ രഹൈനിൽ തൊഴിൽ ചെയ്യാനായി ബ്രിട്ടീഷുകാർ ബംഗാൾ പ്രോവിൻസിൽ നിന്നു വിളിച്ചു വരുത്തിയതാണെങ്കിൽത്തന്നെയും, അങ്ങനെ വന്നെത്തിയ ശേഷം കാലമെത്ര കഴിഞ്ഞുപോയി! ബ്രിട്ടീഷുകാർ സ്ഥലം വിട്ടിട്ടു തന്നെ ഏഴു പതിറ്റാണ്ടാകാറായി. രൊഹിംഗ്യാകുടുംബങ്ങളിലെ ഭൂരിപക്ഷവും അതിനൊക്കെ വളരെ മുമ്പു വന്നവരായിരിക്കണം. 1971ലെ അഭയാർത്ഥിപ്രവാഹത്തിന്റെ ബഹുഭൂരിഭാഗവും ഇന്ത്യയിലേക്കായിരുന്നു. ഇന്ത്യയായിരുന്നല്ലോ ബംഗ്ളാദേശികളുടെ സ്വാതന്ത്ര്യത്തിന്നായി പാക്കിസ്താനോട് എതിരിട്ടത്. ഇന്ത്യയിലേക്കു വന്ന അഭയാർത്ഥികളുടെ എണ്ണം യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളിൽ കോടി കവിഞ്ഞിരുന്നു. കുറച്ചുപേർ മ്യാൻമാറിലേക്കും കടന്നിരിക്കാം. അന്നു മ്യാൻമാറിലേക്ക്  ഓടിപ്പോന്നവരാണെങ്കിൽ പോലും, അവരങ്ങനെ വന്നിട്ടിപ്പോൾ അര നൂറ്റാണ്ടു തികയാറായി.

രൊഹിംഗ്യകൾ ഇത്ര നീണ്ട കാലമായി രഹൈനിൽ താമസിക്കുന്നവരാണെന്ന കാര്യം പരിഗണിക്കാൻ മ്യാൻമാർ സർക്കാർ തയ്യാറായിട്ടില്ല. തങ്ങളുടെ പൂർവികർ 194 കൊല്ലത്തിനു മുമ്പ് മ്യാൻമാറിൽ സ്ഥിരതാമസമാക്കിയിരുന്നവരാണെന്നു രൊഹിംഗ്യകൾ തെളിയിക്കാത്തതിനാൽ, അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കാതെ നിവൃത്തിയില്ല, അവർക്ക് ഒരു തരത്തിലുള്ള പൗരത്വവും നൽകാനുമാവില്ല എന്ന യുക്തിരഹിതമായ, കർക്കശനിലപാടാണു മ്യാൻമാർ സർക്കാർ സ്വീകരിച്ചുപോന്നിട്ടുള്ളത്. 194 കൊല്ലത്തിനു മുമ്പ് മ്യാൻമാറിൽ താമസിച്ചിരുന്നവരാണെന്നു തെളിയിക്കുന്നതു രൊഹിംഗ്യകൾക്ക് തികച്ചും അസാദ്ധ്യമാണെന്നു സർക്കാരിനു ബോദ്ധ്യവുമുണ്ട്. രൊഹിംഗ്യകൾക്കു പൗരത്വം കൊടുക്കരുത് എന്നതാണു സർക്കാരിന്റെ ഗൂഢലക്ഷ്യമെന്നു വ്യക്തം.

മ്യാൻമാറിനു വിസ്തീർണത്തിൽ ഇന്ത്യയുടെ അഞ്ചിലൊന്നിലേറെ വലിപ്പമുണ്ടെങ്കിലും, അവിടത്തെ ജനസംഖ്യ (5.1 കോടി) ഇന്ത്യയുടേതിന്റെ ഇരുപത്തഞ്ചിലൊന്നു മാത്രം. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും താഴ്ന്ന ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നാണു മ്യാൻമാർ: ഒരു ചത്രുരശ്ര കിലോമീറ്ററിൽ നാം ചുറ്റി നടന്നാൽ കണ്ടുമുട്ടാൻ പോകുന്നത് വെറും 76 പേരെ മാത്രം. ഇതു ദേശീയശരാശരി. മ്യാൻമാറിന്റെ ഭൂരിഭാഗം വരുന്ന നാട്ടിൻപുറങ്ങളിലെ ജനസാന്ദ്രത ദേശീയശരാശരിയേക്കാൾ വളരെക്കുറവായിരിക്കണം. ഇന്ത്യയിലെ ശരാശരി ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 390 ആണ്. കേരളത്തിലേത് 859. ബംഗ്ലാദേശിലേതാണു ഭീകരം: 1319. ബംഗ്ളാദേശിൽ നിന്ന് മ്യാൻമാറിലേക്കും ഇന്ത്യയിലേക്കും ജനം കുടിയേറിപ്പാർക്കുന്നതിൽ അതിശയമില്ല. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ഇന്നുള്ള അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാരുടെ എണ്ണം ഒരുകോടിയിലേറെ വരുമെന്നു വിക്കിപ്പീഡിയയിൽ കാണുന്നു. ഇതിന് ആധികാരികതയില്ല, ശരിയാകാം, തെറ്റുമാകാം. മ്യാൻമാറിലെ രൊഹിംഗ്യകളാകെ പന്ത്രണ്ടു ലക്ഷമേ ഉള്ളൂ. വാസ്തവത്തിൽ, ജനസാന്ദ്രത വളരെക്കുറഞ്ഞ മ്യാൻമാർ ബംഗ്ളാദേശിൽ നിന്ന് ഇനിയുമേറെപ്പേരെ സ്വമേധയാ സ്വീകരിക്കേണ്ടതാണ്. നിസ്സഹായരായ അഭയാർത്ഥികളെ സ്വീകരിക്കുന്ന മഹാമനസ്കരായ യൂറോപ്യൻ രാജ്യങ്ങളിലേക്ക് മ്യാൻമാറൊന്നു ശിരസ്സുയർത്തി നോക്കിയിരുന്നെങ്കിൽ!

രൊഹിംഗ്യകൾ ബംഗ്ളാദേശിൽ നിന്നു വന്നവരാണെന്ന പൊതുധാരണ നിലവിലുണ്ടെങ്കിലും, അവരെ തിരിച്ചെടുക്കാൻ ബംഗ്ളാദേശും ഒരുക്കമല്ല. മ്യാൻമാർ സർക്കാരാണെങ്കിൽ രൊഹിംഗ്യകളെ പലവിധത്തിൽ ഞെക്കിഞെരുക്കുകയും. രൊഹിംഗ്യകളെ അനധികൃതകുടിയേറ്റക്കാരായി കണക്കാക്കി, അവർക്കു യാതൊരുവിധ പൗരത്വവും മ്യാൻമാർ സർക്കാർ നൽകുന്നില്ലെന്നതിനു പുറമെ, ബുദ്ധമതക്കാരായ രഹൈനുകൾ രൊഹിംഗ്യകൾക്കെതിരേ ലഹള നടത്തിയപ്പോഴൊക്കെ സർക്കാർ സേന കണ്ണടച്ചുകളയുകയോ, ക്രൂരതകളിൽ രഹൈനുകളോടൊപ്പം പങ്കുചേരുകയോ ചെയ്തിട്ടുമുണ്ട്. രഹൈനുകളും സൈന്യവും ചേർന്ന് എല്ലാത്തരം ക്രൂരതകളും രൊഹിംഗ്യകളുടെ മേൽ അഴിച്ചു വിട്ടിട്ടുണ്ട്. പല തവണ.

ഉപദ്രവം അസഹനീയമായാൽ ഏതു കടിക്കാത്ത നായ് പോലും കടിച്ചെന്നു വരും. രൊഹിംഗ്യകളും സഹികെട്ട് ചില്ലറ അക്രമങ്ങൾ നടത്തിയിട്ടുണ്ട്. ‘സൈന്യത്തിന്റെ ബോർഡർ പോസ്റ്റുകൾ രൊഹിംഗ്യകൾ കത്തിച്ചു’: സൈന്യത്തിന്റെ ഭാഷ്യമാണ്. സൈന്യത്തിന്റെ ഭാഷ്യങ്ങൾ ശരിയും തെറ്റുമാകാം. ആഭ്യന്തരവകുപ്പു സൈന്യത്തിന്റെ പിടിയിലാണ്. ഒന്നിനു പത്ത് എന്ന സൈന്യത്തിന്റെ പ്രതികാരനയത്തിനുള്ള ന്യായീകരണമാകാം സൈന്യത്തിന്റെ പ്രത്യാരോപണങ്ങൾ. ജനാധിപത്യത്തിനു ഭരണത്തിൽ പങ്കാളിത്തം ലഭിച്ച സമീപവർഷങ്ങളിൽ പോലും (2012, 2013, 2014, 2016) രൊഹിംഗ്യകളുടെ മേലുള്ള കൂട്ടക്കൊലകൾ നടന്നിട്ടുണ്ട്: കുറഞ്ഞ തോതിലും കൂടിയ തോതിലും. നിരവധി ലോകരാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും ഇതിനെതിരേ പതിവായി ശബ്ദമുയർത്താറുണ്ട്. എങ്കിലും, കാര്യമായ ഫലമുണ്ടായിട്ടില്ല.

ശ്രീബുദ്ധന്റെ ഉപദേശങ്ങളാണു ബുദ്ധമതത്തിന്റെ അടിസ്ഥാനം. അന്യരെ ദ്രോഹിക്കാതിരിക്കുകയും, അവരെ പൂർണമായി സ്നേഹിക്കുകയും, അവരുടെ സുഖത്തിനായി പ്രവർത്തിക്കുകയും ചെയ്യുകയെന്നതാണു ശ്രീബുദ്ധന്റെ ഉപദേശങ്ങളിലൊന്ന്. ഈ ഉപദേശം തൊണ്ണൂറ്റൊന്നു ശതമാനത്തോളം ബുദ്ധമതവിശ്വാസികളുള്ള മ്യാൻമാറിൽ പതിവായി അവഗണിക്കപ്പെടുകയാണു ചെയ്തിട്ടുള്ളത്. രൊഹിംഗ്യകളോടുള്ള സമീപനത്തിൽ പ്രത്യേകിച്ചും. രൊഹിംഗ്യകളെ ഉപദ്രവിക്കാറുള്ള രഹൈനുകളും മ്യാൻമാർ സേനയും ബുദ്ധമതാനുയായികളാണ്. ഉറുമ്പുകളെപ്പോലും ദ്രോഹിക്കരുതെന്ന് ഉപദേശിച്ച ശ്രീബുദ്ധനെ ഈശ്വരനായി ആരാധിക്കുന്നവർ തന്നെ സഹജീവികളെ നിഷ്‌കരുണം ഉപദ്രവിക്കുന്നുവെന്നതു വൈരുദ്ധ്യവും കാപട്യവും ദുഃഖകരവുമാണ്.

രൊഹിംഗ്യകളുടെ മേൽ മ്യാൻമാർ സൈന്യം നടത്തിയ കൂട്ടക്കൊലകൾ അന്താരാഷ്ട്രനിയമങ്ങളനുസരിച്ച് ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണെന്ന ലോകാഭിപ്രായം ബലപ്പെട്ടിട്ടുണ്ട്. കൂട്ടക്കൊലകൾ വിചാരണ ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ മ്യാൻമാർ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്തതും മനപ്പൂർവമായിരിക്കണം. സൈന്യം കുറ്റവാളികളെന്ന നിലയിൽ വിചാരണ ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും കാണാൻ ഏതു സർക്കാരാണിഷ്ടപ്പെടുക! കഴിഞ്ഞ അര നൂറ്റാണ്ടു കാലം മ്യാൻമാറിൽ പട്ടാളഭരണമാണു നടന്നിരുന്നത്. ജനാധിപത്യവിരുദ്ധമായ പട്ടാളഭരണകൂടത്തിനു സങ്കുചിതമായ സാമുദായിക പക്ഷപാതിത്വം കൂടിയായപ്പോൾ മ്യാൻമാർ സർക്കാർ ഒരു ഫാഷിസ്റ്റ് ഭരണകൂടമായി, ജനവിരുദ്ധവുമായി.

യഥാർത്ഥ ജനാധിപത്യമാണു മ്യാൻമാറിൽ നിലവിലിരുന്നതെങ്കിൽ ഒരു ജനവിഭാഗവും, അതെത്ര ന്യൂനപക്ഷമായാലും, കൂട്ടക്കൊലയ്ക്കു വിധേയമാകുമായിരുന്നില്ല. വ്യക്തിജീവിതത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും അഹിംസാസിദ്ധാന്തം പാലിക്കേണ്ടതുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ആങ് സാൻ സൂ കീ രാഷ്ട്രപതിയാകുകയും, സൂ കീയുടെ കീഴിൽ, സൈന്യത്തിന്റെ ഇടപെടലില്ലാത്ത, യഥാർത്ഥ ജനാധിപത്യസർക്കാർ അധികാരത്തിൽ വരികയും ചെയ്യുന്നെങ്കിൽ രൊഹിംഗ്യകളുടെ ഇന്നത്തെ പരിതാപാവസ്ഥയിൽ ആശാവഹമായ പുരോഗതിയുണ്ടാകുമെന്നു തീർച്ച. ഇന്നു നിലവിലിരിക്കുന്ന, പട്ടാളത്തിനു മേൽക്കൈയുള്ള സർക്കാരിൽ സൂ കീയ്ക്കു പങ്കാളിത്തമുണ്ടെങ്കിലും അതു യഥാർത്ഥ ജനാധിപത്യസമ്പ്രദായം അനുസരിച്ചുള്ളൊരു സർക്കാരല്ല.

2015 നവമ്പർ എട്ടാം തീയതി നടന്ന പൊതുതെരഞ്ഞെടുപ്പിൽ ആങ് സാൻ സൂ കീയുടെ നാഷണൽ ലീഗ് ഫോർ ഡിമോക്രസി (എൻ എൽ ഡി) തെരഞ്ഞെടുപ്പു നടന്ന സീറ്റുകളുടെ എൺപതു ശതമാനത്തിലേറെ നേടിയെന്നും, രാഷ്ട്രപതിയാകാൻ ആവശ്യമുള്ളതിനേക്കാൾ വളരെയധികം സീറ്റുകൾ നേടിയിട്ടും സൂ കീയ്ക്കു രാഷ്ട്രപതിയാകാനായിട്ടില്ലെന്നും മുകളിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. സ്വയം രാഷ്ട്രപതിയാകാൻ സൂ കീയ്ക്കു സാധിച്ചില്ലെങ്കിലും, എൻ എൽ ഡിയിലെ ഒരംഗം (ഹിതിൻ ക്യാവ്) തന്നെയാണു രാഷ്ട്രപതിയായി 2016 മാർച്ച് മുപ്പതാം തീയതി സത്യപ്രതിജ്ഞ ചെയ്ത് രാജ്യഭാരമേറ്റത്. രണ്ടു മാറ്റങ്ങൾ ആവശ്യമാണ്: ഒന്ന്, സൂ കീ തന്നെ രാഷ്ട്രപതിയാകണം; രണ്ട്, പട്ടാളത്തിനു സർക്കാരിന്റെ മേൽ ഇപ്പോഴുമുള്ള പിടി വിടുവിക്കണം. ജനാധിപത്യ ഭരണവ്യവസ്ഥയിൽ സർക്കാരിനു സൈന്യത്തിന്റെ മേലാണു പിടി വേണ്ടത്; സർക്കാരിന്റെ മേൽ ജനത്തിനും. പക്ഷേ, മ്യാൻമാറിൽ നിലവിലിരിക്കുന്ന നിയമങ്ങൾ ഇത് അസാദ്ധ്യമാക്കുന്നു; അവയിലേക്കൊന്നു കണ്ണോടിക്കാം.

2008ൽ അന്ന് അധികാരത്തിലിരുന്ന പട്ടാളസർക്കാർ ഭരണഘടനയിൽ വരുത്തിയ ഭേദഗതികൾ മൂലമാണു 2015ലെ പൊതുതെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം കിട്ടിയിട്ടും, സൂ കീയ്ക്കു രാഷ്ട്രപതിയാകാൻ ആകാത്തത്. രാഷ്ട്രപതിയാകുന്നയാൾക്കു രാഷ്ട്രത്തിന്റെ രാഷ്ട്രീയ, ഭരണ, സാമ്പത്തികവിഷയങ്ങളോടൊപ്പം സൈനികവിഷയവും സുപരിചിതമായിരിക്കണം എന്നു 2008ൽ പരിഷ്കരിച്ച ഭരണഘടനയുടെ അദ്ധ്യായം മൂന്ന്, വകുപ്പ് 57ഡി നിർദ്ദേശിക്കുന്നു. സൂ കീയ്ക്കു മറ്റു മൂന്നു വിഷയങ്ങളിലും തഴക്കമുണ്ടെങ്കിലും, സൈനികവിഷയത്തിൽ പരിചയമില്ല. ഈ നിബന്ധന ജനാധിപത്യത്തിനു നിരക്കുന്നതല്ലെങ്കിലും, ഈ നിബന്ധനയുടെ പാലനം അത്ര കർക്കശമല്ലെന്ന് ഇപ്പോൾ രാഷ്ട്രപതിയായ ഹിതിൻ ക്യാവോയുടെ നിയമനം സൂചിപ്പിക്കുന്നു; ക്യാവോയ്ക്കു സൈനികവിഷയത്തിൽ പരിചയമില്ല.

കൂടുതൽ കർക്കശമായത് ഇനിയുദ്ധരിക്കുന്ന നിബന്ധനയാണ്: രാഷ്ട്രപതിയുടെ മാതാപിതാക്കൾ, പതി അഥവാ പത്നി, സന്താനങ്ങൾ എന്നിവരിൽ ആരും തന്നെ ഒരു വിദേശരാജ്യത്തെ പൗരന്മാരായിരിക്കരുത് എന്നാണു ഭരണഘടനയുടെ അദ്ധ്യായം മൂന്ന്, വകുപ്പ് 59 എഫ് നിഷ്കർഷിക്കുന്നത്. സൂ കീയുടെ ഭർത്താവ്, പരേതനായ മൈക്കിൽ ആരിസ് ഒരു ബ്രിട്ടീഷ് പൗരനായിരുന്നു. സൂ കീയുടെ മക്കളായ അലക്സാണ്ടർ ആരിസും കിം ആരിസും ബ്രിട്ടീഷ് പൗരന്മാരാണ്. അതുകൊണ്ട്, അലക്സാണ്ടറും കിമ്മും വിദേശപൗരന്മാരായിരിക്കുന്നിടത്തോളം സൂ കീയ്ക്കു രാഷ്ട്രപതിയാകാനാവില്ല.

ഭരണഘടനയിൽ ഭേദഗതി വരുത്തിയാൽ മുകളിൽ വിവരിച്ച പ്രതിബന്ധങ്ങളകറ്റി സൂ കീയ്ക്കു രാഷ്ട്രപതിയാകാം. ഭരണഘടനയിൽ ഭേദഗതി വരുത്താനുമുണ്ട് വലിയൊരു കടമ്പ. അതു ചുരുക്കി വിവരിക്കാം.

ഇന്ത്യയിൽ പാർലമെന്റും പാർലമെന്റിൽ ലോക്‌സഭയും രാജ്യസഭയും ഉള്ളതു പോലെ, കേന്ദ്രത്തിൽ ഒരു പാർലമെന്റും അതിൽ രണ്ടു സഭകളും മ്യാൻമാറിലുമുണ്ട്. പിഡാങ്സു ഹ്‌ലുട്ടോ എന്നാണ് ഇരുസഭകളുമുൾപ്പെടുന്ന മ്യാൻമാർ പാർലമെന്റ് അറിയപ്പെടുന്നത്. പയിതു ഹ്‌ലുട്ടോ നമ്മുടെ ലോക്‌സഭയ്ക്കും അമ്യോതാ ഹ്‌ലുട്ടോ രാജ്യസഭയ്ക്കും സമാനമാണ്.

പയിതു ഹ്‌ലുട്ടോയിൽ ആകെയുള്ള 440 സീറ്റിൽ 323 എണ്ണത്തിലേക്കാണു 2015 നവമ്പറിൽ തെരഞ്ഞെടുപ്പു നടന്നത്. അതിൽ 255 എണ്ണം സൂ കീയുടെ നാഷണൽ ലീഗ് ഫോർ ഡിമോക്രസി (എൻ എൽ ഡി) നേടി. തീവ്രവാദപ്രവർത്തനം മൂലം ഷാൻ എന്ന സംസ്ഥാനത്തിൽ തെരഞ്ഞെടുപ്പിനനുകൂലമായ സമാധാനാന്തരീക്ഷം നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ട് ഷാനിൽ നിന്നുള്ള ഏഴു സീറ്റുകളിൽ തെരഞ്ഞെടുപ്പു നടന്നില്ല. ഷാനിലെ ഏഴു സീറ്റുകൾ കൂടി കണക്കിലെടുത്താൽ തന്നെയും 330 സീറ്റുകളേ ആകുന്നുള്ളൂ. പയിതു ഹ്‌ലുട്ടോയിൽ ആകെയുള്ളത് 440 സീറ്റുകളാണു താനും. ശേഷിക്കുന്ന 110 സീറ്റുകളിൽ എന്തുകൊണ്ടു തെരഞ്ഞെടുപ്പു നടന്നില്ല? ന്യായമായ ചോദ്യം. ഉത്തരം വിചിത്രമാണ്. ആ 110 സീറ്റുകൾ സൈന്യത്തിനുള്ളതാണ്. അവയിൽ തെരഞ്ഞെടുപ്പില്ല. ആ സീറ്റുകളിലേക്ക് സൈന്യം സൈനികരെ നാമനിർദ്ദേശം ചെയ്യും. അവരെ രാഷ്ട്രപതി കണ്ണുമടച്ചു സ്വീകരിച്ചുകൊള്ളണം.

ഭരണഘടന ഭേദഗതി ചെയ്യാൻ പയിതു ഹ്‌ലുട്ടോവിൽ 75 ശതമാനം അനുകൂലവോട്ടു കിട്ടണം. 440ന്റെ 75 ശതമാനമെന്നാൽ 330. സൂ കീയുടെ എൻ എൽ ഡീയ്ക്ക് 255 സീറ്റുകളാണു കിട്ടിയത്. ഇതു തെരഞ്ഞെടുപ്പു നടന്ന 323 സീറ്റിന്റെ എൺപതു ശതമാനത്തോളം വരുന്നുണ്ടെങ്കിലും, ആകെയുള്ള 440 സീറ്റിന്റെ 58 ശതമാനമേ ആകുന്നുള്ളൂ. ഭേദഗതി പാസ്സാകണമെങ്കിൽ എൻ എൽ ഡിയുടെ 255 വോട്ടുകൾക്കു പുറമെ, 75 വോട്ടു കൂടി കിട്ടണം. മറ്റു പതിനൊന്നു രാഷ്ട്രീയപ്പാർട്ടികൾക്കായി ഇപ്പോൾ 68 സീറ്റുണ്ട്, അത്രയും തന്നെ വോട്ടുകളുമുണ്ട്. അവരൊന്നടങ്കം എൻ എൽ ഡിയോടൊപ്പം ഭേദഗതിയെ അനുകൂലിച്ചു വോട്ടു ചെയ്യണം. ഷാനിലെ ഏഴു സീറ്റുകളിൽ തെരഞ്ഞെടുപ്പു നടക്കുകയും, അവയിൽ ജയം നേടുന്നവരും ഭേദഗതിയെ അനുകൂലിക്കുകയും വേണം. എങ്കിൽ മാത്രമേ, ഭേദഗതി പയിതു ഹ്‌ലുട്ടോയിൽ പാസ്സാകാനാവശ്യമുള്ള 330 വോട്ടുകൾ – ആകെ വോട്ടിന്റെ 75% – തികയുകയുള്ളൂ.

ഇതു നടക്കില്ല. കാരണം, എൻ എൽ ഡി കൂടാതെയുള്ള പതിനൊന്നു പാർട്ടികളിൽ പ്രമുഖമായതു യൂണിയൻ സോളിഡാരിറ്റി ആന്റ് ഡെവലപ്പ്മെന്റ് പാർട്ടി (യു എസ് ഡി പി) എന്ന കക്ഷിയാണ്. ഇതു സൈന്യം രൂപം കൊടുത്ത, സൈന്യത്തെ അനുകൂലിക്കുന്ന പാർട്ടിയുമാണ്. 2015ലെ തെരഞ്ഞെടുപ്പിൽ പയിതു ഹ്‌ലുട്ടോയിലെ 255 സീറ്റു നേടിയ എൻ എൽ ഡി ഭരണപക്ഷത്തായപ്പോൾ, സൈന്യത്തിന്റെ അനുഗ്രഹാശിസ്സുകളുള്ള യു എസ് ഡി പി 30 സീറ്റു മാത്രം നേടി പ്രതിപക്ഷത്താണ്. തെരഞ്ഞെടുപ്പിൽ തങ്ങളെ തോല്പിച്ച എൻ എൽ ഡിയെ ബദ്ധശത്രുവായാണു യു എസ് ഡി പി കണക്കാക്കുന്നത്. എൻ എൽ ഡി നിർദ്ദേശിക്കുന്ന ഭരണഘടനാഭേദഗതി എത്ര തന്നെ മഹത്തായിരുന്നാലും യു എസ് ഡി പി അതിനെ പിന്തുണയ്ക്കില്ല. അമ്മയെത്തല്ലിയാലും പക്ഷം രണ്ട് എന്നാണല്ലോ ചൊല്ല്! യു എസ് ഡി പി ഭേദഗതിയെ തുണയ്ക്കാതിരുന്നാൽ, മറ്റെല്ലാ കക്ഷികളും എൻ എൽ ഡി നിർദ്ദേശിക്കുന്ന ഭേദഗതിയെ തുണച്ചാൽപ്പോലും, അത് ആകെ വോട്ടിന്റെ 68% മാത്രമേ ആകുകയുള്ളൂ. ഭേദഗതി പയിതു ഹ്‌ലുട്ടോയിൽ പാസ്സാകാനാവശ്യമുള്ള 75% എൻ എൽ ഡിയുടെ കൈയെത്തും ദൂരത്തിനുമകലെയാണ്.

സമാനമാണ് അമ്യോതാ ഹ്‌ലുട്ടോയിലേയും സ്ഥിതി. ആകെയുള്ള 224 സീറ്റിൽ 168 എണ്ണത്തിൽ തെരഞ്ഞെടുപ്പു നടന്നു. സൂ കീയുടെ എൻ എൽ ഡി 135 സീറ്റുകൾ നേടി: തെരഞ്ഞെടുപ്പു നടന്ന സീറ്റുകളുടെ 80 ശതമാനം. പക്ഷേ, ഇത് ആകെയുള്ള 224 സീറ്റുകളുടെ 60% മാത്രമേ ആകുന്നുള്ളൂ. 56 സീറ്റുകളിൽ തെരഞ്ഞെടുപ്പില്ല; അവ സൈന്യത്തിനുള്ളതാണ്; അവയിലേക്കായി സൈന്യം നാമനിർദ്ദേശം ചെയ്യുന്ന സൈനികരെ കണ്ണുമടച്ചു സ്വീകരിക്കാനേ രാഷ്ട്രപതിക്കാവൂ. ഭരണഘടനാഭേദഗതി അമ്യോതാ ഹ്‌ലുട്ടോയിൽ പാസ്സാകണമെങ്കിൽ 75% വോട്ടു നേടണം. അമ്യോതാ ഹ്‌ലുട്ടോയിൽ യു എസ് ഡി പിയ്ക്ക് 11 സീറ്റുണ്ട്. അവർ എൻ എൽ ഡി കൊണ്ടുവരുന്ന ഭരണഘടനാഭേദഗതിയെ എതിർക്കും. മറ്റെല്ലാ പാർട്ടികളുടേയും പിന്തുണ ഭേദഗതിക്കു കിട്ടിയാൽത്തന്നെയും അത് 70 ശതമാനമേ ആകൂ. അതുകൊണ്ടു ഭരണഘടനാഭേദഗതി അമ്യോതാ ഹ്‌ലുട്ടോയിലും പരാജയപ്പെടുക തന്നെ ചെയ്യും.

ഭരണഘടനാഭേദഗതി പാസ്സാകാൻ പയിതു ഹ്‌ലുട്ടോയിലും അമ്യോതാ ഹ്‌ലുട്ടോയിലും 75% വോട്ടുവീതമെങ്കിലും നേടിയിരിക്കണം എന്ന വ്യവസ്ഥയ്ക്കു പുറമെ, തുടർന്നു രാഷ്ട്രമാകെ നടത്തുന്ന ഹിതപരിശോധനയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആകെ വോട്ടർമാരിൽ പകുതിപ്പേരെങ്കിലും ഭേദഗതിക്കനുകൂലമായി വോട്ടു ചെയ്തിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്.

എളുപ്പമല്ല, മ്യാൻമാറിലെ ഭരണഘടനാഭേദഗതി. ഭരണഘടനാഭേദഗതി ഇത്ര ദുഷ്‌കരമെങ്കിൽ, 2008ൽ നടന്ന ഭരണഘടനയുടെ അഴിച്ചുപണികൾ എങ്ങനെ സാദ്ധ്യമായി? അന്നു മ്യാൻമാർ ഭരിച്ചിരുന്നതു സൈനികഭരണകൂടമായിരുന്നു; സൈനികമേധാവി തന്നെ പ്രധാനമന്ത്രിയും: ജനറൽ ഖിൻ ന്യുന്റ്. പുതിയ ഭരണഘടന എഴുതിയുണ്ടാക്കാനായി സൈനികഭരണകൂടം ഒരു കൺവെൻഷൻ നടത്തി. കൺവെൻഷൻ എഴുതിയുണ്ടാക്കിയ ഭരണഘടന 54 അംഗങ്ങളുള്ളൊരു കമ്മീഷൻ പരിശോധിച്ചംഗീകരിച്ചു. സൈന്യം തന്നെ രൂപം കൊടുത്തതായിരുന്നു, കമ്മീഷൻ. കമ്മീഷൻ അംഗീകരിച്ച ഭരണഘടന നേരിട്ട് ജനത്തിന്റെ ഹിതപരിശോധയ്ക്കു സമർപ്പിക്കപ്പെട്ടു. ജനഹിതം പുതുക്കിയ ഭരണഘടനയ്ക്ക് അനുകൂലമായിരുന്നു: 93.8%. ഈ ഹിതപരിശോധനയെപ്പറ്റി നിരവധി വിമർശനങ്ങളും പരാതികളും ഉയർന്നിരുന്നെങ്കിലും, സൈനികഭരണകൂടം അവയെയെല്ലാം അവഗണിക്കുകയും, പുതിയ ഭരണഘടന പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. സത്യത്തിനും നീതിക്കും അനുസൃതമായ രീതിയിലായിരുന്നില്ല ഹിതപരിശോധന നടന്നതെന്നു വ്യക്തം.

ഇപ്പോൾ മ്യാൻമാർ ഭരിക്കുന്നതു സൈനികഭരണകൂടമല്ല, 2015ലെ പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന, ആങ് സാൻ സൂ കീയുടെ നേതൃത്വത്തിലുള്ള ജനാധിപത്യസർക്കാരാണ്. പ്രശ്നമുള്ളത് ഇവിടെയാണ്: പ്രതിരോധം, ആഭ്യന്തരം, അതിർത്തിവിഷയങ്ങൾ എന്നീ കാതലായ  വകുപ്പുകൾ സൈന്യത്തിന്റെ പിടിയിലാണ്; നിലവിലിരിക്കുന്ന സർക്കാരിന്റെ ഗുരുതരമായ ന്യൂനതകളിലൊന്നാണത്. ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്നതു സൈന്യം നാമനിർദ്ദേശം ചെയ്തിരിക്കുന്ന സൈനികരാണ്: സൈനികമന്ത്രിമാർ. ജനം വോട്ടു ചെയ്തു ജയിപ്പിച്ചയച്ച സാക്ഷാൽ ജനപ്രതിനിധികൾക്കു നിഷിദ്ധമാണീ മൂന്നു വകുപ്പുകൾ. ഇതു മൂലം സൈന്യം, പോലീസ് എന്നിവ രണ്ടും ജനാധിപത്യസർക്കാരിന്റെ അധികാരത്തിൻ കീഴിലല്ല, പ്രത്യുത, സൈന്യത്തിന്റെ പിടിയിലാണ്; ആങ് സാൻ സൂ കീയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയ്ക്ക് ഈ വകുപ്പുകളിൽ യാതൊരു സ്വാധീനവും ചെലുത്താനാവില്ല. സൈന്യം രൊഹിംഗ്യകൾക്കെതിരേ നടത്തുന്ന അതിക്രമങ്ങളെ തടയാൻ പട്ടാളക്കാരോടു വിനീതമായി അപേക്ഷിക്കുകയല്ലാതെ സൂ കീയുടെ നേതൃത്വത്തിലുള്ള ജനാധിപത്യസർക്കാരിനു മറ്റൊരു നിർവാഹവുമില്ല. ജനാധിപത്യസർക്കാർ സ്വയം നിസ്സഹായർ!

2015ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയം നേടിയ ആങ് സാൻ സൂ കീയുടെ പാർട്ടി 2016 ഏപ്രിലിൽ അധികാരമേറ്റു. വാസ്തവത്തിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യസർക്കാരാണു സൂ കീയുടെ നേതൃത്വത്തിലുള്ള ജനാധിപത്യസർക്കാർ; പ്രായം ഒരു വയസ്സു പോലും തികഞ്ഞിട്ടില്ല. സൂ കീയുടെ ജനാധിപത്യസർക്കാർ അധികാരത്തിൽ വന്ന് ഏതാനും മാസങ്ങൾക്കകം തന്നെ രൊഹിംഗ്യകളുടെ മേൽ അതിക്രമങ്ങൾ നടന്നു. അവ നടത്തിയതു രഹൈനുകളും സൈന്യവുമായിരുന്നെന്നു പറയേണ്ടതില്ലല്ലോ. പക്ഷേ, നടന്ന അതിക്രമങ്ങൾക്കുള്ള ഉത്തരവാദിത്തം ആങ് സാൻ സൂ കീയുടെ മേൽ ചാർത്തിക്കൊണ്ടുള്ള വിമർശനങ്ങൾ അന്യരാജ്യങ്ങളിൽ നിന്നുയർന്നു. പോലീസിന്റെയും പട്ടാളത്തിന്റേയും കടിഞ്ഞാൺ സൂ കീയുടെ നേതൃത്വത്തിലുള്ള സിവിലിയൻ സർക്കാരിന്റെ കൈയിലല്ലാത്തിടത്തോളം, ഈ വിമർശനങ്ങൾക്കു യാതൊരു ന്യായീകരണവുമില്ല. പോലീസും പട്ടാളവും സൂ കീയുടെ സർക്കാരിന്റെ അധികാരപരിധിക്കു പുറത്താണ്: ‘പരിധിക്കു പുറത്ത്’. പോലീസിനേയും പട്ടാളത്തേയും നിലയ്ക്കു നിറുത്താനുള്ള അധികാരം സൂ കീയുടെ സിവിലിയൻ സർക്കാരിനു കൈ വന്നെങ്കിൽ മാത്രമേ മനുഷ്യക്കുരുതി തടയാനാകൂ.

വാസ്തവത്തിൽ രൊഹിംഗ്യകൾ മാത്രമല്ല, ആങ് സാൻ സൂ കീയും മാറിമാറി വന്നിരുന്ന പട്ടാളഭരണകൂടങ്ങളുടെ അതിക്രമങ്ങൾക്ക് ഇരയായിരുന്നു. സൂ കീ 1989 മുതൽ 2010 വരെയുള്ള ഇരുപത്തൊന്നു വർഷക്കാലത്തിനിടയിൽ പതിനഞ്ചു വർഷത്തോളം, പലപ്പോഴായി, തടങ്കലിലായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നീണ്ട ഇരുപത്തേഴു വർഷക്കാലത്തെ ജയിൽ വാസം കഴിഞ്ഞ് നെൽസൻ മണ്ടേല 1990ൽ മോചിതനായ സമയത്തു മ്യാൻമാറിൽ ആങ് സാൻ സൂ കീ തന്റെ രണ്ടു പതിറ്റാണ്ടോളം നീണ്ട ജയിൽ വാസം ആരംഭിക്കുകയായിരുന്നു.

1988നു മുമ്പു പ്രായേണ ബ്രിട്ടനിലും അമേരിക്കയിലുമായി കഴിഞ്ഞിരുന്ന സൂ കീ, രോഗഗ്രസ്തയായിരുന്ന അമ്മയെ കാണാൻ 1988ൽ മ്യാൻമാറിൽ തിരിച്ചെത്തിയ സമയത്തായിരുന്നു, ‘8888’ എന്നു പിൽക്കാലത്തറിയപ്പെട്ട ജനപ്രക്ഷോഭം നടന്നത്. 1962ൽ പട്ടാളവിപ്ളവത്തിലൂടെ അധികാരം പിടിച്ചെടുത്ത സൈനികഭരണകൂടം കടുത്ത കുറേ നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തിയിരുന്നു. തൽഫലമായി മ്യാൻമാർ ലോകത്തുള്ള ഏറ്റവും ദരിദ്രമായ രാഷ്‌ട്രങ്ങളിലൊന്നായി മാറിയിരുന്നു. ദാരിദ്ര്യം മൂലം വലഞ്ഞ ജനത സൈന്യത്തിനെതിരേ ശബ്ദമുയർത്തി. 1988 ആഗസ്റ്റു മാസം എട്ടാം തീയതി (അക്കാരണത്താൽ ‘8888’ എന്നറിയപ്പെടുന്ന), സമൂഹത്തിന്റെ സമസ്ത തുറകളിൽ നിന്നുമുള്ളവർ പങ്കെടുത്ത പ്രക്ഷോഭത്തെ സൈന്യം നിഷ്‌കരുണം അടിച്ചമർത്തി. നിരവധിപ്പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റു.

തൽസമയം നാട്ടിലുണ്ടായിരുന്ന സൂ കീ സൈന്യത്തിന്റെ കിരാതമായ നടപടികൾക്കെതിരേ പ്രക്ഷോഭം നയിക്കാൻ മുന്നിട്ടിറങ്ങി. നാഷണൽ ലീഗ് ഫോർ ഡിമോക്രസി രൂപീകരിച്ചു. പെട്ടെന്നു തന്നെ സൂ കീ വലുതായ ജനപ്രീതി നേടി. അതുകണ്ട് അസ്വസ്ഥരായ സൈനികഭരണകൂടം 1989 ജുലായ് 20ന് സൂ കീയെ വീട്ടുതടങ്കലിലാക്കി. വിചാരണ കൂടാതെ വർഷങ്ങളോളം തടവിൽ പാർപ്പിക്കാൻ അനുവദിക്കുന്ന പട്ടാളനിയമമനുസരിച്ചായിരുന്നു അത്. സൂ കീ തടങ്കലിലായിരുന്നെങ്കിലും 1990ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സൂ കീയുടെ എൻ എൽ ഡി എൺപതു ശതമാനത്തിലേറെ സീറ്റുകൾ നേടി. അധികാരനഷ്ടം ഭയന്നു പട്ടാളസർക്കാർ ആ തെരഞ്ഞെടുപ്പിനെയൊന്നാകെ അസാധുവാക്കി. അഹിംസ വൈയക്തികജീവിതത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും പ്രാവർത്തികമാക്കണമെന്നു ദൃഢനിശ്ചയമെടുത്തിരുന്ന സൂ കീ പട്ടാളഭരണകൂടത്തിനെതിരേ ആയുധമെടുക്കാനോ എടുപ്പിക്കാനോ ഒരിക്കലും ഒരുങ്ങിയില്ല.

സൂ കീയെ തടവുകാരിയാക്കിയപ്പോഴൊക്കെ പട്ടാളഭരണകൂടം നൽകാറുണ്ടായിരുന്ന ന്യായീകരണങ്ങൾ അപഹാസ്യമായിരുന്നു. ഒരിക്കൽ നൽകിയ ന്യായീകരണം, സൂ കീ രാജ്യത്തിന്റെ സമാധാനവും സുരക്ഷയും അപകടത്തിലാക്കും എന്നായിരുന്നു. ഒരിക്കൽ, പട്ടാളഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളുള്ളൊരു രാഷ്ട്രീയപ്പാർട്ടിയായിരുന്ന യൂണിയൻ സോളിഡാരിറ്റി ആന്റ് ഡിവലപ്പ്മെന്റ് അസ്സോസിയേഷനിലെ ഇരുനൂറോളം പ്രവർത്തകർ സൂ കീയുടെ വാഹനത്തെ ആക്രമിച്ചു. തലനാരിഴയ്ക്കു മാത്രമായിരുന്നു സൂ കീ അവിടന്നു രക്ഷപ്പെട്ടത്. സൂ കീയുടെ സംഘത്തിലുണ്ടായിരുന്ന ചിലർ കൊല്ലപ്പെട്ടു. സൂ കീയെ ആക്രമിച്ചവർക്കു പട്ടാളം അതിനായി അഞ്ഞൂറു ക്യാട്ട് (മ്യാൻമാർ നാണയം) വീതം കൊടുത്തിരുന്നുവത്രേ; കൊട്ടേഷൻ സംഘം മ്യാൻമാറിലും! സൂ കീയെ ആക്രമിച്ചവരെ പിടികൂടുന്നതിനു പകരം, പട്ടാളം സൂ കീയെ തടങ്കലിലാക്കി. സൂ കീയുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണത് എന്നായിരുന്നു ഭരണകൂടത്തിന്റെ വിശദീകരണം!

മറ്റൊരിക്കൽ, സൂ കീ വീട്ടുതടങ്കലിൽ കഴിയുമ്പോൾ, ജോൺ യെട്ടോ എന്നൊരു അമേരിക്കക്കാരൻ സൂ കീയുടെ വീടിന്റെ മുന്നിലുള്ളൊരു തടാകം രഹസ്യമായി നീന്തിക്കടന്ന് സൂ കീയെ സന്ദർശിച്ചു. തടാകം നീന്തിക്കടന്ന യെട്ടോ അവശനായിത്തീർന്നിരുന്നു. കനിവു തോന്നിയ സൂ കീ അവശത തീരും വരെ വീട്ടിൽ താമസിച്ചുകൊള്ളാൻ യെട്ടോയെ അനുവദിച്ചു. രണ്ടു ദിവസം കഴിഞ്ഞ്, വന്ന വഴിയേ തിരികെപ്പോകാൻ ശ്രമിക്കുന്നതിനിടയിൽ യെട്ടോ പോലീസിന്റെ പിടിയിലായി. അനുമതി കൂടാതെ അന്യരെ കണ്ടു എന്ന കുറ്റമാരോപിച്ച് സൂ കീയ്ക്കു പട്ടാളഭരണകൂടം അഞ്ചുവർഷത്തെ ജയിൽശിക്ഷ വിധിച്ചു.

മുകളിൽ പറഞ്ഞ ജോൺ യെട്ടോ സംഭവം 2009ലായിരുന്നു. 2008ൽ നിലവിൽ വന്ന പുതിയ നിയമത്തിൽ, ജയിൽശിക്ഷ അനുഭവിക്കുന്നവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. 2010ലെ പൊതുതെരഞ്ഞെടുപ്പിൽ നിന്ന് സൂ കീയെ അകറ്റി നിറുത്താൻ പട്ടാളഭരണകൂടത്തിന് ഈ നിയമം സഹായകമായി. ജോൺ യെട്ടോ സംഭവത്തിന്റെ പേരിൽ വീട്ടുതടങ്കലിലായിരുന്ന സൂ കീയ്ക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അർഹത മുകളിൽ പരാമർശിക്കപ്പെട്ട നിയമം നിഷേധിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സൂ കീയെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സൂ കീയുടെ പാർട്ടിയായ എൻ എൽ ഡി തെരഞ്ഞെടുപ്പു ബഹിഷ്കരിക്കുകയും ചെയ്തു.

2010ലെ പൊതുതെരഞ്ഞെടുപ്പിൽ വൻതോതിലുള്ള കൃത്രിമങ്ങൾ നടന്നുവെന്നതു ലോകം മുഴുവനറിഞ്ഞു. നിരവധി വിദേശരാജ്യങ്ങൾ മ്യാൻമാർ സർക്കാരിനെ നിശിതമായി വിമർശിച്ചു, സാമ്പത്തികനിയന്ത്രണങ്ങൾ ചുമത്തി. തെരഞ്ഞെടുപ്പ് ഒരു പ്രഹസനം മാത്രമായിരുന്നെന്നും, സൈനികഭരണകൂടം തെരഞ്ഞെടുപ്പിനെ ഹൈജാക്കു ചെയ്തെന്നും പല രാജ്യങ്ങളും ആരോപിച്ചു. സൈന്യത്തിന്റെ ഒത്താശയും പങ്കാളിത്തവും ആ തെരഞ്ഞെടുപ്പിൽ നടന്ന കൃത്രിമങ്ങളിലുണ്ടായിരുന്നു. ഏറ്റവുമധികം ജനപ്രീതിയുള്ള കക്ഷിയായ എൻ എൽ ഡി തെരഞ്ഞെടുപ്പു ബഹിഷ്കരിച്ചിരുന്നതുകൊണ്ടും, സൈനികഭരണകൂടം തെരഞ്ഞെടുപ്പിൽ നടത്തിയ കൃത്രിമങ്ങൾ മൂലവും യൂണിയൻ സോളിഡാരിറ്റി ആന്റ് ഡെവലപ്പ്മെന്റ് പാർട്ടി (യു എസ് ഡി പി) സീറ്റുകൾ തൂത്തുവാരി. രാജ്യം പട്ടാളഭരണത്തിൽ നിന്നു ജനാധിപത്യത്തിലേയ്ക്കു മാറിയെന്നു വരുത്താനും, എന്നാൽ അധികാരം കൈവിടാതിരിക്കാനും വേണ്ടി സൈന്യം രൂപീകരിച്ച പാർട്ടിയായിരുന്നു യു എസ് ഡി പി. അതുവരെ സർവസൈന്യാധിപനും മുഖ്യഭരണകർത്താവുമായിരുന്ന ജനറൽ തെയിൻ സെയിൻ തന്നെയായിരുന്നു യു എസ് ഡി പിയുടെ നേതാവും. ആ തെരഞ്ഞെടുപ്പിൽ യു എസ് ഡി പി വിജയിച്ചപ്പോൾ തെയിൻ സെയിൻ തന്നെ രാഷ്ട്രപതിയുമായി.

1990 മുതൽ വീട്ടുതടങ്കലിൽ കിടക്കുമ്പോൾ ആകെ അഞ്ചു തവണ മാത്രമാണു സൂ കീയ്ക്കു ഭർത്താവായ മൈക്കേൽ ആരിസിനെ കാണാനായിരുന്നത്. 1995ലെ ക്രിസ്തുമസ്സിനായിരുന്നു അവസാനത്തെ സമാഗമം; അന്ന് ആരിസ് മ്യാൻമാറിലെത്തി സൂ കീയെ സന്ദർശിച്ചു. അധികം താമസിയാതെ ആരിസിനു അർബുദരോഗം പിടിപെട്ടു. രോഗഗ്രസ്തനായ ആരീസിനെ മ്യാൻമാറിലേക്കു കൊണ്ടുവരാൻ സൂ കീ ശ്രമിച്ചു. സൈനികഭരണകൂടം ആരിസിനു വീസ നൽകിയില്ല. മ്യാൻമാറിലെ ചികിത്സാസൗകര്യക്കുറവായിരുന്നു ഭരണകൂടം നൽകിയ ന്യായീകരണം. വിദേശത്തുള്ള ആരിസിനെ മ്യാൻമാറിലേക്കു കൊണ്ടുവരുന്നതിനു പകരം, ആരിസിന്റെ പരിചരണത്തിനായി സൂ കീയോടു വിദേശത്തേക്കു പോകാൻ സർക്കാർ ഉപദേശിച്ചു. സൂ കീ രാജ്യം വിട്ടു പോകുന്നെങ്കിൽ പോകട്ടേയെന്നു കരുതി സർക്കാർ സൂ കീയെ തടങ്കലിൽ നിന്നു താൽക്കാലികമായി മോചിപ്പിക്കുകയും ചെയ്തു. ഏതു വിധേനയും തന്നെ ഒഴിവാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന സൈനികഭരണകൂടത്തിന്റെ വാക്കിൽ സൂ കീയ്ക്കു വിശ്വാസമുണ്ടായിരുന്നില്ല. താൻ മ്യാൻമാറിൽ നിന്നു പോയാൽ, തിരികെ വരാൻ സൈനികഭരണകൂടം അനുവദിക്കാതിരുന്നേക്കുമെന്നു സൂ കീ ഭയന്നു. അതുകൊണ്ടു സൂ കീ ആരിസിന്റെ അടുത്തേക്കു പോയില്ല. പരസ്പരം വീണ്ടും സന്ധിക്കാൻ ഇരുവർക്കുമായില്ല. 1999ൽ ആരിസ് വിദേശത്തു വെച്ചു ചരമമടഞ്ഞു.

വീട്ടുതടങ്കലിലായിരുന്ന കാലമത്രയും മക്കളായ അലക്സാണ്ടറേയും കിമ്മിനേയും കാണാൻ സൂ കീയ്ക്കു കഴിഞ്ഞിരുന്നില്ല. അവർക്കു മ്യാൻമാറിലേയ്ക്കു വന്ന് അമ്മയെ സന്ദർശിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നില്ല. മക്കളെ കാണാൻ കഴിയാത്തതായിരുന്നു സൂ കീയെ ഏറ്റവുമധികം ദുഃഖിപ്പിച്ചിരുന്നത്. എങ്കിലും, മറ്റു പലരും തന്നേക്കാൾ എത്രയോ അധികം ത്യാഗങ്ങൾ അനുഷ്ഠിച്ചിരിക്കുന്നു, എന്നു സൂ കീ സ്വയം ആശ്വസിപ്പിച്ചു. സൂ കീ 2010ൽ മോചിതയായ ശേഷം, അലക്സാണ്ടറും കിമ്മും സൂ കീയെ പല തവണ സന്ദർശിച്ചിട്ടുണ്ട്. അവരിരുവരും ബ്രിട്ടീഷ് പൗരന്മാരായിത്തന്നെ തുടരുന്നു, ബ്രിട്ടനിൽത്തന്നെ സ്ഥിരതാമസവും തുടരുന്നു.

ഇന്ത്യയിൽ ഒരു പാർലമെന്റംഗം കേന്ദ്രമന്ത്രിസഭയിൽ മന്ത്രിയായാൽ അദ്ദേഹത്തിനു പാർലമെന്റ് അംഗത്വം നഷ്ടമാകുകയില്ല; അദ്ദേഹം ഒരേ സമയം മന്ത്രിയാണ്, പാർലമെന്റ് അംഗവുമാണ്. മ്യാൻമാറിൽ കാര്യങ്ങളല്പം വിഭിന്നമാണ്. പിഡാങ്സു ഹ്‌ലുട്ടോയിലേക്ക് (പാർലമെന്റിലേക്ക്) തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ മന്ത്രിയുമായെന്നു കരുതുക. ഉടൻ അദ്ദേഹത്തിന്റെ പാർലമെന്റംഗത്വം നഷ്ടപ്പെടും. ഒന്നുകിൽ മന്ത്രി, അല്ലെങ്കിൽ എം പി; ഒരേ സമയം മന്ത്രിയും എം പിയും ആകാനാവില്ല, അതാണവിടത്തെ നിയമം. എം പി മാർ മന്ത്രിമാരായിത്തീരുമ്പോൾ അവരുടെ എം പി സീറ്റുകൾ കാലിയാകും. അവയിലേക്ക് ഉപതെരഞ്ഞെടുപ്പു നടക്കും.

2010ലെ പൊതുതെരഞ്ഞെടുപ്പിനെത്തുടർന്ന് ഇത്തരത്തിൽ ഒഴിവു വന്ന 45 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 2012ൽ നടന്നു. തടങ്കലിലുള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്ന നിയമം മൂലം സൂ കീയ്ക്കു 2010ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ലെന്നും, അതിൽ പ്രതിഷേധിച്ച് സൂ കീയുടെ എൻ എൽ ഡി പാർട്ടി ആ തെരഞ്ഞെടുപ്പു ബഹിഷ്കരിച്ചിരുന്നെന്നും മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. 2010ൽ സൂ കീയെ സർക്കാർ മോചിപ്പിച്ചു. അതുകൊണ്ട് 2012ൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ സൂ കീയുടെ എൻ എൽ ഡി മത്സരിച്ചു. ഉപതെരഞ്ഞെടുപ്പു നടന്ന 45 സീറ്റുകളിൽ 43ലും അവർ വിജയം നേടി. അങ്ങനെ, 1988ൽ പൊതുപ്രവർത്തനത്തിനിറങ്ങിയ സൂ കീ, ഇരുപത്തിനാലു വർഷത്തിനും, ഇരുപത്തൊന്നു വർഷത്തോളം നീണ്ട ജയിൽവാസത്തിനും ശേഷം, 2012ൽ ആദ്യമായി എം പിയായി, നിയമനിർമ്മാതാവായി. 2015ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സൂ കീയുടെ എൻ എൽ ഡി മത്സരിക്കുകയും വൻ‌വിജയം കൈവരിക്കുകയും 2016 ഏപ്രിൽ മുതൽ അധികാരത്തിൽ വരികയും ചെയ്തു.

രാഷ്ട്രപതിയാകാൻ സൂ കീയെ ഭരണഘടന അനുവദിക്കാത്തതുകൊണ്ട്, സൂ കീയുടെ പാർട്ടിയിൽത്തന്നെയുള്ള ഹിതിൻ ക്യാവോ ആണു രാഷ്ട്രപതിയായിരിക്കുന്നത്. നീതിയുക്തമായ തെരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തിൽ വന്ന മ്യാൻമാർ സർക്കാരിന്റെ നേതൃസ്ഥാനം എൻ എൽ ഡിയുടെ അനിഷേദ്ധ്യനേതാവും ഭൂരിപക്ഷം ജനതയുടേയും പ്രിയങ്കരിയുമായ സൂ കീ തന്നെ വഹിക്കണമെന്ന ശക്തമായ ജനവികാരം മാനിച്ച് സ്റ്റേറ്റ് കൗൺസലർ എന്നൊരു പദവി പാർലമെന്റ് വോട്ടെടുപ്പിലൂടെ സൃഷ്ടിച്ചു. ഇതിനുള്ള നിയമം അമ്യോതാ ഹ്‌ലുട്ടോ 2016 ഏപ്രിൽ ഒന്നാം തീയതിയും പയിതു ഹ്‌ലുട്ടോ അഞ്ചാം തീയതിയും പാസ്സാക്കിയതോടെ സ്റ്റേറ്റ് കൗൺസലർ എന്ന പദവി ഔപചാരികമായി നിലവിൽ വന്നു. അടുത്ത ദിവസം തന്നെ സൂ കീ മ്യാൻമാറിന്റെ സ്റ്റേറ്റ് കൗൺസലറായി സത്യപ്രതിജ്ഞ ചെയ്ത് ഭരണനേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. സ്റ്റേറ്റ് കൗൺസലർ (‘കൗൺസിലർ’ അല്ല) എന്ന ഈ പദവിയ്ക്ക് രാഷ്ട്രത്തിന്റെ ഉപദേഷ്ടാവ് എന്ന അർത്ഥമാണുള്ളത്. സർക്കാരിന്റേയും രാഷ്ട്രപതിയുടേയുമെല്ലാം ഉപദേഷ്ടാവ്. ജനാധിപത്യസർക്കാരിലെ സർവരും രാഷ്ട്രത്തിന്റെ ഉപദേഷ്ടാവിന്റെ ഉപദേശങ്ങൾ മാനിക്കുന്നു. ഇതൊക്കെയാണെങ്കിലും പോലീസ്, സൈന്യം അതിർത്തികാര്യങ്ങൾ എന്നിവ പട്ടാളത്തിന്റെ മാത്രം വകുപ്പുകളാണെന്നു മുകളിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

ലോകഭരണകർത്താക്കളിൽ ഏറ്റവും ‘കനം’ കുറഞ്ഞ ഭരണകർത്താവാണു ആങ് സാൻ സൂ കീ. സൂ കീ ശാരീരികമായി പൊതുവിൽ ദുർബലയാണ്. തൂക്കം 48 കിലോ മാത്രം! വീട്ടു തടങ്കലിലായിരിക്കുമ്പോഴും അതിനു ശേഷവും ഒന്നിലേറെത്തവണ അനാരോഗ്യം ബാധിച്ച് സൂ കീ ആശുപത്രിയിലായിരുന്നു. ഇപ്പോൾ അനാരോഗ്യമൊന്നുമില്ലെങ്കിലും, പൊതുവിലുള്ള ആരോഗ്യക്കുറവു നിമിത്തം എളുപ്പം ക്ഷീണിതയാകാനിടയുണ്ട് എന്നു സൂ കീയുടെ ഡോക്ടർ പറഞ്ഞിട്ടുണ്ട്. ശാരീരികമായ ബലക്കുറവുണ്ടെങ്കിലും, അതു സൂ കീയുടെ ദൃഢനിശ്ചയത്തേയും സേവനമനസ്കതയേയും സ്ഥിരോത്സാഹത്തേയും തരിമ്പും ബാധിച്ചിട്ടില്ല.

വാസ്തവത്തിൽ ആങ് സാൻ സൂ കീയുടെ ജനാധിപത്യസർക്കാരിന് എന്തിനു പൂർണാധികാരം ലഭിക്കണം? പല കാരണങ്ങളുണ്ട്. 1962 മുതൽ 2010 വരെ മ്യാൻമാർ ഭരിച്ചിരുന്നതു സൈനികഭരണകൂടങ്ങളായിരുന്നു. ജനാധിപത്യത്തെ അവജ്ഞയോടെ വീക്ഷിച്ചിരുന്ന സൈനികഭരണകൂടങ്ങൾക്കെതിരേ ആങ് സാൻ സൂ കീ അഹിംസയിലധിഷ്ഠിതമായ പോരാട്ടം ഇരുപത്തെട്ടു കൊല്ലത്തോളം നടത്തിയതിന്റെ ഫലമായാണു മ്യാൻമാറിൽ ഭാഗികമായ ജനാധിപത്യമെങ്കിലും സാദ്ധ്യമായിരിക്കുന്നത്. അതു പൂർണജനാധിപത്യമാക്കാനുള്ള നിരന്തരശ്രമം നടത്താനും ഫലപ്രാപ്തിയിലെത്തിക്കാനും മറ്റാരേക്കാളും സൂ കീയ്ക്കു തന്നെയാണു കഴിയുക. മ്യാൻമാർ ജനതയ്ക്കു സൂ കീയിൽ 1988 മുതലുണ്ടായ വിശ്വാസത്തിന് ഇരുപത്തെട്ടു കൊല്ലമായിട്ടും യാതൊരു കോട്ടവും തട്ടിയിട്ടില്ല. ജനാധിപത്യത്തിൽ ഏറ്റവുമധികം ജനപിന്തുണയുള്ള നേതാവു തന്നെയാണു ഭരണം നടത്തേണ്ടത്. അതു സൂ കീ തന്നെ.

രൊഹിംഗ്യകൾ വിദേശികളാണ്, അവർക്കു പൗരത്വം നൽകാനാവില്ല എന്ന നിലപാടാണു പല പതിറ്റാണ്ടുകളായി മ്യാൻമാറിലെ ഭരണകൂടങ്ങളും ഭൂരിപക്ഷം വരുന്ന ബുദ്ധമതസമുദായങ്ങളും സ്വീകരിച്ചുപോന്നിട്ടുള്ളത്. സമ്പൂർണജനാധിപത്യത്തിനു വേണ്ടി വാദിച്ചുകൊണ്ടിരിക്കുന്ന സൂ കീയുടെ എൻ എൽ ഡി പാർട്ടിയിലെ ഭൂരിപക്ഷനിലപാടും, രൊഹിംഗ്യകളുടെ വിഷയത്തിൽ, പൊതുധാരയുടേതിൽ നിന്നു വ്യത്യസ്തമല്ല. ജനാധിപത്യത്തിൽ ഭൂരിപക്ഷനിലപാടാണു സ്വീകരിക്കപ്പെടുന്നത്. തൊണ്ണൂറു ശതമാനം ജനതയും രൊഹിംഗ്യകൾക്കെതിരാണെങ്കിൽ, ആർക്കെന്തു ചെയ്യാൻ കഴിയും! ജനതയുടെ മനസ്സു മാറ്റിയെടുക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അതു സൂ കീയ്ക്കു മാത്രമേ ആകൂ. സൂ കീയുടെ ജനാധിപത്യസർക്കാരിനു സമ്പൂർണാധികാരം സിദ്ധിച്ചാൽ, രൊഹിംഗ്യകൾക്കു പൗരത്വം കിട്ടുന്നില്ലെങ്കിൽപ്പോലും, ഇന്ന് അവർക്കെതിരേ നടക്കുന്ന അതിക്രമങ്ങൾക്ക് അറുതി വന്ന്, അവർക്കു മ്യാൻമാറിൽത്തന്നെ സമാധാനത്തോടെ അതിജീവനം നടത്താനുള്ള സാഹചര്യമുണ്ടാകുമെന്നു തീർച്ച. അത്തരമൊരു സമാധാനസാഹചര്യം ക്രമേണ നിലവിൽ വന്നാൽ, ഏറെക്കാലം കഴിയുമ്പോൾ അവർക്കു പൗരത്വവും കിട്ടിയെന്നു വരാം. യഥാർത്ഥ ജനാധിപത്യസർക്കാരുകൾ ബഹുസ്വരത സ്വാഗതം ചെയ്യുകയേ ഉള്ളൂ, ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയില്ല.

2010ൽ തടങ്കലിൽ നിന്നു മോചിതയാകുകയും, 2012ൽ പയിതു ഹ്‌ലുട്ടോയിൽ അംഗമാകുകയും ചെയ്തപ്പോൾത്തന്നെ സൂ കീ രാഷ്ട്രവികസനത്തേയും ജനക്ഷേമത്തേയും മുൻനിർത്തിയുള്ള നയപരിപാടികൾ സ്വീകരിക്കാൻ അന്ന് എതിർകക്ഷിയുടെ അധീനതയിലായിരുന്ന സർക്കാരിനെ തുടരെത്തുടരെ നിർബന്ധിച്ചുകൊണ്ടിരുന്നു. അതിനു ഫലമുണ്ടാകുകയും ചെയ്തിരുന്നു. 2008ൽ 3.6 ശതമാനവും 2011ൽ 5.6 ശതമാനവും മാത്രമുണ്ടായിരുന്ന മ്യാൻമാറിന്റെ സാമ്പത്തികവളർച്ച 2012ൽ 7.3%, 2013ൽ 8.4%, 2014ൽ 8.7%, 2015ൽ 7.2% എന്നിങ്ങനെ വർദ്ധിച്ചു. 2016ൽ വെള്ളപ്പൊക്കക്കെടുതികളുണ്ടായിട്ടും 8.4% ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ടാകുമെന്നും, 2017ലെ വളർച്ച 8.3% ആകാനിടയുണ്ടെന്നും ഏഷ്യൻ ഡിവലപ്പ്മെന്റ് ബാങ്കു പ്രവചിച്ചിട്ടുണ്ട്. എങ്കിലും, മ്യാൻമാർ ഇനിയുമേറെ വളരാനുണ്ട്: ഒരു തെളിവിതാ: യാങ്ങോൺ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നത് വെറും നാലു കമ്പനികൾ മാത്രം! വേറെ സ്റ്റോക്ക് എക്സ്ചേഞ്ചും അവിടെയില്ല. ഇന്ത്യയിലാകട്ടെ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 5788 കമ്പനികളും, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 1659 കമ്പനികളും ലിസ്റ്റു ചെയ്തിട്ടുണ്ട്. ഇവിടെ വേറേയും സ്റ്റോക്ക് എക്സ്ചേഞ്ചുകളുണ്ടു താനും. മ്യാൻമാർ ബഹുകാതം സഞ്ചരിക്കേണ്ടതായാണിരിക്കുന്നത്.

പക്ഷേ, സാക്ഷരതയുടെ കാര്യത്തിൽ മ്യാൻമാർ നമ്മെ അതിശയിപ്പിക്കുന്നുണ്ട്: 93 ശതമാനമാണ് അവരുടെ സാക്ഷരത. ഇന്ത്യയുടേത് 72 ശതമാനം മാത്രവും. ഉയർന്ന സാക്ഷരത ഉയർന്ന സാമൂഹ്യമൂല്യങ്ങളിലേക്കു നയിക്കുമെന്നാണു പൊതുധാരണ. സാക്ഷരർ വിപരീതമായാൽ രാക്ഷസരായി മാറും. രൊഹിംഗ്യകളോടുള്ള ക്രൂരതയെപ്പറ്റിയുള്ള വാർത്തകൾ വായിക്കുമ്പോൾ, അവരോടുള്ള സമീപനത്തിൽ മ്യാൻമാറിലെ സാക്ഷരരിൽ പലരും ‘രാക്ഷസർ’ ആയി മാറുന്നുവെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഉയർന്ന സാക്ഷരത ഉയർന്ന സാംസ്കാരികതയിലേക്കു നയിക്കണം. സഹജീവികളുടെ കഷ്ടപ്പാടുകൾ കണ്ടാൽ ദേശി-വിദേശിയെന്ന വ്യതിരേകം മറന്ന് അവരെ സഹായിക്കാനുള്ള സന്നദ്ധത ഉളവാകണം. സമ്പൂർണമായ ജനാധിപത്യവ്യവസ്ഥിതിയിൽ മാത്രമേ, ജനവിഭാഗങ്ങൾ തമ്മിലുള്ള സഹിഷ്ണുതയും സൗഹൃദവും വളരൂ. ഇതിനെല്ലാം വേണ്ടി ആഭ്യന്തരഭരണം സൈന്യത്തിൽ നിന്നടർത്തി ആങ് സാൻ സൂ കീയുടെ ജനാധിപത്യസർക്കാരിനെ പൂർണമായും ഏല്പിക്കേണ്ടതുണ്ട്. പക്ഷേ, പൂച്ചയ്ക്കാരു മണി കെട്ടും? കാതലായ അധികാരങ്ങൾ ഇപ്പോഴും കൈയടക്കി വെച്ചിരിക്കുന്ന സൈന്യത്തെക്കൊണ്ടു ത്യജിപ്പിക്കാൻ സൂ കീയ്ക്ക് കഴിയുമോ? അര നൂറ്റാണ്ടോളം പരമാധികാരം കയ്യാളിയിരുന്ന സൈന്യം ജനാധിപത്യസർക്കാരിന്റെ അച്ചടക്കമുള്ള ഭൃത്യരായിത്തീരാൻ സ്വമേധയാ തയ്യാറാകുമോ? സൂ കീ ഏറ്റെടുത്തിരിക്കുന്ന ദൗത്യം എളുപ്പമല്ല.

ഇന്ത്യയും മ്യാൻമാറും തമ്മിൽ ചില സമാന്തരങ്ങൾ കാണാം. ഇരു രാജ്യങ്ങളും ബ്രിട്ടീഷ് കോളനികളായിരുന്നു. അടുത്തടുത്തു കിടന്നിരുന്ന കോളനികൾ. മ്യാൻമാർ ബ്രിട്ടീഷിന്ത്യയുടെ ഭാഗമായിരുന്നെന്നു മുകളിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഇരുരാജ്യങ്ങളിലും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം നടന്നിരുന്നു. ഇന്ത്യയിലേത് ഗാന്ധിജിയുടെ നേതൃത്വത്തിൽ, അഹിംസയിലധിഷ്ഠിതമായ സ്വാതന്ത്ര്യസമരമായിരുന്നെങ്കിൽ, മ്യാൻമാറിലേത് ആയുധം പ്രയോഗിച്ചുള്ള യുദ്ധം തന്നെയായിരുന്നു. ബ്രിട്ടനെ തുരത്താൻ വേണ്ടി സുഭാഷ് ചന്ദ്രബോസ് ജപ്പാന്റെ സഹായം തേടി; മ്യാൻമാറിൽ ആങ് സാനും (സൂ കീയുടെ പിതാവ്) അതു തന്നെ ചെയ്തു. ആങ് സാനിന്റെ ശ്രമം കുറേക്കൂടി മുന്നോട്ടു പോയി, ബ്രിട്ടൻ തുരത്തപ്പെടുകയും ജപ്പാൻ ആധിപത്യമുറപ്പിക്കുകയും ചെയ്തു.

നമുക്കു ബ്രിട്ടനിൽ നിന്ന് 1947ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തൊട്ടടുത്ത വർഷം തന്നെ മ്യാൻമാറിനും സ്വാതന്ത്ര്യം കിട്ടി. ഇന്ത്യയിൽ ജനാധിപത്യം നിലവിൽ വന്നപ്പോൾ മ്യാൻമാറിലും ജനാധിപത്യം നിലവിൽ വന്നു. നമ്മുടെ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു ലോകപ്രശസ്തനായ നേതാവായിരുന്നു. മ്യാൻമാറിന്റെ പ്രധാനമന്ത്രിയും പ്രശസ്തനായിരുന്നു: യൂ നു.

1962ൽ മ്യാൻമാറിനു വഴി പിഴച്ചു: പട്ടാളം ഭരണം പിടിച്ചെടുത്തു. ഇന്ത്യയിൽ, നെഹ്രു 1964ൽ ചരമമടഞ്ഞു. പക്ഷേ, ജനാധിപത്യത്തിനു യാതൊരു കോട്ടവും തട്ടിയില്ല. മ്യാൻമാറിൽ, പട്ടാളഭരണകൂടം കമ്പനികളെ കൂട്ടത്തോടെ ദേശസാൽക്കരിച്ചു. സ്വകാര്യമൂലധനനിക്ഷേപകരുടെ ചൂഷണത്തിൽ നിന്നു ജനതയെ രക്ഷപ്പെടുത്തി, സോഷ്യലിസം നടപ്പാക്കലായിരുന്നു, ലക്ഷ്യം. ലക്ഷ്യം നന്ന്. പക്ഷേ, വ്യവസായരംഗത്തെ വളർത്താനുള്ള സാമ്പത്തികശേഷി മ്യാൻമാർ സർക്കാരിനുണ്ടായിരുന്നില്ല. ഉള്ള വ്യവസായം മുരടിക്കുകയും ചെയ്തു. രാജ്യം ദാരിദ്ര്യത്തിന്റെ പിടിയിലമർന്നു. ഇന്ത്യയിലും ദേശസാൽക്കരണമുണ്ടായി: പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അറുപതുകളിൽ ബാങ്കുദേശസാൽക്കരണം നടത്തി. വിദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ തദ്ദേശീയമൂലധനത്തിനു കടന്നുചെല്ലാനുള്ള വഴിയൊരുക്കുകയും ചെയ്തു. ഇന്ത്യ പൊതുമേഖലയെ വളർത്തിയെങ്കിലും, അതു സ്വകാര്യമേഖലയെ തളർത്തിക്കൊണ്ടായിരുന്നില്ല. അതുകൊണ്ട് ഇന്ത്യയിലെ വ്യവസായരംഗം വളർന്നു, മ്യാൻമാറിലേതു തളർന്നു.

ഇന്ത്യയിലെ വ്യവസായരംഗം വളർന്നിട്ടും, തൊണ്ണൂറുകളുടെ തുടക്കത്തിൽ വിദേശമൂലധനത്തെ ക്ഷണിക്കാതെ സാമ്പത്തികനില ഭദ്രമാക്കാനാവില്ലെന്ന സ്ഥിതി വന്നു. മ്യാൻമാർ ഉൾപ്പെടെയുള്ള പല അവികസിതരാഷ്ട്രങ്ങളുടേയും സ്ഥിതി അതു തന്നെയായിരുന്നു. ചുവരിലെഴുത്ത് ഇന്ത്യ വായിച്ചു, അമാന്തം കൂടാതെ വിദേശമൂലധനത്തിനായി വഴി തുറന്നുകൊടുക്കുകയും ചെയ്തു. മ്യാൻമാർ അവിടേയും പിന്നാക്കം നിന്നു. രണ്ടു പതിറ്റാണ്ടോളം കാലതാമസം വരുത്തിയ ശേഷം, കഴിഞ്ഞ ഏതാനും വർഷങ്ങളിലാണ് മ്യാൻമാർ, ഗത്യന്തരമില്ലാതെ, വൈമനസ്യത്തോടെ അതിനൊരുങ്ങിയത്. തുച്ഛമായ വിദേശമൂലധനം മാത്രമേ ഇപ്പോഴും മ്യാൻമാറിലെത്തിയിട്ടുള്ളൂ. വിദേശമൂലധനനിക്ഷേപകർക്ക് മ്യാൻമാർ സർക്കാരിൽ പൂർണവിശ്വാസം വന്നിട്ടില്ല. മ്യാൻമാറിലെ തൊഴിലില്ലായ്‌മാനിരക്ക് 4.02% മാത്രമാണെങ്കിലും, പകുതിയിലേറെപ്പേരും കാർഷികവൃത്തിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. മൂന്നിലൊന്നോളം ജനങ്ങൾ വൈദ്യുതി ലഭിക്കാത്തവരാണ്. വരുമാനക്കുറവു മൂലം ജനതയുടെ ജീവിതനിലവാരം താരതമ്യേന താഴ്‌ന്നതുമാണ്.

മ്യാൻമാറിനു വഴി പിഴച്ചുപോയ മറ്റൊരു രംഗം ബംഗ്ളാദേശിൽ നിന്നുള്ള കുടിയേറ്റക്കാരോടുള്ള സമീപനത്തിലാണ്. ബംഗ്ളാദേശിൽ നിന്നു അനധികൃതമായി കുടിയേറിയവർ മ്യാൻമാറിൽ പന്ത്രണ്ടു ലക്ഷം മാത്രമാണുള്ളതെങ്കിൽ ഇന്ത്യയിലവർ ഒരു കോടിയിലേറെയുണ്ട്. ഇന്ത്യയുടെ ഉത്തരപൂർവമേഖലയിലും പശ്ചിമബംഗാളിലും മറ്റും അവർ ധാരാളമുണ്ട്. അനധികൃതകുടിയേറ്റക്കാരെ തിരിച്ചയയ്ക്കാൻ വേണ്ടി ആസ്സാമിൽ വർഷങ്ങളോളം പ്രക്ഷോഭവും നടന്നിരുന്നു. പക്ഷേ, മ്യാൻമാറിലെ രൊഹിംഗ്യകൾ വിധേയമായതുപോലുള്ള അതിക്രമങ്ങൾക്ക് ഇന്ത്യയിലെ അനധികൃതകുടിയേറ്റക്കാർ വിധേയമാകേണ്ടി വന്നിട്ടില്ല. 1983 ഫെബ്രുവരിയിൽ ആസ്സാമിലെ നെല്ലിയിൽ നടന്ന കൂട്ടക്കൊലയെ വിസ്മരിച്ചുകൊണ്ടല്ല, ഇതെഴുതുന്നത്. ‘നെല്ലി’ സംഭവമുണ്ടായെങ്കിലും, ഇന്ത്യയിലെ അനധികൃതകുടിയേറ്റക്കാർക്ക് പൊതുവിൽ സാധാരണജീവിതം നയിക്കാനാകുന്നുണ്ട്. അവർക്കും പൗരത്വം കിട്ടിയിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കണം, കൂടുതൽ അനധികൃതകുടിയേറ്റക്കാർ ഇന്ത്യയിലേക്ക് ആകർഷിക്കപ്പെടുന്നത്. ഇന്ത്യയിൽ ബുദ്ധമതാനുയായികൾ 0.8% മാത്രമേയുള്ളെങ്കിലും, ഇന്ത്യയിലെ മുഖ്യധാരാജനത അഹിംസയെ മുറുകെപ്പിടിക്കുന്നവരല്ലെങ്കിലും, കഷ്ടപ്പെടുന്ന സഹജീവികളോടു പൊതുവിൽ കനിവു കാണിക്കുന്നവരാണ് ഇവിടത്തെ ജനത. ഇവിടത്തെ പൗരത്വത്തിൽ ഉച്ചനീചത്വങ്ങളുമില്ല.

ഇന്ത്യൻ ജനത ജനാധിപത്യത്തിലും ബഹുസ്വരതയിലും അടിയുറച്ചു വിശ്വസിക്കുന്നവരാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള എഴുപതു വർഷത്തിനിടയിൽ ജനാധിപത്യത്തിൽ നിന്ന് ഇന്ത്യ അല്പമൊന്നു വഴിമാറിപ്പോയത് എഴുപതുകളിൽ, അടിയന്തരാവസ്ഥ നിലനിന്നിരുന്ന ഒന്നേമുക്കാൽക്കൊല്ലം മാത്രമാണ്. വഴി തെറ്റിയെന്നു മനസ്സിലാക്കിയ ജനത ഉടൻ സ്വയം തിരുത്തി, ജനാധിപത്യത്തിലേക്കു മടങ്ങുകയും ചെയ്തു. മ്യാൻമാറാകട്ടെ, നീണ്ട നാല്പത്തെട്ടു വർഷമാണ് ജനാധിപത്യത്തെ അടിച്ചമർത്തി വെച്ചിരുന്നത്! ലോകത്തിലെ ഏറ്റവും മഹത്തരമായ ജനാധിപത്യമെന്ന് ഇന്ത്യയെ ലോകം വിശേഷിപ്പിക്കാറുള്ളത് തൊട്ടടുത്തുള്ള മ്യാൻമാറിലെ ജനാധിപത്യത്തിന്റെ ശോചനീയാവസ്ഥ കണ്ടിട്ടു കൂടിയാകണം.

കുറിപ്പുകൾ: മ്യാൻമാറിലെ പാർലമെന്റിൽ മാത്രമല്ല, സംസ്ഥാനനിയമസഭകളിലും 25% സീറ്റുകൾ പട്ടാളത്തിനുള്ളതാണ്. സംസ്ഥാനഭരണത്തിലും സൈന്യത്തിന്റെ കൈകടത്തലുണ്ട് എന്നു ചുരുക്കം.

ആങ് സാൻ സൂ കീയോടുള്ള സ്നേഹാദരങ്ങൾ പ്രകടിപ്പിക്കാൻ മ്യാൻമാറിലെ ജനത ഡൗ സൂ എന്നാണു വിളിക്കാറ്. ഡൗ എന്നാൽ ബർമ്മീസിൽ വലിയമ്മ അഥവാ ‘aunt’ എന്നാണർത്ഥം. സൂ കീ പ്രസിഡന്റ് ഒബാമയെ സന്ദർശിച്ചപ്പോൾ ഒബാമയും ആദരവോടെ ഡൗ സൂ എന്നു പല തവണ പരാമർശിക്കുകയുണ്ടായി. മ്യാൻമാർ ജനത ‘അമായ് സൂ’ എന്നും സൂ കീയെ വിളിക്കാറുണ്ട്: അമ്മ എന്ന അർത്ഥത്തിൽ.

ഏറെ ബുദ്ധിമുട്ടിയിട്ടും പിഡാങ്സു ഹ്‌ലുട്ടോയുടെ ശരിയുച്ചാരണം കണ്ടുപിടിക്കാൻ ഈ ലേഖകനു കഴിഞ്ഞിരുന്നില്ല. ഒരുപായം തോന്നി: ന്യൂഡൽഹിയിൽ മ്യാൻമാറിന്റെ എംബസിയുണ്ട്. എംബസിയുടെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ചു. മറുപടിയുണ്ടായില്ല. ആവശ്യം അറിയിച്ചുകൊണ്ട് ഈമെയിലയച്ചു. പത്തു മിനിറ്റു കഴിയും മുമ്പ് ഫോണടിച്ചു. എടുത്തപ്പോൾ, മ്യാൻമാർ എംബസിയിലെ ഉദ്യോഗസ്ഥൻ! അദ്ദേഹം ശരിയുച്ചാരണം ക്ഷമയോടെ, ആവർത്തിച്ചാവർത്തിച്ചു കേൾപ്പിച്ചു തന്നു. അത്ഭുതപ്പെട്ടുപോയി.

ഈ ലേഖനത്തെപ്പറ്റിയുള്ള പ്രതികരണങ്ങൾക്കു സ്വാഗതം. പ്രതികരണങ്ങൾ sunilmssunilms@rediffmail.com എന്ന ഈമെയിൽ ഐഡിയിലേയ്ക്ക് അയയ്ക്കാൻ അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here