ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിനെ നേരിടാന്‍ കോണ്‍ഗ്രസ്സിന്റെ നിലവിലെ സംഘടനാ സംവിധാനത്തിന് കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. എന്നാല്‍ സംഘടനാ സംവിധാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റേയോ അണ്ണാഡിഎംകെയുടേയോ അത്ര ശക്തമല്ല ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടുകള്‍ സമാഹാരിക്കാനുള്ള അതിശക്തമായ സംവിധാനമുണ്ട് ബി.ജെപിക്ക്. എന്നാല്‍ അത് പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുടേയോ സംവിധാനത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ പര്യാപ്തമല്ലെന്നും ചിദംബരം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വിജയം മോദി സര്‍ക്കാരിന്റെ നോട്ടുനിരോധന തീരുമാനത്തിനുള്ള അംഗീകാരമാണെന്ന വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. ഓരോ സംസ്ഥാനങ്ങളിലേയും സ്ഥിതിവിശേഷങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. അതേ അര്‍ഥത്തില്‍ പഞ്ചാബിലെ കോണ്‍ഗ്രസിന്റെ വിജയം നോട്ട് നിരോധനത്തിനെതിരാണെന്ന് പറയേണ്ടി വരുമല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ 29 തരത്തിലുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തണം. നമ്മുടെ രാജ്യത്തെ ജനാധിപത്യം ഇനിയും പക്വത പ്രാപിച്ചിട്ടില്ല. ഇക്കാര്യം താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ദളിതരും ന്യൂനപക്ഷങ്ങളും ജീവിക്കുന്നത് ഭയത്തോടെയാണെന്നും ചിദംബരം കൂട്ടിചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here