ചിലിയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇന്ത്യന്‍ വനിതാ ഹോക്കി ടീം വനിതാ ഹോക്കി വേള്‍ഡ് ലീഗ് റൗണ്ട് ടു കിരീടം സ്വന്തമാക്കി. വേള്‍ഡ് ലീഗ് സെമി ഫൈനല്‍ യോഗ്യത നേടാനും ഇന്ത്യന്‍ ടീമിനു സാധിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ചിലിയെ തകര്‍ത്താണു ഇന്ത്യന്‍ വനിതകളുടെ കിരീട നേട്ടം.
ഫൈനലിലടക്കം ചാംപ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിത ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. കലാശപ്പോരാട്ടത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1നു സമനില പാലിച്ചതോടെയാണു മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പര്‍ സവിതയുടെ മിന്നും സേവുകള്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കി.
കളിയുടെ തുടക്കത്തില്‍ ഗോള്‍ നേടി ചിലി ഇന്ത്യയെ ഞെട്ടിച്ചെങ്കിലും പിന്നീടു മത്സരത്തിലേക്കു തിരിച്ചെത്തിയ ഇന്ത്യ സമനില പിടിച്ചു പോരാട്ടം ഷൂട്ടൗട്ടിലേക്കു നീട്ടുകയായിരുന്നു. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ മരിയ മല്‍ഡൊനാഡോ ചിലിയെ മുന്നില്‍ കടത്തി. പിന്നീടു കടുത്ത പ്രതിരോധം തീര്‍ത്ത ഇന്ത്യ ചിലിയുടെ മുന്നേറ്റത്തിന്റെ മുനയൊടിച്ചു. 22ാം മിനുട്ടില്‍ ഇന്ത്യക്കനുകൂലമായി ലഭിച്ച പെനാല്‍റ്റി ചിലിയന്‍ ഗോളി നിഷ്പ്രഭമാക്കി. ഒടുവില്‍ മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷത്തില്‍ ഇന്ത്യ ഗോള്‍ മടക്കി. 41ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ വലയിലെത്തിച്ചു അനുപമ ബര്‍ലയാണു ഇന്ത്യക്കു നിര്‍ണായക സമനില സമ്മാനിച്ചത്. അവസാന നിമിഷത്തില്‍ റാണിക്കു ലഭിച്ച അവസരം ചിലിയന്‍ ഗോളി തടുത്തതോടെ മത്സരം പെനാല്‍റ്റിയിലേക്കു നീണ്ടു.
ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി ആദ്യ രണ്ടു കിക്കെടുത്ത ക്യാപ്റ്റന്‍ റാണി രാംപാലും മോണിക്കയും ലക്ഷ്യം കണ്ടു. എന്നാല്‍ ചിലിയന്‍ താരങ്ങളായ കിം ജേക്കബ്, ജോസെഫ വില്ലല്‍ബെയ്റ്റിയ എന്നിവരുടെ ഷോട്ടുകള്‍ തടുത്തിട്ടു ഗോള്‍ കീപ്പര്‍ സവിത ഇന്ത്യയുടെ ലീഡ് നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ ചിലിയുടെ കരോലിന ഗാര്‍ഷ്യ ലക്ഷ്യം കണ്ടെങ്കിലും ഇന്ത്യയുടെ ദീപിക തന്റെ ഷോട്ട് സുരക്ഷിത ഗോളാക്കി മാറ്റി ഇന്ത്യന്‍ വിജയം 3-1നു ഉറപ്പാക്കിയതോടെ ചിലിയന്‍ ടീം തല കുനിച്ചു.
കിരീട നേട്ടത്തില്‍ സന്തോഷമുണ്ടെന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍ പ്രതികരിച്ചു. ചിലി വളരെ കടുപ്പമേറിയ എതിരാളികളാണ്. അവര്‍ക്കെതിരേ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ തിരിച്ചടിക്കാന്‍ സാധിച്ചു. വ്യത്യസ്തമായ കാലാവസ്ഥയടക്കം വളരെയധികം വെല്ലുവിളികള്‍ നരിട്ട ടൂര്‍ണമെന്റായിരുന്നു ഇത്. കിരീട നേട്ടത്തോടെ ലോക പോരാട്ടത്തിന്റെ സെമി ബര്‍ത്ത് ഉറപ്പിക്കാന്‍ സാധിച്ചതു അങ്ങേയറ്റത്തെ ആവേശമാണു നല്‍കുന്നതെന്നും റാണി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here