പാലൊളി മിന്നുമീ പൗർണമി രാവിലായ്
പലതിലായ് ചിന്തകൾ പരതി നിന്നീടവേ
പ്രാണന്റെ പിന്നിൽ തുടിക്കുന്നു ഓർമ്മകൾ
പഴകിടും തോറും എരിയുന്ന ചിന്തകൾ
ബാല്യകാലത്തിന്റെ സമരണകളിൽ മനം
ചുറ്റിത്തിരിഞ്ഞങ്ങു ചെന്നു നിൽക്കെ
കോരിച്ചൊരിയുന്ന മഴ പോലെ ഓർമ്മകൾ
എത്തുന്നു അന്തരാത്മാവിലേയ്ക്കായി
അച്ചന്റെ ചുമലേറി ആദ്യമായി
പള്ളിക്കൂടപ്പടി കയറി ചെന്നതും
അമ്മതൻ സ്നേഹത്തിൻ വാത്സല്യം എന്നും
പൊതിച്ചോറിലായ് എന്റെ കൂട്ടിന് വന്നതും
ഓണത്തിന്നുഞ്ഞാലിൽ ചില്ലാട്ടമാടാനായ്
കൂട്ടരോടൊത്തു മാത്സര്യം വെച്ചതും
അച്ചനും, അമ്മയ്ക്കുമൊപ്പമിരുന്നിട്ട്
തുമ്പപ്പൂ ചോറിന്റെ സദ്യ നുകർന്നതും
മയിൽപ്പീലി തുണ്ടൊന്നു മാനം കാട്ടാതെ
പുസ്തകത്താളിൽ ഒളിപ്പിച്ച ബാല്യവും
മഞ്ചാടിക്കുരുവിന്നായ് മഷിതണ്ടു വിറ്റതും
കബടിയും, പന്തേറും, കിളിത്തട്ടുമെല്ലാം
ക്രിക്കറ്റിനായ് വഴിമാറി നിന്നതും
തെല്ലൊരു നീറ്റലായ് ഇടനെഞ്ചിലെങ്ങോ
കൊത്തിവലീക്കുന്നു, ചോര കിനിയുന്നു

പോകുവാനിനിയും ദൂരമുണ്ടേറെ
വെട്ടിപ്പിടിക്കുവാൻ ഉയരങ്ങളും
എന്നല്ലീ ചൊല്ലുന്നു ഈ യുഗത്തിന്റെ
മാത്സര്യമേറുന്ന പുത്തൻ തലമുറ
തച്ചുടച്ചീടണം, വെട്ടിപ്പിടിക്കണം
ഭൂമി മാതാവിനെ വിറ്റു നാം തിന്നണം
കലിയടങ്ങീടാതെ മുഷ്ടി ചുരുട്ടി
ദൈവത്തിനെ നമ്മൾ വെല്ലുവിളിക്കണം

ആത്മീയ രക്ഷകർ ആത്മസംതൃപ്തിക്കായ്
ആത്മാവിനെ തന്നെ വിൽക്കുമീ നാട്ടിൽ
ആത്മശാന്തിക്കായ് എത്തുന്ന പെണ്ണിൽ
ആത്മ സംതൃപ്തി നേടുന്നു ആത്മീയൻ
കള്ളക്കടത്തിന്റെ ഗുഹകളായ് മാറുന്നു
ആതുരാലയങ്ങളും, ആത്മീയ ഇടങ്ങളും
ദൈവത്തെ വിറ്റു ജീവിക്കുന്നു ചിലർ
ദൈവങ്ങളായി വിലസുന്നു ചിലർ
നിയമപാലകർ ആയവർ തന്നെ
നിയമങ്ങളെല്ലാം വളച്ചൊടിച്ചീടുന്നു
നീതിദേവത തൻ കണ്ണുമൂടുന്നു
നിയമങ്ങൾ ഒക്കെയും കാറ്റിൽ പറത്തുന്നു

പുതിയൊരു ഭൂമി ഇനിയും ഉണ്ടായിടാം
പുത്തനാം ചിന്തകൾ ഇനിയും പിറന്നിടാം
ആശിക്കാം നല്ലൊരു നാളെയ്ക്കായ് ഇനി
നേർന്നിടാം നന്മകൾ നമ്മൾ പരസ്പരം
               
                          റോബിൻ കൈതപ്പറമ്പു്

LEAVE A REPLY

Please enter your comment!
Please enter your name here