ന്യൂജേഴ്‌സി: കലര്‍പ്പില്ലാത്ത രക്തബന്ധങ്ങളിലൂടെ ഒരുമയുടെ മാതൃകയായിരുന്ന ക്‌നാനായ സമുദായത്തില്‍ ഭിന്നിപ്പും പടലപ്പിണക്കവും രൂക്ഷമാകുന്നു. അമേരിക്കയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിയേറുകയും ഐക്യനാടുകള്‍ മുഴുവന്‍ വ്യാപിച്ചു കിടക്കുകയും ചെയ്യുന്ന ക്‌നാനായ സമുദായ സംഘടനകളും അവരുടെതന്നെ ആത്മീയ നേതൃത്വവും തമ്മിലാണ് പടലപ്പിണക്കവും പരോക്ഷമായ പോരാട്ടവും രൂക്ഷമായിരിക്കുന്നത്. നേരത്തേ സീറോ മലബാര്‍ സഭാ നേതൃത്വത്തിനെതിരേ തുടങ്ങിവച്ച പോര് ഇപ്പോള്‍ ക്‌നാനായ സമുദായത്തിലെ തന്നെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമെതിരേ തുറന്ന പോരിന്റെ വക്കിലെത്തി നില്‍ക്കുകയാണ്.

കേരളത്തിനു വെളിയില്‍, പ്രത്യേകിച്ച് അമേരിക്കന്‍ ഐക്യനാടുകളില്‍ ക്‌നാനായ സമുദായത്തിന് സ്വന്തമായി ഒരു രൂപത വേണമെന്ന ക്‌നാനായ സമുദായ സംഘടനയായ കെ.സി.സി.എന്‍.എയുടെ ആവശ്യം പരിഗണിക്കാത്തതാണ് ഇപ്പോള്‍ സമുദായ സംഘടനകളും സഭാ നേതൃത്വവും തമ്മില്‍ തുറന്ന പോരിലെത്തിയത്. സമുദായത്തിന് അര്‍ഹതപ്പെട്ട രൂപത യാഥാര്‍ഥ്യമാക്കാന്‍ ക്‌നാനായ മെത്രാന്മാരോ വൈദികരോ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്നും മറിച്ച് സീറോ മലബാര്‍ സഭാ നേതൃത്വത്തിനു വിധേയപ്പെട്ടുകൊണ്ട് ക്‌നാനായ സമുദായക്കാരുടെ മൊത്തം വികാരമായ സ്വന്തമായി ഒരു രൂപതയും മെത്രാനും എന്ന സ്വപ്‌നത്തിന് സമുദായത്തിലെതന്നെ ആത്മീയ നേതൃത്വം തുരങ്കം വയ്ക്കുകയുമാാണെന്നാണ് ഭൂരിപക്ഷം സമുദായാംഗങ്ങളും ആരോപിക്കുന്നത്.

ഇന്ത്യയിലെതന്നെ ഏറ്റവും വലിയ എന്‍ഡോഗാമസ് (ഋിറീഴമാീൗ)െ അഥവാ കലര്‍പ്പില്ലാത്ത രക്തബന്ധത്തിനുടമകളായ സമുദായം എന്ന ഖ്യാതി പുലര്‍ത്തുന്ന ക്‌നാനായ സമുദായത്തിന് കേരളത്തില്‍ കോട്ടയം കേന്ദ്രീകരിച്ച് ഒരു രൂപതയും ഒരു ആര്‍ച്ച് ബിഷപും ഒരു സഹായമെത്രാനും ഒരു വിരമിച്ച ആര്‍ച്ച് ബിഷപ്പുമാണുള്ളത്.

കണ്ണൂര്‍ കേന്ദ്രീകരിച്ച് ഒരു മെത്രാനുണ്ടെങ്കിലും അവിടെ മുഴുവന്‍ സമയ മെത്രാനെ നിയമിച്ചിട്ടില്ല. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ മെത്രാസനത്തിന്റെ ചുമതല സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലാണ്. കോട്ടയം അതിരൂപതയുടെ ചുമതല ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലേക്കാട്ടിലിനാണ്. കൂടാതെ ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ കുര്യാക്കോസ് കുന്നശേരിയുമുണ്ട്, ഭരണ നിര്‍വഹണകാര്യത്തില്‍.

രക്തബന്ധ കണികകളെന്നപോലെ ഐക്യത്തിന്റെ കാര്യത്തില്‍ ചങ്ങലപോലെ കൊളുത്തിപ്പിടിച്ചുകിടക്കുന്ന കെട്ടുറപ്പുള്ള ക്‌നാനായ സമുദായം പരസ്പര സഹായ സഹകരണത്തിന്റെ കാര്യത്തില്‍ മറ്റേതു സമുദായത്തെക്കാളും ഏറ്റവും മുമ്പിലാണ്. അതുകൊണ്ടുതന്നെ രക്തത്തിന്റെ കാര്യത്തില്‍ ഒരു കണിക അമേരിക്കയിലോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളിലോ എത്തുമ്പോള്‍ പിന്നാലെയുള്ള മുഴുവന്‍ കണ്ണികളും എത്തിപ്പെടും. അതുകൊണ്ടുതന്നെ സമുദായത്തിന്റെ കേരളത്തിനു പുറത്തുള്ള വളര്‍ച്ച അത്ഭുതാവഹമാണ്.

അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിലുള്ള ക്‌നാനായ മക്കളേക്കാള്‍ കൂടുതല്‍ പേര്‍ പുറത്തു ജീവിക്കുന്നു എന്നാണ്. ഈ സാഹചര്യത്തില്‍ കേരളത്തിനു വെളിയില്‍ പ്രത്യേകിച്ച്, അമേരിക്ക കേന്ദ്രീകരിച്ച് ഒരു രൂപത വേണമെന്ന ആവശ്യം കെ.സി.സി.എന്‍.എ ഉന്നയിച്ചു. എന്നാല്‍, റോമില്‍നിന്നു പണ്ട് ലഭിച്ച ഉത്തരവുപ്രകാരം ക്‌നാനായ സഭയ്ക്ക് കേരളത്തില്‍ ഒരൊറ്റ രൂപത മാത്രമേ അനുവദനീയമായുള്ളൂ.

ക്‌നാനായ മസുദായത്തിലെ ആദ്യത്തെ തദ്ദേശീയ മെത്രാനായ മാര്‍ മാക്കില്‍ പിതാവാണ് പരിശുദ്ധ സിംഹാസനത്തില്‍ സ്വാധീനം ചെലുത്തി അതുവരെ സീറോ മലബാര്‍ രൂപതകളില്‍ ചിതറിക്കിടന്നിരുന്ന ക്‌നാനായ സമുദായാംഗങ്ങളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഒരു രൂപതയുണ്ടാക്കിയത്. അന്ന്, രക്തബന്ധ കലര്‍പ്പില്‍ ചോര്‍ച്ചയുണ്ടാകുമെന്ന് കരുതിയാകാം ക്‌നാനായ സമുദായാംഗങ്ങള്‍ കേരളം വിട്ടെങ്ങും പോയിരുന്നില്ല. പിന്നീട് സമുദായം വളര്‍ന്നപ്പോള്‍ സര്‍വ അതിര്‍വരമ്പുകളും കടന്ന് ഇന്നത്തെ നിലയില്‍ ലോകമാന വ്യാപാര പരിപ്യാപ്തിയിലെത്തിച്ചേര്‍ന്നു. ഇന്ന് കേരളത്തിലുള്ളവരേക്കാള്‍ കൂടുതല്‍ ക്‌നാനായക്കാര്‍ കേരളത്തിന് പുറത്ത് അധിവസിക്കുമ്പോള്‍ മാക്കില്‍ പിതാവ് കൊണ്ടുവന്ന കേരളത്തിനൊരു രൂപത എന്ന ആവശ്യം മതിയാകാതെ വന്നു.

സമുദായത്തിന്റെ വളര്‍ച്ചയെത്തുടര്‍ന്ന് കേരളത്തിനു പുറത്ത് പ്രത്യേകിച്ച്, അമേരിക്കന്‍ ഐക്യനാടുകളില്‍ ഒരു അനിവാര്യതയെന്നോണം അതിനുള്ള അനുമതിക്കായി സമുദായ ആത്മീയ നേതൃത്വം മുട്ടാത്ത വാതിലുകളില്ല. എന്‍ഡോഗമി അഥവാ കലര്‍പ്പില്ലാത്ത രക്തബന്ധം കാത്തുസൂക്ഷിക്കുക എന്ന പ്രവാസി ക്‌നാനായര്‍ക്കിടയിലെ ശ്രമകരമായ ദൗത്യം നടപ്പിലാക്കുക ഏറെ ആയാസകരമായിരിക്കെ, ഒരു രൂപതയും മെത്രാനും എന്നതില്‍ക്കുറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്ന തീരുമാനത്തില്‍ ക്‌നാനായ സമുദായ സംഘടനയായ കെ.സി.സി.എന്‍.എ ഉറച്ചു നില്‍ക്കുന്നു.

അതേസമയം, സഭാ നേതൃത്വത്തിന്റെ ചട്ടക്കൂടില്‍ നില്‍ക്കേണ്ടതുള്ളതുകൊണ്ട് ക്‌നാനായ ബിഷപുമാര്‍ക്കും വൈദികര്‍ക്കും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാക്കുകള്‍ ധിക്കരിക്കാനാവില്ല. കേരളത്തിനു വെളിയില്‍ പുതിയൊരു രൂപത അനുവദിക്കാനാവില്ലെന്ന ശക്തമായ നിലപാടിലാണ് സീറോ മലബാര്‍ സഭാ നേതൃത്വം. സ്വതന്ത്ര ഭരണാവകാശമുള്ള സീറോ മലബാര്‍ നേതൃത്വത്തിന്റെ നിലപാടുകളെ എതിര്‍ക്കാന്‍ റോമിനുമാവില്ല. ഈ ഘട്ടത്തില്‍ അക്ഷരാര്‍ഥത്തില്‍ വിഷമസന്ധിയിലായിരിക്കുന്നത് ക്‌നാനായ സമുദായത്തിന്റെ ആത്മീയ നേതൃത്വമാണ്. അവര്‍ക്ക് കക്ഷത്തിലുള്ളത് കളയാനും വയ്യ ഉത്തരത്തിലുള്ളത് എടുക്കുകയും വേണമെന്ന സ്ഥിതിയാണ്.

റോമില്‍നിന്നുള്ള ഡിക്രി (ഉത്തരവ്) ഇക്കാര്യത്തിലെ സുതാര്യത വ്യക്തമാക്കുന്നുമുണ്ട്. ഇതിനൊരു മാറ്റം വരണമെങ്കില്‍ റോമില്‍നിന്നു പുതിയ നിയമഭേദഗതിയോടെ പുതിയ ഡിക്രി പുറപ്പെടുവിക്കണം. സീറോ മലബാര്‍ സഭാനേതൃത്വത്തിന്റെ ശിപാര്‍ശയില്ലാതെ ഇക്കാര്യം നടക്കാന്‍ പോകുന്നുമില്ല. ഇക്കാര്യത്തിലാകട്ടെ, വിപരീത നിലപാടിലാണ് സീറോ മലബാര്‍ നേതൃത്വവും. ആദ്യം സഭ, പിന്നീടു മതി സമുദായവും കലര്‍പ്പില്ലാത്ത രക്തവും മറ്റുമൊക്കെയെന്നാണ് സീറോ മലബാര്‍ സഭാ നേതൃത്വം. മാത്രവുമല്ല, പലയിടങ്ങളിലും സീറോ മലബാര്‍ സഭയേക്കാള്‍ കൂടുതല്‍ ആസ്തിയും പള്ളികളും ക്‌നാനായ സമുദായത്തിനുണ്ട്. ഇവയില്‍ പലതും ക്‌നാനായ സെന്ററുകള്‍ എന്ന പേരില്‍ അതാത് ലോക്കല്‍ കമ്മിറ്റികളുടെ പേരിലാണുള്ളത്. ഇവയെല്ലാം പള്ളികളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ സ്വാഭാവികമായും അതിന്റെ ഉടമസ്ഥാവകാശം സീറോ മലബാര്‍ സഭയുടെ കീഴിലുള്ള രൂപതകളുടെ അധീനതയിലായി മാറും. അപ്പോള്‍ തങ്ങള്‍ കഷ്ടപ്പെട്ട് വിയര്‍പ്പൊഴുക്കി നിര്‍മിച്ച സ്വത്തുക്കള്‍ പൊതുവില്‍ സീറോ മലബാര്‍ സഭയുടേതായി മാറുമെന്നാണ് ക്‌നാനായ സമുദായം ഭയപ്പെടുന്നത്.

എന്നാല്‍, ഇത് നാട്ടുനടപ്പാണെന്നും സമുദായത്തിനു മുകളിലാണ് സഭ എന്നുമുള്ളതിനാല്‍ സമുദായത്തിന്റെ പള്ളികളുടെ ഉടമസ്ഥ – ഭരണാവകാശം സീറോ മലബാര്‍ സഭയുടേതാണെന്ന ഉറച്ച നിലപാടിലാണ് സഭ. എന്‍ഡോഗമിയൊക്കെ അങ്ങ് കേരളത്തില്‍ മതിയെന്നും ഇവിടെ അമേരിക്കയില്‍ പ്രത്യേക സാഹചര്യത്തില്‍ യുവതീയുവാക്കളെ എന്‍ഡോഗമി കാത്തുപാലിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നുമാണ് സഭാ നേതൃത്വം. ഇതിനായി സഭാ നേതൃത്വം സമുദായ ആത്മീയ നേതൃത്വത്തില്‍ കടുത്ത സമ്മര്‍ദം ചെലുത്തി വരികയാണ്. ആത്മീയ നേതൃത്വത്തിനാകട്ടെ, സഭാ നേതൃത്വത്തിനു വിധേയപ്പെടേണ്ടതുകൊണ്ട് ഉത്തരവ് തള്ളിക്കളയാന്‍ കഴിയില്ല.

കാനോനിക നിയമപ്രകാരം സഭയുടെ ഉത്തരവ് സമുദായത്തിലെ മെത്രാന്‍മാരും, മെത്രാന്‍മാരുടെ ഉത്തരവ് വൈദികരും, വൈദികരുടെ ഉത്തരവ് അത്മായരും പാലിക്കണമെന്നാണ്. എന്നാല്‍ ആത്മീയ നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാടിനോട് അണുവിട യോജിക്കാന്‍ തയാറല്ലെന്ന ശക്തമായ നിലപാടിലാണ് ഭൂരിപക്ഷം സമുദായാംഗങ്ങളും. അതിനുള്ള തെളിവാണ് സമുദായം ഓരോ ദൈവവര്‍ഷത്തിലും നടത്തിവരാറുള്ള കെ.സി.സി.എന്‍.എ ദേശീയ സമ്മേളനത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സീറോ മലബാര്‍ സഭയുടെ അറിവോടെ ആത്മീയ നേതാക്കളുടെയും സമുദായത്തിലെ ചില വിഘടന ഗ്രൂപ്പുകളുടെയും നേതൃത്വത്തില്‍ നടത്താനിരുന്ന ബദല്‍ സമ്മേളനം രജിസ്‌ട്രേഷന്‍ പോലും തുടങ്ങാന്‍ കഴിയാതെ എട്ടുനിലയില്‍ പൊട്ടിയത്. സമുദായാംഗങ്ങള്‍ ആരും തന്നെ രജിസ്‌ട്രേഷന്‍ നടത്താതെ നിസഹകരിക്കുകവഴി രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ തന്നെ അവതാളത്തിലായിരുന്നു.

അതിനു പുറമേയാണ് കലര്‍പ്പില്ലാത്ത രക്തത്തിനുടമകള്‍ (ഋിറീഴമാീൗ)െ എന്ന് അറിയപ്പെടുന്ന സമ്മേളനത്തിലേക്ക് ദത്തെടുത്ത ഒരുകുട്ടിയുമായി ഒരു കടുംബം രജിസ്‌ട്രേഷനു വന്നത്. ഇവര്‍ രജിസ്റ്റര്‍ ചെയ്താല്‍ കേസിന്റെ നൂലാമാലകളുടെ പരമ്പരതന്നെ ഉണ്ടാകുമെന്ന് ഭയപ്പെട്ട് ആത്മീയ നേതൃത്വം സമ്മേളനം തന്നെ വേണ്ടെന്നു വച്ച് ചിക്കാഗോയില്‍ മാത്രമായി ഫാമിലി കോണ്‍ഫറന്‍സ് നടത്താന്‍ തീരുമാനിച്ച് തടിതപ്പുകയായിരുന്നു.

രക്തക്കലര്‍പ്പിനെത്തുടര്‍ന്ന് സമുദായത്തില്‍ വിലക്കു കല്പിക്കപ്പെട്ടവരുടെ സംഘടനയായ കാന (ഗഅചഅ) യുടെ പിന്തുണയും അത്മായ നേതൃത്വത്തിനുണ്ടായിരുന്നു. കാനക്കാരെയും കെ.സി.സി.എന്‍.എയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിക്കണമെന്നാണ് സീറോ മലബാര്‍ സഭാ നേതൃത്വത്തിന്റെയും അവരുടെ ചുവടുപിടിച്ച് ക്‌നാനായ ആത്മീയ നേതൃത്വത്തിന്റെയും നിലപാട്. തങ്ങള്‍ക്ക് സ്വന്തമായി ഒരു രൂപതയും ഒരു മെത്രാനേയും വേണമെന്ന നിലപാട് നേടിയെടുക്കുന്നതില്‍ കെ.സി.സി.എന്‍.എയും സമുദായ നേതൃത്വവും നയപരമായി പരാജയപ്പെട്ടുവെന്നുവേണം വിലയിരുത്താന്‍. ഇക്കാര്യത്തില്‍ റോമില്‍ പിടിപാടുള്ള നയതന്ത്രബന്ധമുള്ള കര്‍ദ്ദിനാള്‍മാരെയോ, മെത്രാന്മാരെയോ, വൈദികരെയോ ഇടപെടുത്തി വളരെ തന്ത്രപരമായി നയതന്ത്രങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുപകരം സീറോമലബാര്‍ സഭയ്്‌ക്കെതിരേ വളരെ പ്രകോപനപരമായ തരത്തില്‍ പ്രസ്താവന യുദ്ധങ്ങള്‍ നടത്തി സമുദായാംഗങ്ങള്‍ സ്വയം കുഴിതോണ്ടുകയാണ് ചെയ്തുവരുന്നത്.

ഇവിടെ വാളെടുക്കുന്നവര്‍ എല്ലാം വെളിച്ചപ്പാട് എന്ന തരത്തില്‍ ഓരോരുത്തരും ഇ -മെയില്‍, സോഷ്യല്‍ മീഡിയ വഴി പ്രസ്താവനാ യുദ്ധങ്ങള്‍ നടത്തിവരികയാണ്. സീറോ മലബാര്‍ സഭയുടെ കീഴില്‍ (വിധേയപ്പെട്ട്) നിന്നുകൊണ്ടുതന്നെ സഭാ നേതൃത്വത്തെ അടച്ചാക്ഷേപിക്കുകയും സമുദായത്തിലെതന്നെ പിതാക്കന്മാരെയും വൈദികരെയും യാതൊരു ബഹുമാനവുമില്ലാതെ തരം താഴ്ന്ന വാക്കുകളുപയോഗിച്ച് ഭത്സിക്കുകയും ചെയ്യുന്ന സമുദായ ശ്രേഷ്ഠര്‍ അല്പം പ്രതിപക്ഷ ബഹുമാനം കാണിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്‌നം വളരെ നയപരമായി കൈകാര്യം ചെയ്യാമായിരുന്നു.

നിലവിലുള്ള നിയമപ്രകാരം ക്‌നാനായ സമുദായത്തിന് പുതുതായി ഒരു രൂപതയോ മെത്രാനെയോ ലഭിക്കുകയില്ലെന്ന് സമുദായത്തിലെ ഓരോ കൊച്ചുകുഞ്ഞിനുവരെ അറിയാം. തങ്ങളുടെ പൂര്‍വികര്‍ കാട്ടിയ ബുദ്ധിശൂന്യതയും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് സംഗതികള്‍ ഈ നിലയില്‍ എത്തിച്ചത്. ഈ സാഹചര്യത്തില്‍ ഏറെ ഡിപ്ലോമാറ്റിക് ആയി തന്ത്രങ്ങള്‍ മെനയുകയായിരുന്നു വേണ്ടിയിരുന്നത്. പകരം എല്ലാവരും അഭിപ്രായ സ്വാതന്ത്ര്യമെന്ന ഉമ്മാക്കി കയ്യിലെടുത്ത് പരസ്പരം ചെളിവാരിയെറിയല്‍ കലാപരിപാടി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്, മലര്‍ന്നു കിടന്നു തുപ്പുന്നതിന് തുല്യമാണെന്ന് വൈകിയെങ്കിലും സമുദായ നേതൃത്വം മനസിലാക്കേണ്ടതുണ്ട്. രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ജനബാഹുല്യംകൊണ്ട് ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന സമ്മേളനങ്ങള്‍ നടത്തി, കമ്മിറ്റികള്‍ രൂപീകരിച്ച് പബ്ലിസിറ്റി സൃഷ്ടിച്ചതല്ലാതെ ഇക്കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളില്‍ സമദുായത്തിനുവേണ്ടി എന്തു നേടി എന്ന് സംഘടനാ നേതൃത്വം ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ഇനിയും വൈകിയിട്ടില്ല, ശൈലി മാറ്റിയാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ.

1 COMMENT

  1. നല്ല ലേഖനം . ഇങ്ങനെയൊരു പുനർവിചിന്തനം ബന്ധപ്പെട്ടവർക്കു കൂടി തോന്നിയിരുന്നെങ്കിൽ എത്ര നന്നായേനേ ?

LEAVE A REPLY

Please enter your comment!
Please enter your name here