വൈദ്യം

+++++++++++++++

“അപ്പാ…. “, ആൽബിൻ ഞെട്ടിയുണർന്നു.” എന്താ മോനേ…”, ബബിത മകനെചേർത്തുപിടിച്ചു.

മുറിയിലെ അരണ്ടവെളിച്ചത്തിൽ അവളുടെതേങ്ങൽ പതിഞ്ഞ ശബ്ദത്തിൽ കേൾക്കാമായിരുന്നു.പുറത്തെ വാകമരത്തിൽ നിന്നും വേഴാമ്പലിന്റെ കരച്ചിലുംഅതോടൊപ്പം നേർത്തില്ലാതായി..
************************************
“എന്താണ് സുനീഷ് ആലോചിക്കുന്നത്? കണ്ണൂർ ആയുർവേദ കോളേജിന്റെ ഉദ്യാനത്തിൽ അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് അവൾ ചോദിച്ചു. പടിഞ്ഞാറ് സൂര്യൻ അസ്തമിച്ചു തുടങ്ങിയിരുന്നു.. ആകാശത്ത് ചുവപ്പും നീലയും മഞ്ഞയുമെല്ലാം കലർന്ന വർണ്ണരാജികൾ…. അസ്തമയ സൂര്യന്റെ വർണ്ണരാജികൾ അവരുടെ മുഖത്തേക്ക് പതിച്ചു.യുവമിഥുനങ്ങളുടെ പ്രണയത്തിന് സാക്ഷിയായി ഞാനുണ്ടെന്നു പറയുന്നതുപോലെ തോന്നി.

“നിന്റെകണ്ണുകൾക്ക് നല്ല തിളക്കമുണ്ട് സുനീഷ്,ആ കണ്ണുകൾ എനിക്ക് തരുമോ……”, മുല്ലമൊട്ടു പോലുള്ള പല്ലുകൾ കാട്ടിയവൾ ചിരിച്ചു.

അന്നക്കുട്ടിയുടെയും തോമസിന്റെയും ഏകമകനാണ് സുനീഷ്. മൂവാറ്റുപുഴയിലെ വൈദ്യരാണ് തോമസ്.തോമസവൈദൃരെന്നു പറഞ്ഞാൽ നാട്ടുകാരുടെ പ്രിയങ്കരനാണ്. നാൽപ്പതാം വയസ്സിലായിരുന്നു തോമസ് ഇരുപത്തിയാറുകാരിയായ അന്നക്കുട്ടിയെ’ കെട്ടിയത്’.

പനി പിടിച്ച്അപ്പനോടൊപ്പം തോമസ് വൈദ്യരുടെ അപ്പൻ തൊമ്മിക്കുഞ്ഞ് വൈദ്യരെകാണിക്കാൻ ആശാൻ കവലചികിത്സാലയത്തിൽ വന്നതായിരുന്നുഅന്നക്കുട്ടി. തൊമ്മിക്കുഞ്ഞ് വൈദ്യർ മകൻ തോമസിനെയായിരുന്നു അന്നക്കുട്ടിയെ ചികിത്സിക്കാൻ ഏൽപ്പിച്ചിരുന്നത്. ചികിത്സിച്ചു ചികിത്സിച്ചു ചികിത്സിച്ച് തോമസ് വൈദ്യർ അന്നക്കുട്ടിയെ ജീവിത സഖിയാക്കി.

കുഞ്ഞുങ്ങൾമുതൽ വൃദ്ധൻമാർ വരെയുള്ള സകലരുടെയും ജലദോഷം, പനി, കാലുളുക്കൽ, നടുവേദന തുടങ്ങി സകലദോഷങ്ങൾക്കും വൈദ്യരുടെ മരുന്നാണ് പ്രതിവിധി.എന്നാൽ ചില ദോഷൈകദൃക്കുകൾ വൈദ്യർ അലോപ്പതിഗുളിക പൊടിച്ചാണ് നൽകുന്നതെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഡോ. സോമശേഖരൻBAMS ആണ് ഈ പ്രചാരരണത്തിന് പിന്നിൽ.

“കരളിന്റെ സ്ഥാനമെവിടെയാണെന്നു ചോദിച്ചാലറിയാത്തവനാ… എന്നെ വൈദ്യം പഠിപ്പിക്കാൻ വന്നിരിക്കുന്നത്,ഈ തോമസ് വൈദ്യന്റെയടുത്ത് അവന്റെ കളി നടക്കുകേല…..എന്റെ അപ്പനപ്പൂപ്പന്റെ കാലത്ത് തുടങ്ങിയ ചികിത്സാലയമാണിത്”.

“അതിന് സോമശേഖരൻ ‘ഡോക്കിട്ടറ്’ വലിയപഠിപ്പ് കഴിഞ്ഞതാണെന്നല്ലേ പറേണത് വൈദ്യരേ..”, കുഞ്ഞൻ മുറുക്കി ചുവന്ന മോണകാട്ടിക്കൊണ്ട് പറഞ്ഞു.

” പൊക്കോണം നീ … ഞാനീ ചൂടു കഷായം നിന്റെ മേത്തോട്ട് ഒഴിക്കും… മനസ്സറിഞ്ഞ് ചികിത്സിക്കണം.അതിനു നിന്റെ ഡോക്കിട്ടറിന് ആകുമോ കുഞ്ഞാ…”,തോമസ് വൈദ്യരു വയറിൽ തടവിക്കൊണ്ട് ചോദിച്ചു.

അജാനബാഹുവാണ് തോമസ് വൈദ്യര്. വലിയകൊന്ത കഴുത്തിൽ കിടപ്പുണ്ട്. കഷണ്ടിതല…. തോളത്ത് ഒരുവെള്ളതോർത്ത് രണ്ടാംമുണ്ടായി എപ്പോഴുംഉണ്ട്.തൂവെള്ളമുണ്ട് കഞ്ഞിപശ മുക്കിതേച്ചതാണ് എപ്പോഴും ഉടുക്കാറ്.

“നിങ്ങളെന്തിനാ .. രാവിലെ തന്നെ ചൂടാകുന്നത് മനുഷ്യാ… “,അന്നക്കുട്ടി ചോദിച്ചു.

“നീ പൊക്കോണം, എന്റെ വൈദൃത്തെ തൊട്ടാലൊരുത്തനേം ഞാൻ വിടുകേല.. ങ്ങ്ഹാ…”.

തോമസ് വൈദ്യർ കിഴക്ക് പടിഞ്ഞാറായി നടന്നു. ദേഷ്യം വരുമ്പോൾ സ്ഥിരമായിട്ടുള്ളതാണീ നടത്തം. വൈദ്യരാണെങ്കിലും എല്ലാ ഞായറാഴ്ചയും പോത്തിറച്ചി അങ്ങേർക്കുനിർബന്ധമാണ്. അഞ്ചു കിലോ പോത്തിറച്ചി.പൗലോയുടെ മൂവാറ്റുപുഴ ബീഫ്സ്റ്റാളിൽ നിന്നും കൃത്യമായിഎത്തിക്കാറുണ്ട്.

“ഇതിയാന്റെ ഇറച്ചി പ്രാന്ത് എപ്പഴാ മാറുക കർത്താവേ… ഞാനിത് ഉണക്കീം കറി വെച്ചും മടുത്തു…”.

“സുനിയില്ലേടീ..”.
” അവൻ കവലേലെങ്ങാണ്ട് പോയതാ മനുഷ്യാ..”.

“നീ അവനു കരളുവറുത്തു കൊടുക്കാൻമറക്കല്ലേ.. “.

മകൻ സുനീഷ് ,വൈദ്യരെ സംബന്ധിച്ച് എല്ലാമാണ്.

“അപ്പാ… അപ്പന്റെ കടേല് വൈകുന്നേരം ചൂടാരിഷ്ടം കൊടുക്കുന്നുണ്ടെന്ന് കേട്ടല്ലോ”.

“നീ പൊക്കോണം … “.
വൈദ്യർ ചൂരലെടുത്തു വീശിക്കൊണ്ട് പറഞ്ഞു.

ചൂടാരിഷ്ടം ഉണ്ടെന്നത് നാട്ടിൽ എല്ലാവർക്കുമറിയാം. പക്ഷേ അതു വൈദ്യർക്കു വേണ്ടപ്പെട്ടവർക്കു മാത്രമേ നൽകുകയുള്ളൂ. വറീത്, കൃഷ്ണൻ, കുഞ്ഞേപ്പ് തുടങ്ങിയവർക്കേ ചൂടാരിഷ്ടം കിട്ടുകയുള്ളൂ. നെല്ലും നെല്ലിക്കയുമൊക്കെയിട്ട് പ്രത്യേകരീതിയിൽ വാറ്റിയെടുക്കുന്നതാണ് ചൂടാരിഷ്ടം. അതിന്റെ’ മാനുഫാക്റ്ററിങ്ങ് സീക്രട്ട്’ വൈദ്യർ ആർക്കും പറഞ്ഞു കൊടുത്തിട്ടില്ല. പലരും ഒരുപാട് ശ്രമിച്ചിട്ടുംനടക്കാത്തകാര്യമാണത്.

“എന്റപ്പൻതൊമ്മിക്കുഞ്ഞ് പറഞ്ഞു തന്നതാ.. അതെന്നോടുകൂടി മണ്ണടിയട്ടെ”.

സുനീഷിന്റെ ക്ളാസുകഴിഞ്ഞു വന്നാൽ വൈദ്യശാലയിൽ സഹായിക്കാൻ നിൽക്കണം. ഇല്ലെങ്കിൽ വൈദ്യർ നല്ലപുളിച്ച തെറി വിളിക്കും. ഇതൊക്കെയാണെങ്കിലും അവന് അപ്പനെന്നുപറഞ്ഞാൽ ജീവനനാണ്.

സോമശേഖരൻഡോക്ടർ കോയമ്പത്തൂര് ആയുർവേദ കോളേജിൽ നിന്നും ബിരുദമൊക്കെ കഴിഞ്ഞ് ധന്വന്തരി ചികിത്സാലയം തുടങ്ങിയെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ല. അതു കൊണ്ടാണ് ഇടയ്ക്കിടയ്ക്ക് വൈദ്യർക്ക് പാരവയ്ക്കുന്നത്.

ചൂടാരിഷ്ടംകൊടുക്കുന്നത് എക്സെസ്സിന് വിവരം നൽകിയത് ഡോക്ടറാണ്. നല്ല കൈമടക്കു കൊടുത്തിട്ടാണ് വൈദ്യർ കേസിൽ നിന്ന് രക്ഷപ്പെട്ടത്.

“വൈദ്യരെ.. മകനെ വൈദ്യ ബിരുദത്തിനു വിടണം.. അവൻ നന്നായി പഠിക്കുന്നുണ്ടല്ലോ”,

“സർക്കാരും പുതിയനിയമമൊക്കെ കൊണ്ടുവരുന്നുണ്ട്”.

“എടീ അന്നക്കുട്ടീ…. അച്ചൻ പറയുവാ മോനേ… വൈദ്യം പഠിപ്പിക്കാൻ വിടണമെന്ന്…. അങ്ങുദൂരെയൊക്കെ പോകേണ്ടിവരുമെടീ
എന്നാലും വിട്ടേക്കാം..”

“സോമശേഖരന്റെ പാര നമ്മുടെ മോനുണ്ടാകില്ലല്ലോ.”

അങ്ങിനെയാണ് പ്രീഡിഗ്രിപഠനത്തിന് ശേഷം എൻട്രൻസെഴുതി സുനീഷിന്
ബിഎഎംഎസ് ന് അഡ്മിഷൻകിട്ടിയത്.

“അങ്ങ് വടക്കാണല്ലോടീ അന്നക്കുട്ടീ പോകേണ്ടത്… അവിടെ എപ്പഴും വെട്ടുംകുത്തുമാന്നാ പറയുന്നത്…”.
    ********************************””

“ഇവിടെയൊക്കെ എന്നാതിരുമ്മലാ… മനസ്സറിഞ്ഞ് ചികിത്സചെയ്യണം”. വൈദ്യർ ആയുർവേദകോളേജ് ആശുപത്രിവാർഡിൽനിന്നും പിറുപിറുത്തു.

“അപ്പനിങ്ങു വന്നേ…. എന്നാടാ… ഞാൻ കൂടെവന്നതിൽ നിനക്കു കുറച്ചിലു തോന്നുന്നുണ്ടോ…”.

“ഇത് അന്യനാടല്ലേ അപ്പാ.. അതുകൊണ്ടാ….”.

ആയുർവേദകോളേജ് ഹോസ്റ്റലിൽ നിന്നുംപടിയിറങ്ങുമ്പോൾ തോമസ് വൈദ്യരുടെ കണ്ണുനിറഞ്ഞിരുന്നു.

“മോനേ സൂക്ഷിക്കണം.. കൂട്ടുകെട്ടിൽപ്പെട്ട് ഉഴപ്പരുത്…”.

“അന്നക്കുട്ടി തന്നുവിട്ട അവലോസുണ്ട കഴിച്ചോണം കളഞ്ഞേക്കരുത്”.

അപ്പൻ നടന്നു നീങ്ങുന്നത് നിറകണ്ണുകളോടെ സുനീഷ് നോക്കി നിന്നു.

വെളുത്തുമെലിഞ്ഞുകൊലുന്ന നെയുള്ള ബബിതയും സുനീഷിന്റെ ക്ളാസിലായിരുന്നു. വളരെ പെട്ടെന്നാണ് അവർ തമ്മിൽ അടുത്തത്…. അരിഷ്ടത്തിന്റെയും തൈലത്തിന്റെയും ഗന്ധം നിറഞ്ഞു നിൽക്കുന്ന കോളേജിൽ അവരുടെ പ്രണയഗന്ധം നിറയുകയായിരുന്നു.

“ഈ നസ്രാണിയെകെട്ടാൻ അച്ഛൻ സമ്മതിക്കോന്നാർക്കറിയാം…”.
അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഉം….
അച്ഛന്റെ അനുവാദം നോക്കിയിരിക്കുകയല്ലേ…. “.അവൻ അവളുടെ ചെവിക്കുപിടിച്ചുകൊണ്ട് പറഞ്ഞു.
അക്കേഷ്യ മരങ്ങളുടെ ഇളംകാറ്റ് അവരെ തഴുകിതലോടി.

ബബിതയുമായുള്ളഇഷ്ടം വൈദ്യരെ അറിയിച്ചുവെങ്കിലും വൈദ്യർ ആദ്യം അംഗീകരിക്കുവാൻ തയ്യാറായിരുന്നില്ല.

“മോനേ… അന്യജാതീപെട്ട പെണ്ണാണെന്ന് ഞാനെങ്ങനാ പള്ളീലച്ചനോടു പറയുക
എന്തായാലും ഞാനൊന്നു കൊച്ചിനെയൊന്നു കാണട്ടെ”.

“നിനക്കിവന്റെ കൂടെ ജീവിക്കാനിഷ്ടമാണോ കൊച്ചേ..”,

“എന്റെ ആശാൻകവല ചികിത്സാലയം രണ്ട് പേരുംകൂടെ നടത്തണം”.

“നല്ലഐശ്വര്യമുളള കൊച്ചാടീ ജാതീം മതവും ഒന്നുംനോക്കേണ്ട…”. അന്നു രാത്രി വൈദ്യര് അന്നക്കുട്ടിയോട് പറഞ്ഞു.

വളരെ ലളിതമായിട്ടായിരുന്നു വിവാഹം. എതിർപ്പുണ്ടായിരുന്നെങ്കിലും ബബിതയുടെഅച്ഛൻ ബാലകൃഷ്ണനും ഒടുവിൽസമ്മതിച്ചു. നിറകണ്ണുകളോടെഅമ്മ ഭാനുമതിയും മകളെ കണ്ണൂരിൽ നിന്നും അനുഗ്രഹിച്ചുയാത്രയാക്കി.
    **************************

“മോളേ…. “.വൈദ്യരു ബബിതയെ വിളിച്ചു.

“നീകരയരുത് അവൻ എഴുന്നേൽക്കും എന്റെ വൈദ്യം സത്യമുള്ളതാ.. “

പത്താം വിവാഹ വാർഷികത്തിന്റെയന്നാണ് അവരുടെ സന്തോഷത്തിന്റെ മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ആ അത്യാഹിതം സംഭവിച്ചത്.സുനീഷുംബബിതയും ഒമ്പതു വയസ്സുകാരൻ ആൽബിനും നാലുവയസ്സുകാരൻ അമലും ഒരുമിച്ച് പുതിയ ഡ്രസ്സുകളും വാങ്ങി വരുമ്പോൾ അതിവേഗത്തിൽ വന്ന സ്കോർപ്പിയോ അവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ബബിതയ്ക്കും മക്കൾക്കും നിസാര പരുക്കുകളേ ഉണ്ടായിരുന്നുള്ളൂ….
എറണാകുളം അമൃത ആശുപത്രിയിൽ മൂന്നുമാസത്തിലധികമായ ചികിത്സ….. ഒന്നും ഉരിയാടാതെ… തിരിച്ചറിയാനാവാതെ ജീവച്ഛവമായി സുനീഷ്.

“ഇനിയൊന്നും ചെയ്യാനില്ല വൈദ്യരെ വീട്ടിലേക്ക് കൊണ്ടു പോയ്ക്കോളൂ….”.

ഡോ :മോഹനവർമ്മയുടെ വാക്കുകൾ തോമസ് വൈദ്യരെ തളർത്തി.

“മോനേ….. “.ഹൃദയംപൊട്ടുന്ന വേദനയിൽ വൈദ്യർനിലവിളിച്ചു.

അപ്പനോടൊപ്പമുള്ളകളിചിരികൾ…. കള്ളനും പോലീസും കളി… ഇവയൊക്കെ നഷ്ടപെട്ടത് ആൽബിന്റെയുംഅമലിന്റെയും കുഞ്ഞുമനസ്സുകളെവല്ലാതെ വേദനിപ്പിച്ചിരുന്നു. ഉറക്കത്തിൽ അപ്പാ….. എന്നുള്ള വിളി അതു കൊണ്ടാണ്.

വൈദ്യർആശാൻകവല ചികിത്സാലയത്തിൽ പോകാതായിട്ട് മാസങ്ങളായി.

സോമശേഖരന്റെകാരുണ്യ ചികിത്സാലയം പുതിയ ബിൽഡിങ് ഒക്കെ പണിത്കൂടുതൽ പുരോഗതിയായി.

ഉദ്ഘാടനചടങ്ങിന് വൈദ്യരെ സോമശേഖരൻ ക്ഷണിച്ചു.

“കരുണയില്ലാത്തവർക്ക് ദൈവത്തിന്റെ കാരുണ്യ ചികിത്സാലയം…. മനസ്സറിഞ്ഞു ചികിത്സിച്ച എനിക്കോ……. ദൈവത്തിന്റെ കരുണയില്ലായ്മ”.

വൈദ്യർ സുനീഷിന് ചികിത്സ തുടങ്ങിയിട്ട് ഇന്നേക്ക് 40 ദിവസമാകുന്നു. മകന്റെ വിളിക്കു കാതോർത്ത് അയാൾ ചാരുകസേരയിൽചാഞ്ഞിരുന്നു.

“ഇച്ചായാ…… ഒന്നിങ്ങു വന്നേ..”.

അന്നക്കുട്ടിയുടെവിളികേട്ട് വൈദ്യർ സുനീഷിന്റെ മുറിയിലേക്ക് വേഗത്തിൽ നടന്നു.ബബിതയും ആൽബിനും അമലും ഓടിയെത്തി…

“ഇച്ചായാ..
ഇതു നോക്ക്”.

സുനീഷിന്റെ കൈകൾ മെല്ലെ ചലിക്കുന്നു. വൈദ്യർ ആകൈ വിരലുകളിൽ തലോടി.ആ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു.

“മനസ്സറിഞ്ഞചികിത്സയാ.. എന്റേത്.എന്റെ വൈദ്യം ചതിക്കില്ല മക്കളേ”.

അപ്പാ… ആൽബിനും അമലും അപ്പന്റെ കൈകൾ കൂട്ടിപ്പിടിച്ചു.
ബബിത സുനീഷിന്റെ മുടിയിഷകളിൽ തലോടി .

ജീവിതം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ ആകണ്ണുകളിൽകാണാമായിരുന്നു.
       ************************
കണ്ണൂർ ആയുർവ്വേദ കോളേജിലെ സുനീഷിന്റെയുംബബിതയുടെയും ബാച്ചിലെപൂർവ്വവിദ്യാർത്ഥികളെല്ലാം മൂവാറ്റുപുഴയിൽ എത്തിച്ചേർന്നിട്ടുണ്ട്.

തോമസ് വൈദ്യരുടെ എഴുപത്തിയഞ്ചാം പിറന്നാളാണിന്ന്.

ആൽബിനും അമലും അപ്പന്റെയുംഅമ്മയുടെയും ഫ്രണ്ട്സിനെ കിട്ടിയതിന്റെ സന്തോഷത്തിലാണ്.

തോമസ് വൈദ്യരുംഅന്നക്കുട്ടിയും സന്തോഷത്തോടെ കൊച്ചുമക്കളുടെ കുസൃതികൾ നോക്കിയിരിക്കുകയാണ്.

സുനീഷും ബബിതയുംകൂട്ടുകാരെ സ്വീകരിക്കേണ്ടതിരക്കിലാണ്.

ആശാൻകവലചികിത്സാലയം കൂടുതൽമികവോടെ മസ്സറിഞ്ഞവൈദ്യംനൽകാൻ കാത്തിരിക്കുന്നു.

ഞാനുംയാത്രയിലാണ് കണ്ണൂരിൽ നിന്നുംജനശതാബ്ദിഎക്സ്പ്രസ്സ് തൃശ്ശൂർസ്റ്റേഷൻവിട്ടു കഴിഞ്ഞിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here