Rain umbrella.jpg.image.784.410

 

കൊച്ചി∙ മനസിലെ മഴകാഴ്ചകൾ വർണങ്ങളായി പെയ്തിറങ്ങിയപ്പോൾ നനയാത്ത കുടയിലും മഴയുടെ കുളിര്. സംസ്ഥാനത്തെ 40 വിദ്യാലയങ്ങളിൽ നിന്നും എത്തിയ 120 വിദ്യാർഥികളാണ് കൊച്ചിയിൽ കുടകളിൽ വർണവിസ്മയമൊരുക്കിയത്. ‘മൺസൂൺ ഓഫ് കേരള’ എന്നതായിരുന്നു ചിത്രരചനക്കുള്ള വിഷയം. ക്യാൻവാസാകട്ടെ വെളുത്തൊരു കുടയും.

ഇരുപത്തയ്യായിരവും പതിനയ്യായിരവും ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് സമ്മാനത്തുകയുള്ളതൊന്നും ഈ ചിത്രരചയിതാക്കൾക്ക് പ്രശ്നമായിരുന്നില്ല. മനസിൽ തോന്നിയരീതിയിലെല്ലാം അവർ ചിത്രങ്ങൾ വരച്ചു. അതിൽ മഴക്കാലതോണി മുതൽ മഴനനഞ്ഞ ഒച്ചുവരെ സ്ഥാനം പി‌ടിച്ചു. വാഴയിലക്കടിയിൽ നീങ്ങുന്ന മിഥുനങ്ങളും, മഴക്ക് താരാട്ടുപാടുന്ന തവളച്ചാരുമെല്ലാം കുടക്ക് മുകളിൽ ഫാബ്രിക് പെയിന്റിൽ തിളങ്ങിനിന്നു. രണ്ടായിരം രൂപ വീതം അഞ്ച് സമാശ്വാസ സമ്മാനങ്ങളും ജേതാക്കൾക്ക് ലഭിച്ചു.

ഏറ്റവും മികച്ച 15 കുടകൾ ലേലത്തിനുവച്ച് അതിൽ നിന്നും ലഭിക്കുന്ന തുക പാവപ്പെട്ടകുട്ടികളുടെ ചിത്രരചനാ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിന് ചിലവഴിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് മാത്രമാണ് മൽസരം ഒരുക്കിയിരുന്നത്. ആദ്യമായി നടത്തിയ ഈ പരീക്ഷണം തുടർന്നുള്ള വർഷങ്ങളിലും തുടരാനാണ് തീരുമാനം.

എക്സിക്യൂട്ടീവ് ഇവന്റ്സ് ആയിരുന്നു കൊച്ചി ലെമെറിഡിയൻ ഹോട്ടലിൽ ‘ഫൺബ്രെല്ല’ എന്നപേരിൽ നടന്ന ഈ മൽസരത്തിന്റെ മുഖ്യസംഘാടകർ.

LEAVE A REPLY

Please enter your comment!
Please enter your name here