iran-boat-.jpg.image.784.410

കൊച്ചി∙ ആലപ്പുഴ തീരത്തുനിന്ന് പിടികൂടിയ ഇറാൻ ബോട്ടിൽ ഉണ്ടായിരുന്നത് രാജ്യാന്തര ലഹരികടത്തു സംഘമെന്ന് കണ്ടെത്തി. ബോട്ടിൽ നിന്ന് ലഭിച്ച സാറ്റലൈറ്റ് ഫോൺ ആണ് അന്വേഷണത്തിൽ നിർണായകമായത്. ഇറാനു പുറമെ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് ബോട്ടിലുണ്ടായിരുന്നവർ വിളിച്ചതിനുള്ള തെളിവ് ലഭിച്ചു.

കൊച്ചിക്കും വിഴിഞ്ഞത്തിനും മധ്യേ ആലപ്പുഴ കന്യാകുളങ്ങര ഭാഗത്തെ പുറംകടലിൽ വച്ചാണ് വിദേശ ബോട്ട് പിടിയിലായത്. ഭീകരവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിൽ കേസ് എൻഐഎയ്ക്ക് വിട്ടിരുന്നു. പിടിയിലായ ബോട്ടിൽ‌ ഏഴ് ഇറാൻകാരും പാക്ക് പ്രവശ്യയായ ബലൂചിസ്ഥാനിൽ താമസിക്കുന്ന അഞ്ചു പേരുമാണ് ഉണ്ടായിരുന്നത്. ഇവരുടെ പക്കൽ പാക്കിസ്ഥാൻ തിരിച്ചറിയിൽ കാർഡുകൾ കണ്ടെത്തിയിരുന്നു.

തീരദേശ സേന ബോട്ട് ആലപ്പുഴയിൽ പിടികൂടുമ്പോൾ അതിലുണ്ടായിരുന്ന എന്തോ ഭാരമുള്ള വസ്തു ഇവർ കടലിൽ കെട്ടിയിട്ടിരുന്നു. അതു മുറിച്ചുകളഞ്ഞിട്ടാണു ബോട്ട് തീരത്തേക്ക് അടുപ്പിച്ചതെന്നു തീരസേനയിലെ ഒരു ഉദ്യോഗസ്ഥൻ പൊലീസിനോടു പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ദുരൂഹത തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന ഉപഗ്രഹ ഫോൺ, ആന്റിന എന്നിവ കോടതി വഴി ഫൊറൻസിക് ലാബ് പരിശോധനയ്ക്ക് അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here